
ന്യൂയോർക്ക്: എക്സ്ട്രാ ടൈമോളം നീണ്ട കാൽപ്പന്തുകളിയുടെ കലാശപ്പൂരത്തിനൊടുവിൽ ഫെറാൻ ടോറസിന്റെ സുന്ദരൻ ഗോളിൽ ലോകകപ്പിൽ വീണ്ടും സ്പാനിഷ് മുത്തം (1-0). ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയം വേദിയായ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയ്നും ഗോൾ രഹിത സമനിലയിൽ തുടർന്നതിനാലാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയത്.
എക്സ്ട്രാടൈമിന്റെ രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിലാണ് (106) ടോറസിന്റെ വലങ്കാലിൽ നിന്ന് സ്പാനിഷ് വിജയഗോൾ വന്നത്. തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങിയ ലയണൽ മെസിയുടെ അർജന്റീന ഫൈനലിൽ പരുക്കൻ കളികളിച്ച് നിരാശയോടെ മടങ്ങി. 2010ൽ ആദ്യമായി ലോകകപ്പ് നേടുമ്പോഴും ഫൈനലിൽ 1-0ത്തിനായിരുന്നു സ്പെയ്നിന്റെ ജയം.
രണ്ടാം പകുതിയുടെ അധികസമയത്ത് (90+3) എൻസൊ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് അർജന്റീന എക്സ്ട്രാ ടൈമിൽ കളിച്ചത്.
നിശ്ചിതസമയത്ത് ഗോളടിക്കാനായില്ലെങ്കിലും സ്പെയ്നിന്റെ ആധിപത്യമായിരുന്നു മത്സരത്തിൽ. ബോൾ പൊസഷനിലും പാസിംഗിലും ഷോട്ടുകളിലുമെല്ലാം സ്പെയ്നിന്റെ സമഗ്രാധിപത്യമായിരുന്നു. സ്പെയ്ൻ ടാർജറ്റിലേക്ക് 11 ഷോട്ടുകൾ തൊടുത്തപ്പോൾ ലയണൽ മെസിയുടെയും സംഘത്തിന്റെയും അക്കൗണ്ടിൽ ടാർജറ്റിലേക്ക് ഒരു ഷോട്ടുപോലുമില്ലായിരുന്നു. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫൈനലിൽ നിശ്ചിത സമയത്ത് ഒരു ഷോട്ടുപോലും അടിക്കാനാകാത്ത ടീമായി അർജന്റീന. ഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനസിന്റെ ഗംഭീര സേവുകളാണ് മത്സരത്തിൽ അർജന്റീനയെ എക്സട്രാ ടൈം വരെ നിലനിറുത്തിയത്.
അർജന്റീനയുടെ ടച്ചോടെയാണ് ഗ്രാൻഡ് ഫിനാലെ ആരംഭിച്ചത്. എന്നാൽ ആദ്യ ആക്രമണം സ്പെയ്നിന്റെ വകയായിരുന്നു. അഞ്ചാം മിനിട്ടിൽ യുവവിസ്മയം ലാമിൻ യമാലും ഡാനി ഓൾമോയും ചേർന്നുള്ള നീക്കത്തിൽ അർജന്റീന അപകടം മണത്തു. അർജന്റൈൻ ഗോൾ മുഖത്തിനരുകിൽ നിന്ന് യമാൽ തൊടുത്ത അത്രശക്തമല്ലാത്ത ഇടങ്കാലൻ ഷോട്ട് ഗോൾ കീപ്പർ എമി മാർട്ടിനസ് വലത്തോട്ട് ഡൈവ് ചെയ്ത് സേവ് ചെയ്തു. പിന്നാലെ മെസിക്ക് ഒരവസരം തുറന്നു കിട്ടിയെങ്കിലും സ്പാനിഷ് ഗോൾ കീപ്പർ ഉനെ സിമോൺ ബോക്സിൽ നിന്ന് അഡ്വാൻസ് ചെയ്തെത്തി അപകടം ഒഴിവാക്കി.
39-ാം മിനിട്ടിൽ കൗണ്ടർ അറ്രാക്കിന് ശ്രമിച്ച ഒയർസബാലിനെ പിന്നിൽ നിന്ന് ഫൗൾ ചെയ്തതിന് അർജന്റൈൻ പ്രതിരോധ താരം ലിസാൻഡ്രൊ മാർട്ടിനസ് മഞ്ഞക്കാർഡ് കണ്ടു. 44-ാം മിനിട്ടിൽ പരിക്കേറ്ര ലിസാൻഡ്രൊ മാർട്ടിനസിന് പകരം അർജന്റീന നിക്കൊളാസ് ഓട്ടമെൻഡിയെ കളത്തിലിറക്കി.
രണ്ടാം പകുതിയിൽ ആദ്യമിനിട്ടിൽ തന്നെ മിസ് പാസിൽ നിന്ന് കിട്ടിയ പന്ത് പിടിച്ചെടുത്ത് ബോക്സിന് തൊട്ടുവെളിയിൽ നിന്ന് സ്പെയ്നിന്റെ അലക്സ് ബയേനയുടെ ഷോട്ട് എമി പിടിച്ചെടുത്തു.52-ാം മിനിട്ടിൽ റൊഡ്രിയെ പിന്നിൽ നിന്ന് ഇടിച്ച പരഡേസിന് മഞ്ഞക്കാർഡ് കിട്ടി. 67-ാം മിനിട്ടിൽ യമാലിന്റെ തകർപ്പൻ ക്രോസിൽ നിന്ന് ടോറസിന്റെ ബുള്ളറ്റ് ഹെഡ്ഡർ കൃത്യം പൊസിഷനിലായിരുന്ന എമി മാർട്ടിനസ് പിടിച്ചെടുത്തു. പിന്നീട് രണ്ടാം പകുതിയിൽ പലതവണ സ്പെയ്ൻ ഗോളിനടുത്തെത്തിയെങ്കിലും എമി മാർട്ടിനസ് വിലങ്ങ് തടിയായി.81-ാം മിനിട്ടിൽ റഫറിയോട് കയർത്തതിന് മഞ്ഞക്കാർഡ് കിട്ടിയഎൻസൊ ഫെർണാണ്ടസ് രണ്ടാം പകുതിയുടെ അധികസമയത്ത് കുർബാസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡുംചുവപ്പും കണ്ട് പുറത്തായതോടെ അർജന്റീന പത്ത് പേരായി ചുരുങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ 95-ാം മിനിട്ടിൽ നിക്കോ വില്യംസ് അർജന്റൈൻ വലകുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഫോർത്ത് ഒഫീഷ്യലിനോട് കയർത്ത അർജന്റൈൻ കോച്ച് ലയണൽ സ്കലോണിക്ക് മഞ്ഞക്കാർഡ് കിട്ടി.
ഗോൾ
എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലെ ആദ്യമിനിട്ടിൽ തന്നെ ഫെറാൻ ടോറസ് സ്പെയ്ന് ലീഡ് സമ്മാനിച്ചു. നിക്കോ വില്യംസിന്റെ മൈനസ് ഹെഡ്ഡർ നേരെ ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ ഉണ്ടായിരുന്ന ഫെറാൻ ടോറസിലേക്ക് ടോറസിന്റെ തകർപ്പൻ വലങ്കാലൻ ഷോട്ട് വലകുലുക്കി.വിജയഗോളടിച്ച ശേഷം ഫെറാൻ വീണ്ടും അർജന്റൈൻ ഗോൾ പോസ്റ്റിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |