
ന്യൂയോർക്ക്: പരിക്കിൽ നിന്ന് മോചിതനായി കോർട്ടിൽ തിരിച്ചെത്തിയ നിലവിലെ ചാമ്പ്യൻ സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസ് യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിന്റെ ക്വാർട്ടറിൽ കടന്നു. അതേസമയം മുൻചാമ്പ്യൻ ഡാനിൽ മെദ്‌വദേവ് പ്രീക്വാർട്ടറിൽ പുറത്തായി, പ്രീക്വാർട്ടറിൽ യു.എസ് താരം ടോമി പോളിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് അൽകാരസ് അവസാന എട്ടിൽ ഇടം നേടിയത്. സ്കോർ: 6-4,6-3,6-4. മത്സരത്തിന്റെ തുടക്കം മുതൽ അൽകാരസിനായിരുന്നു ആധിപത്യം.
യു.എസ് താരം ഫ്രാൻസിസ് തിയാഫോയാണ് പ്രീക്വാർട്ടറിൽ ഏഴാം സീഡ്മെദ്വദേവിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകളിൽ 7-6,6-4,7-6നായിരുന്നു തിയാഫോയുടെ ജയം. തുടക്കം മുതൽ മെദ്വദേവിനെ ഞെട്ടിക്കുന്ന പ്രകടനമാണ് തിയാഫോ പുറത്തെടുത്തത്. രണ്ട് സെറ്റുകളിലെയും ടൈബ്രേക്കറുകളിൽ മെദ്വദേവിനെ സമ്മർദ്ദത്തിലാക്കാൻ തിയാഫോയ്ക്ക് കഴിഞ്ഞു. തോൽവിക്ക് പിന്നാലെ മെദ്‌വദേവ് വിരമിക്കൽ സൂചനയും നൽകി.
മറ്റൊരു യു.എസ് താരം ബെൻഷെൽട്ടൺ ഗ്രീസിന്റെ സിറ്റ്സിപാസിനെ കീഴടക്കി ക്വാർട്ടർ ഉറപ്പിച്ചു. സ്കോർ: 6-2,6-3,6-4, യു.എസ് താരം അലക്സ് മിക്കൽ സണും ക്വാർട്ടറിൽ എത്തി.
ഇഗയും ഇടറി
വനിതാ സിംഗിൾസിൽ മുൻ ചാമ്പ്യൻ ഇഗ ഷ്വാംടെക് ചൈനീസ് താരം ക്വിൻവെൻ ഷെംഗിനോട് തോറ്റ് പ്രീക്വാർട്ടറിൽ പുറത്തായി. സ്കോർ: 7-6,6-3
അമേരിക്കൻ താരങ്ങളായ എമ്മ നവാരൊ, ജെസിക്ക പെഗുല എന്നിവർ ക്വാർട്ടർ ഉറപ്പിച്ചു.
കെ.സി.എല്ലിനെ സൂപ്പർഹിറ്റാക്കിയ
ആരാധകർക്ക് നന്ദി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസൺ 3-ന്റെ ചരിത്ര വിജയത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് നന്ദി അറിയിച്ച് കേരളാ ക്രിക്കറ്ര് അസോസിയേഷൻ (കെ.സി.എ). മികച്ച ജനപങ്കാളിത്തമാണ് ഇത്തവണ കെ.സി.എല്ലിന് ലഭിച്ചത്. ഫൈനൽ പോരാട്ടം നേരിൽ കാണാൻ 28,000ത്തിലധികം കാണികളാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മത്സരം അവസാനിക്കുന്നതുവരെ സ്റ്റേഡിയത്തിൽ ആവേസത്തിരയൊരുക്കിയ കാണികൾ ടൂർണമെന്റിന് നൽകിയ പിന്തുണയ്‌ക്ക് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ നന്ദി പറഞ്ഞു.
ഫ്രാഞ്ചൈസികൾക്കും ലീഗിനുമായി നിരവധി പുതിയ ബ്രാൻഡുകളാണ് ഇത്തവണ പരസ്യങ്ങളുമായി എത്തിയത്. ടൂർണമെന്റിന്റെ വൻ വിജയത്തെ തുടർന്ന് അടുത്ത സീസണിലേക്കായി പുതിയ സ്പോൺസർമാർ കെ.സി.എയെ സമീപിച്ചു തുടങ്ങിയതും ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ കെ.സി.എല്ലിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.
മൂന്നാം സീസണിന് മുന്നോടിയായി നടത്തിയ 'കെ.സി.എൽ ഫാൻ ലീഗ്' വൻ വിജയമായിരുന്നു.
വരും വർഷങ്ങളിൽ ഫാൻ ലീഗ് ഉൾപ്പെടെയുള്ള പദ്ധതികൾ വിപുലീകരിച്ച്, എല്ലാ ജില്ലകളിൽ നിന്നുമുള്ള കൂടുതൽ ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും കെ.സി.എൽ ആവേശം നേരിട്ടനുഭവിക്കാൻ അവസരമൊരുക്കും.
ടൂർണമെന്റിന്റെ പ്രചാരണാർത്ഥം ഒരുക്കിയ മോഹൻലാലും സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഫൈനൽ കാണാൻ സഞ്ജു സാംസൺ നേരിട്ടെത്തിയത് ആരാധകർക്ക് ഇരട്ടി മധുരമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |