SignIn
Kerala Kaumudi Online
Monday, 05 October 2026 4.03 AM IST

സയനോര,നഗോയ

ഏഷ്യൻ കായികവിസ്മയത്തിന്റെ ഒരു പതിപ്പിനുകൂടി തിരശീല വീണിരിക്കുന്നു. കഴിഞ്ഞതവണ ഹ്വാംഗ്ചോയിൽ നേടിയ മെഡലുകളുടെ അടുത്തെത്തിയില്ലെങ്കിലും നാലാം സ്ഥാനം നമ്മൾ നിലനിറുത്തി. മുമ്പും ജപ്പാൻ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഗെയിംസ് വേളയിലെ അനുഭവങ്ങൾ വേറിട്ടുനിൽക്കുന്നു. പ്രതികൂല കാലാവസ്ഥയും കായികതാരങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്നതിലെ പിഴവുകളുമൊക്കെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും തങ്ങളുടെ ആതിഥ്യമര്യാദകൊണ്ട് ജപ്പാൻകാർ ഏവരുടെയും മനസ് കവർന്നെന്ന് പറയാതെ വയ്യ.

വൃത്തിയും വെടിപ്പും ചിട്ടയാർന്ന ജീവിതശൈലിയുംകൊണ്ട് വേറിട്ടുനിൽക്കുന്നവരാണ് ജപ്പാൻ ജനത. രണ്ടാം ലോകയുദ്ധത്തിൽ ചാരമായിപ്പോയിടത്തുനിന്ന് കർമ്മനിരതകൊണ്ട് തിരിച്ചുകയറിവന്ന് ലോകത്തിന് മുന്നിൽ തലയുയർത്തിപ്പിടിച്ചുനിൽക്കുന്നവർ. അദ്ധ്വാനിക്കുവാനുള്ള അവരുടെ മനസാണ് സാങ്കേതികവിദ്യയിലും വികസനത്തിലും അവരെ മുന്നിലേക്ക് എത്തിച്ചതെന്ന് പറയാതിരിക്കാനാവില്ല. ഏത് പ്രായത്തിലും ജോലി ചെയ്ത് ജീവിക്കാനാണ് ജപ്പാൻകാർക്കിഷ്ടം. പെൻഷൻപറ്റി വീട്ടിലിരിക്കുകയെന്നത് ഇവിടെ അപൂർവ്വമാണ്. 80-ാം വയസിലും ജോലി ചെയ്യുന്ന, അതും സ്വന്തമായി കാറോടിച്ച് ജോലിക്കുവരുന്ന ഒരു മുതിർന്ന വനിതയെ കഴിഞ്ഞ ദിവസം പരിചയപ്പെട്ടിരുന്നു. ആരോഗ്യം അനുവദിക്കുന്നിടത്തോളം ജോലി ചെയ്യുകയെന്നതാണ് തങ്ങളുടെ ശീലമെന്ന് തകാമി എന്ന ആ വനിത പറയുന്നു.

കുടുംബ ജീവിതത്തിൽ തങ്ങളുടെ പാരമ്പര്യമൂല്യങ്ങൾ പൂർണമായി കൈവിട്ടിട്ടില്ലാത്ത ജനതയാണിവർ. കുടുംബബന്ധങ്ങൾക്ക് ശക്തിയുണ്ട്. മുതിർന്നവർക്ക് ബഹുമാനം ലഭിക്കുന്നു. ആരും നിയമങ്ങൾക്ക് മുകളിലല്ല. ഏവരും ഒരേപോലെ അനുസരിക്കുന്നു. ആ ശീലം കുട്ടിക്കാലത്തേതന്നെ പഠിപ്പിക്കുകയും ചെയ്യുന്നു. ബഹളങ്ങൾക്ക് പോകാതെ ശാന്തമായി ജീവിക്കുന്ന സമൂഹം. കഴിഞ്ഞകുറച്ചുദിവസംകൊണ്ട് മനസിലാക്കാനായത് ഇതൊക്കെയാണ്. എഴുത്തുകണ്ടാൽ ഒന്നും പിടികിട്ടില്ലെങ്കിലും കേൾക്കാൻ സുന്ദരമായ ഭാഷയാണ് ജാപ്പനീസ്. ആ ഭാഷയിൽ യാത്ര പറച്ചിലിനുള്ള വാക്ക് കടമെടുത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം, സയനോര...നഗോയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360