SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

അത്‌ലറ്റിക്കോയോ ആഴ്സനലോ? ഫൈനലിലേക്കാരെന്ന് ഇന്നറിയാം

ucl

യുവേഫ രണ്ടാം പാദ സെമിയിൽ ഇന്ന് ആഴ്സനൽ Vs അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം

ആദ്യ പാദത്തിൽ ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു

രാത്രി 12.30 മുതൽ സോണി ടെൻ സ്പോർട്സ് ചാനലിൽ

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ഫൈനൽ ബർത്ത് ലക്ഷ്യമിട്ട് ഇംഗ്ളീഷ് ക്ളബ് ആഴ്സനലും സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡും ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. കഴിഞ്ഞവാരം അത്‌ലറ്റിക്കോയുടെ തട്ടകമായ മാഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ സെമിയിൽ 1-1ന് സമനിലയിൽ പിരിഞ്ഞതിനാൽ തുല്യ ശക്തികളായാണ് രണ്ട് ടീമുകളും രണ്ടാം പാദത്തിനിറങ്ങുന്നത്. ആഴ്സനലിന്റെ കളിമുറ്റമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം.

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആഴ്സനൽ പ്രാഥമിക റൗണ്ടുമുതൽ മികച്ച പ്രകടനമാണ് ചാമ്പ്യൻസ് ലീഗിലും കാഴ്ചവയ്ക്കുന്നത്. ഗ്രൂപ്പ് റൗണ്ടിലെ എട്ട് മത്സരങ്ങളിൽ എട്ടും ജയിച്ച് 24 പോയിന്റുമായി ഒന്നാമതെത്തിയ ആഴ്സനൽ പ്രീ ക്വാർട്ടറിൽ ബയേർ ലെവർകൂസനെയും ക്വാർട്ടറിൽ സ്പോർടിംഗ് ലിസ്ബണിനെയുമാണ് മറികടന്നത്. ഡെക്ളാൻ റൈസ്, ഗബ്രിയേൽ മാർട്ടിനെസ്, ഗബ്രിയേൽ ജീസസ്, വിക്ടർ ഗ്യോക്കേഴ്സ്,വില്യം സാലിബ,കായ് ഹാവെർട്സ്, എബരേച്ചി എസെ, ഗോളി ഡേവിഡ് റായ തുടങ്ങിയവരാണ് ആഴ്സനലിന്റെ ശക്തിദുർഗങ്ങൾ. കഴിഞ്ഞ ദിവസം ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഫുൾഹാമിനെ 3-0ത്തിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആഴ്സനൽ കോച്ച് മൈക്കേൽ ആർട്ടേറ്റയും സംഘവും അത്‌ലറ്റിക്കോയെ നേരിടാനിറങ്ങുന്നത്.

സ്പാനിഷ് ലാ ലിഗയിൽ നാലാമതുള്ള അത്‌ലറ്റിക്കോ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ടിൽ നാലുജയം മാത്രം നേടി 14-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്ളേ ഓഫിൽ ക്ളബ് ബ്രൂഗെയെ മറികടന്നാണ് പ്രീ ക്വാർട്ടറിലെത്തിയത്. പ്രീ ക്വാർട്ടറിൽ ടോട്ടൻഹാമിനെ ഗോൾ മാർജിനിൽ മറികടന്നു. ക്വാർട്ടറിൽ ബാഴ്സലോണയ്ക്ക് മടക്കടിക്കറ്റ് നൽകി. അന്റോയ്ൻ ഗ്രീസ്മാൻ,അലക്സാണ്ടർ സൊലോത്ത്,ജൂലിയൻ അൽവാരേസ്, അഡിമൂല ലുക്മാൻ,ഗ്വിലിയാനോ സിമയോണി, കോകെ,ലോറന്റേ തുടങ്ങിയവ മികച്ച താരനിരയാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി അണിനിരക്കുന്നത്. അർജന്റീനക്കാരൻ യുവാൻ മുസോയാണ് ഗോളി. ഡീഗോ സിമയോണിയാണ് പരിശീലകൻ.

അത്‌ലറ്റിക്കോയ്ക്ക് എതിരെ ആഴ്നലിന് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. 2017/18 സീസണിലെ സെമിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആദ്യ പാദത്തിൽ അത്‌ലറ്റിക്കോ 1-0ത്തിന് ജയിച്ചു. രണ്ടാം പാദം 1-1ന് സമനിലയിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360