
വിലക്ക് മാറ്റൽ വിവാദത്തിലും അമേരിക്കയെ
4-1ന് തോൽപ്പിച്ച് ബെൽജിയം ക്വാർട്ടറിൽ
സിയാറ്റിൽ : റെഡ് കാർഡ് കണ്ടിരുന്ന സ്ട്രൈക്കർ ഫൊലാരിൻ ബലോഗണിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഇടപെടലോടെ വിലക്ക് മാറ്റി കളിക്കാൻ ഇറക്കിയിട്ടും ബെൽജിയത്തിന് എതിരായ ലോകകപ്പ് പ്രീ ക്വാർട്ടറിൽ അമേരിക്കയ്ക്ക് ദാരുണതോൽവി. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് ബെൽജിയം ആതിഥേയരെ കീഴടക്കിയത്. ആദ്യ പകുതിയിൽ 2-1ന് ലീഡ് ചെയ്ത ബെൽജിയം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടിയാണ് ആധികാരിക വിജയമുറപ്പിച്ചത്. ബെൽജിയത്തിന് വേണ്ടി ചാൾസ് ഡി കെറ്റലിയർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹാൻസ് വാനകനും വെറ്ററൻ താരം റൊമേലു ലുക്കാക്കുവും ഓരോ ഗോളടിച്ചു. 31-ാം മിനിട്ടിൽ മാലിക്ക് ടിൽമാനാണ് അമേരിക്കയുടെ ഏക ഗോൾ നേടിയത്.
രണ്ടാം റൗണ്ടിൽ ബോസ്നിയയ്ക്ക് എതിരെ ബലോഗൺ ചുവപ്പുകാർഡ് കണ്ട് പുറത്തായിരുന്നു. സ്വാഭാവികമായും അടുത്ത മത്സരത്തിൽ കളിക്കാൻ ബലോഗണിന് വിലക്കുണ്ടായിരുന്നു.എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റിനോയെ വിളിക്കുകയും വിലക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ മുമ്പില്ലാത്ത രീതിയിൽ വിലക്ക് നടപ്പിലാക്കുന്നത് ഫിഫ ഒരു വർഷത്തേക്ക് മാറ്റിതയ്ക്കുകയും ബെൽജിയത്തിനെതിരെ കളിക്കാൻ ബലോഗണിന് അനുമതി നൽകുകയും ചെയ്തു. ട്രമ്പ് ഫിഫയ്ക്ക് പരസ്യമായി നന്ദി പറഞ്ഞതോടെ സംഗതി രാഷ്ട്രീയ വിഷയമായി.ബെൽജിയം ഫുട്ബാൾ ഫെഡറേഷനും യൂറോപ്യൻ ഫുട്ബാൾ ഫെഡറേഷനും പരസ്യമായി എതിർത്തതോടെ ബെൽജിയത്തിന് വിലക്ക്മാറ്റിയ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ഫിഫ അനുവാദം നൽകി. എന്നാൽ ഈ അപ്പീൽ തള്ളി ബലോഗണിനെ കളിപ്പിക്കാൻ വീണ്ടും അനുമതി നൽകി. 90+2-ാം മിനിട്ടുവരെ കളിച്ചെങ്കിലും ബലോഗണിന് ഗോളടിക്കാനായില്ല.
മത്സരത്തിൽ തോറ്റതോടെ ബെൽജിയവുമായി ഒരു നയതന്ത്രബന്ധവുമില്ലെന്നും ബെൽജിയൻ ചോക്കലേറ്റ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടുമെന്നും ട്രമ്പ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മത്സരശേഷം ബെൽജിയൻ താരങ്ങൾ ട്രമ്പിന്റെ ഡാൻസ് അനുകരിച്ച് ഡാൻസ് ചെയ്യുകയും ഈ മത്സരത്തിന്റെ ഫലം മാറ്റാൻ പറ്റുമെങ്കിൽ ആകട്ടെയെന്ന് കളിയാക്കുകയും ചെയ്തു.
സ്കൂൾ ബെല്ലടിക്കുംപോലെ
ബെൽജിയൻ ഗോളുകൾ
9-ാം മിനിട്ടിൽ അമേരിക്കയുടെ ഡിഫൻസ് ക്ളിയറൻസിലെ പിഴവ് മുതലെടുത്ത് ചാൾസ് ഡി കെറ്റലിയറുടെ ആദ്യ ഗോൾ.
31-ാം മിനിട്ടിൽ ടിൽമാനിലൂടെ അമേരിക്ക സമനില പിടിച്ച് രണ്ട് മിനിട്ടിനകം കെറ്റലിയർ അടുത്ത ഗോളും നേടി.
57-ാം മിനിട്ടിൽ പൊസിഷൻ വിട്ടിറങ്ങിയ അമേരിക്കൻ ഗോളിയുടെ പിഴവ് മുതലെടുത്ത് ഹാൻസ് വാനകന്റെ ഗോൾ.
90 +3ോാം മിനിട്ടിൽ വാനകന്റെ പാസിൽ നിന്ന് ലുക്കാക്കുവിന്റെ ഗോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |