SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.26 AM IST

ശതകാഭിഷേകം

ipl

ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

അപരാജിത സെഞ്ച്വറി നേടി അഭിഷേക് ശർമ്മ (135 നോട്ടൗട്ട്)

68 പന്തുകളിൽ അഭിഷേക് പറത്തിയത് 10 വീതം ഫോറും സിക്സും

സൺറൈസേഴ്സ് ഹൈദരാബാദ് 242/2, ഡൽഹി ക്യാപ്പിറ്റൽസ് 195/9

ഹൈദരാബാദ് : ഐ.പി.എല്ലിൽ ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് വർമ്മയുടെ സെഞ്ച്വറി അഭിഷേകത്തിൽ തകർന്നുവീണ് ഡൽഹി ക്യാപ്പിറ്റൽസ്. 68 പന്തുകളിൽ 10 വീതം ഫോറും സിക്സുമടക്കം 135 റൺസ് നേടി പുറത്താകാതെ നിന്ന അഭിഷേകിന്റെ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദ് 242/2 എന്ന സ്കോർ ഉയർത്തി. ട്രാവിസ് ഹെഡ് (37), ഇഷാൻ കിഷൻ (25), ഹെൻറിച്ച് ക്ളാസൻ (37) എന്നിവരുടെ പിന്തുണയോടെയായിരുന്നു അഭിഷേകിന്റെ ശതകാഭിഷേകം. മറുപടിക്കിറങ്ങിയ ഡൽഹിക്ക് 195/9 എന്ന സ്കോറിലേ എത്താനായുള്ളൂ.

ഇന്നലെ ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്ടൻ അക്ഷർ പട്ടേൽ ആതിഥേയരെ ബാറ്റിംഗിനിറക്കുകയായിരുന്നു. അഭിഷേകും ട്രാവിസ് ഹെഡും ചേർന്ന് ഹൈദരാബാദി ബൗളർമാരെ തുടക്കം മുതൽ തച്ചുതകർത്തു. അഞ്ചാം ഓവറിൽ ടീം 50 കടന്നു. നേരിട്ട 25-ാമത്തെ പന്തിൽ അർദ്ധസെഞ്ച്വറികടന്ന അഭിഷേകിനൊപ്പം ഹെഡും കസറി. എന്നാൽ ഒൻപതാം ഓവറിൽ ടീം സ്കോർ 97ൽ നിൽക്കേ ഹെഡിനെ സമീർ റിസ്‌വിയുടെ കയ്യിലെത്തിച്ച് അക്ഷർ പട്ടേൽ സഖ്യം പൊളിച്ചു. എന്നാൽ അതൊന്നും അഭിഷേകിനെ തളർത്തിയില്ല. അടുത്ത ഓവറിൽ ടീം 100 കടന്നു.13 ഓവർ പിന്നിടുമ്പോൾ 150ലുമെത്തി. നേരിട്ട 47-ാമത്തെ പന്തിലാണ് അഭിഷേക് ഈ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി കുറിച്ചത്.

15-ാം ഓവറിൽ ടീംസ്കോർ 176ൽ നിൽക്കുമ്പോഴാണ് ഇഷാൻ റൺഔട്ടായി മടങ്ങിയത്. 13 പന്തുകൾ നേരിട്ട ഇഷാൻ രണ്ട് ഫോറും ഒരു സിക്സും പറത്തിയിരുന്നു. 15 ഓവറുകൾ പിന്നിടുമ്പോൾ ടീം 183/2 എന്ന നിലയിലായിരുന്നു. 17 ഓവറുകൾ പൂർത്തിയായപ്പോൾ 200ലുമെത്തി. 13 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സും പറത്തിയ ക്ളാസൻ അവസാന ഓവറുകൾ ആഘോഷമാക്കാൻ അഭിഷേിനൊപ്പം ചേർന്നു.

ചേസിംഗിനിറങ്ങിയ ഡൽഹിക്കുവേണ്ടി നിതീഷ് റാണ (57), കെ.എൽ രാഹുൽ (37), സമീർ റിസ്‌വി (41),ട്രി​സ്റ്റൺ​ സ്റ്റബ്സ് (27) എന്നിവർ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.

9

ട്വന്റി-20 ഫോർമാറ്റിൽ അഭിഷേകിന്റെ ഒൻപതാം സെഞ്ച്വറി. ഇതോടെ ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന വിരാട് കൊഹ്‌ലിയുടെ റെക്കാഡിനൊപ്പം അഭിഷേകും എത്തി. 403 ഇന്നിംഗ്സുകളിൽ നിന്നാണ് വിരാടിന്റെ 9 സെഞ്ച്വറികളെങ്കിൽ അഭിഷേകിന് 184 ഇന്നിംഗ്സുകളേ വേണ്ടിവന്നുള്ളൂ.

323

റൺസുമായി അഭിഷേക് ശർമ്മ സീസണിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പിന് ഉടമയായി. ഏഴ് മത്സരങ്ങളിൽ അഭിഷേക് ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറികളും പായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360