
ഐ.പി.എൽ ഫൈനൽ ഇന്ന്
അഹമ്മദാബാദ്: കപ്പിൽ വീണ്ടും ആർ.സി.ബി മുത്തമോ, സ്വന്തം മൈതാനത്ത് ഗുജറാത്തി ഷോയോ... ഐ.പി.എൽ പത്തൊമ്പതാം സീസണിലെ ചാമ്പ്യൻമാർ ആരെന്ന് ഇന്ന് രാത്രി അറിയാം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 മുതലാണ് നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ആതിഥേയരായ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ പോരാട്ടം.
ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമൻമാരായി ഫിനിഷ് ചെയ്ത ആർ.സി.ബി ക്വാളിഫിയർ ഒന്നിൽ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്തിനെ കീഴടക്കി നേരത്തേ തന്നെ ഫൈനലുറപ്പിച്ചു. മറുവശത്ത് ഗുജറാത്ത് ക്വാളിഫയർ 2ൽ രാജസ്ഥാൻ റോയൽസിനെ വീഴ്‌ത്തിയാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.
സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ ത്രില്ലിലാണെങ്കിലും ക്വാളിഫയർ 2ന്റെ വേദിയായ ന്യൂചണ്ഡിഗഡിൽ ഇടിവെട്ടും മഴയുമായിരുന്നതിനാൽ ഇന്നലെ ഏറെ വൈകി മാത്രമാണ് ടീമിന് അഹമ്മദാബാദിൽ എത്താനായത്.
നേരത്തേ ഐ.പി.എൽ ഫൈനലുകൾ മുൻചാമ്പ്യൻമാരുടെ മൈതാത്തായിരുന്നു നടത്തിയിരുന്നത്. ഇത്തവണ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് പ്രദേശിക അസോസിയേഷന്റെ ഭരണപരമായ കാരണങ്ങളും ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങളും ചൂണ്ടിക്കാട്ടി ഫൈനൽ അവസാന നിമിഷം അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.
ലീഗ് ഘട്ടത്തിൽ ആർ.സി.ബി അഹമ്മദാബാദിൽ ജി.ടിയോട് തോറ്രിട്ടുണ്ട്. ഇത്തവണ എവേ മത്സരങ്ങളിൽ അത്ര നല്ല റെക്കാഡല്ലെങ്കിലും ക്വാളിഫയറിലെ വമ്പൻ വിജയം ആർ.സി.ബിയുടെ ആത്‌മവിശ്വാസം ഏറെ ഉയർത്തിയിട്ടുണ്ട്.
മറുവശത്ത് കഴിഞ്ഞ 5 വർഷത്തനിടെ 4 തവണയും പ്ലേ ഓഫിൽ കടന്ന ഗുജറാത്ത് മൂന്നാമത്തെ ഫൈനലിനാണ് പാഡ് കെട്ടുന്നത്.
ടീം ന്യൂസ്
വിരാട്, വെങ്കിടേഷ്/സാൾട്ട്, ദേവ്‌ദത്ത്,പാട്ടിദാർ,ക്രുനാൽ,ഡേവിഡ്,ജിതേഷ്, ഷെപ്പേർഡ്, ഭുവനേശ്വർ,ഹാസൽവുഡ്,റസിക്, ഇംപാക്ട് പ്ലെയർ- ഡുഫി/സുയാൻഷ്.
ഗുജറാത്ത്- ഗിൽ,സായ്,ബട്ട്‌ലർ,സുന്ദർ,സിന്ധു,ഹോൾഡർ,തെവാതിയ,റാഷിദ്,സായ്കിഷോർ,റബാഡ, സിറാജ്, ഇംപാക്ട് പ്ലെയർ-പ്രസിദ്ധ്.
പ്ലസ്
ആർ.സി.ബി- കരുത്തുറ്റ മദ്ധ്യനിര, പ്ലേഓഫിൽ ക്യാപ്ടൻ രജതിന്റെ പ്രകടനം ഉദാഹരണം.
വിരാട് കൊഹാലിയുടെ സാന്നിധ്യം.
മികച്ച വിന്നിംഗ് മൊമന്റം, പ്ലേ ഓഫിലെ വമ്പൻജയം മാനസികമായി ആധിപത്യം നൽകുന്നു.
മികച്ച ബൗളിംഗ് യൂണിറ്റ്. പവർപ്ലേയിൽ ഭുവിയുടേയും ഹാസൽവുഡിന്റെയും നല്ല പ്രകടനം.
ഓൾറൗണ്ടർമാർ കരുത്ത്.
മൈനസ്
ബാറ്റിംഗിൽ മുൻനിര പ്വർപ്ലേയിൽ തന്നെ പലപ്പോഴും തകരുന്നു.
ചെറിയ ടോട്ടലുകൾ ഫലപ്രദമായി ഡിഫൻഡ് ചെയ്യാനാകുന്നില്ല.
ഗുജറാത്ത്
പ്ലസ്- സായ്-ഗിൽ ഓപ്പണിംഗ് സഖ്യം., ടൂർണമെന്റ് ചരിത്രത്തിലെ തന്നെ മികച്ച ഓപ്പണിംഗ് ജോഡികളിൽ ഒന്ന്.
സിറാജ് -റബാഡ ബോളിംഗ് സഖ്യം. പവർപ്ലേയിൽ തന്നെ ഏതിർ ടീമിനെ പ്രതിസന്ധിയിലാക്കും. ഈ സീസണിൽ പവർപ്ലേയിൽ ഗുജറാത്ത് 30ൽ അധികം വിക്കറ്റുകൾ വീഴ്ത്തി.
റാഷിദ് ഖാനെപ്പോലൊരു ഇതിഹാസ സ്‌പിന്നറുടെ സാന്നിധ്യം.
വലിയ തിരിച്ചടികളിൽ പതറാതെ പെട്ടെന്ന് തിരിച്ചുവരുവാനുള്ള കഴിവ്.
മൈനസ്- ബാറ്റിംഗിൽ മദ്ധ്യനിര ശോകം. സായിയും ഗില്ലും പെട്ടെന്ന് പുറത്തായാൽ ബാറ്രിംഗ് നിര ആകെ പതറുന്നു.
ബൗളിംഗിലെ അപ്രതീക്ഷിത പാകപ്പിഴകൾ. ക്വാളിഫയർ 1ൽ അവരുടെ പേസ്,സ്പിൻ ആക്രമണങ്ങളെല്ലാം അപ്പാടെ പാളി.
2- ഇരുടീമും ഓരോ തവണ വീതം ചാമ്പ്യന്മാരായിട്ടുണ്ട്. രണ്ടാം ഐ.പി.എൽ കിരീടമാണ് ഇരുടീമും ലക്ഷ്യം വയ്ക്കുന്നത്.
8- കഴിഞ്ഞ 8 ഐ.പി.എൽ സീസണുകളിലും ക്വാളിഫയർ 1ൽ ജയിക്കുന്ന ടീം ചാമ്പ്യന്മാരായിട്ടുണ്ട്.
പിച്ച് റിപ്പോർട്ട്
ബാറ്റിംഗ് തുണയ്ക്കുന്ന പിച്ചാണ്. കഴിഞ്ഞ വർഷത്തെ ഫൈനലിന് ഉപയോഗിച്ച അതേ പിച്ച് തന്നെയാണ് ഇത്തവണയും ഉപയോഗിക്കുന്നത്.
ലൈവ്-
രാത്രി 7.30 മുതൽ
സ്റ്റാർ സ്‌പോർട്സ് ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |