SignIn
Kerala Kaumudi Online
Monday, 05 October 2026 4.03 AM IST

നന്ദി, നഗോയ

d

രണ്ടാഴ്‌ചക്കാലം പലരാജ്യങ്ങളുടെ പതാകകൾക്ക് കീഴിൽ പോരടിച്ച കായിക താരങ്ങൾ ഒരൊറ്ര മനസോടെ അണിനിരന്ന ജാപ്പനീസ് കയ്യൊപ്പ് ചാർത്തിയ സമാപനച്ചടങ്ങുകളോടെ അയ്‌ച്ചി നഗോയ ഏഷ്യൻ ഗെയിംസിന് സമാപനം. ഒരൊറ്ര ഏഷ്യ എന്ന ആശയത്തിൽ മിസുഹോ പാർക്ക് സ്റ്രേഡിയത്തിൽ നടന്ന ചടങ്ങിൽ 45 രാജ്യങ്ങളിലെ താരങ്ങൾ അണിനിരന്നു. മൈതാനത്ത് ഷഡ്ഭുജാകൃതിയിൽ നിർമ്മിച്ച

സ്റ്രേജിൽ ജപ്പാന്റെ പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള നൃത്തങ്ങളും സംഗീതപരിപാടികളും അരങ്ങേറി. ലേസർ ഡിസ്‌പ്ലേകളും പാർക്കർ

പെർഫോമർമാരുടെ അഭ്യാസപ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ( ഒ.സി.എ) പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി മേള ഔദ്യോഗികമായി സമാപിച്ചതായി പ്രഖ്യാപിച്ചു. 90 മിനിറ്രോളം നീണ്ടുനിന്ന സമാപനച്ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ജപ്പാനിലെ കിരീടാവകാശിയും രാജകുമാരിയും എത്തിയിരുന്നു

രണ്ട് സ്വർണമുൾപ്പെടെ ഇത്തവണ മൂന്ന് മെഡലുകൾ നേടിയ ഷൂട്ടിംഗ് താരം നീരു ദണ്ഡയാണ് സമാപനച്ചടങ്ങിലെ അത്‌ലറ്രിക് പരേഡിൽ ഇന്ത്യൻ പതാകയേന്തിയത്. നീലയും നിറത്തിലുള്ള ജഴ്‌സി ധരിച്ച മുപ്പതോളം വരുന്ന ഇന്ത്യൻ കായികതാരങ്ങളും സപ്പോർട്ടിംദ് സ്റ്റാഫും ദേശീയ പതാകയുമായി പരേഡിൽ പങ്കെടുത്തു. ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക പതാകയും 1951-ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിന്റെ ദീപശിഖയും 2030ൽ അടുത്ത ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിക്ക് കൈമാറി.അദ്ദേഹം അത് ഒളിമ്പിക്, ലോക, ഏഷ്യൻ ഹൈജമ്പ് ചാമ്പ്യനായ മുതാസ് എസ്സ ബാർഷിമിന് കൈമാറി. ഖത്തരി റൈഡറായ ജാസിം അൽ കുവാരി കുതിരപ്പുറത്ത് എത്തി ബാർഷിമിൽ നിന്ന് പതാക ഏറ്റുവാങ്ങി പുറത്തേക്ക് പോയി.

ഖത്തറിലെ ദോഹയാണ് അടുത്ത ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരം.

സ്റ്റേഡിയത്തിലെ പ്രധാന ദീപശിഖയിലെ അഗ്നി കെടുത്തുകയും ഒളിമ്പിക് കൗൺസിൽ പതാക താഴ്ത്തുകയും ചെയ്തതോടെ ആകാശത്ത് വർണ്ണാഭമായ കരിമരുന്ന് പ്രയോഗത്തോടെ അയ്‌ച്ചി നഗോയ ഗെയിംസിന് ഔദ്യോഗികമായി കൊടിയിറങ്ങി.


ചൈനീസ് മേള

169 സ്വർണവും 89 വെള്ളിയും 83 വെങ്കലവുമടക്കം ആകെ 341 മെഡലുകൾ നേടിയ ചൈന തന്നെയാണ് ഇത്തവണയും ഏഷ്യയിലെ കായിക രാജാക്കന്മാരായത്.

സ്വന്തം രാജ്യത്തിന് പുറത്ത് നടന്ന ഏഷ്യൻ ഗെയിംസിൽ ചൈന നേടുന്ന ഏറ്റവും ഉയർന്ന സ്വർണ മെഡൽ നേട്ടമാണിത്.

83 സ്വർണവും 95 വെള്ളിയും 91 വെങ്കലവുമുൾപ്പെടെ 269 മെഡലുകൾ നേടിയ ആതിഥേയരായ ജപ്പാനാണ് റണ്ണറപ്പ്. 1994ലെ ഹിരോഷിമ ഗെയിംസിന് ശേഷം അവർ ഏറ്രവും കൂടുതൽ സ്വർണം നേടുന്നത് ഇത്തവണയാണ്.

39 സ്വർണവും 43 വെള്ളിയും 68 വെങ്കലവും നേടിയ ദക്ഷിണകൊറിയ 150 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360