SignIn
Kerala Kaumudi Online
Saturday, 05 September 2026 3.35 PM IST

‘അവൻ ബാറ്റ് ചെയ്യുന്നത് കാണാൻ വേണ്ടി മാത്രമാണ് എന്റെ ഭാര്യ ദുലീപ് ട്രോഫി കാണുന്നത്’; സൂര്യവംശിക്ക് വമ്പൻ പ്രശംസ

vaibahv-sooryavanshi
വൈഭവ് സൂര്യവംശി

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമലെ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് ശൈലിക്ക് ഇതിനകം അന്താരാഷ്ട്രതലത്തിൽ പോലും നിരവധി ആരാധകരാണുള്ളത്. അദ്ദേഹത്തിന്റെ ആക്രമിച്ചുകളിക്കുന്ന രീതിയും പെട്ടെന്നുള്ള റൺ വേട്ടയുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ വൈഭവിന്റെ അസാധാരണ ബാറ്റിംഗ് മികവിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്.

ശരിയായ രീതിയിൽ വളർത്തിയെടുത്താൽ സൂര്യവംശി ഭാവിയിൽ ഒരു സൂപ്പർതാരമായി മാറുമെന്നും ടെസ്റ്റ് ക്രിക്കറ്റിന്റെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്നും ശ്രീകാന്ത് പറഞ്ഞു. സൂര്യവംശിയുടെ പ്രകടനം കാണാൻ വേണ്ടിയാണ് തന്റെ ഭാര്യ പോലും ദുലീപ് ട്രോഫി കാണുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈസ്റ്റ് സോണിനായി കളിക്കുന്ന സൂര്യവംശി ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ നോർത്ത് ഈസ്റ്റ് സോണിനെതിരെ വെറും എട്ട് റൺസിന് പുറത്തായിരുന്നു. എന്നാൽ സെൻട്രൽ സോണിനെതിരായ സെമിഫൈനലിൽ 92, 40 എന്നിങ്ങനെ മികച്ച സ്കോറുകൾ നേടി താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

'അവൻ മികച്ച രീതിയിലാണ് കളിക്കുന്നത്. അവനെ പ്രോത്സാഹിപ്പിക്കണം, ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. ശരിയായ രീതിയിൽ വളർത്തിയെടുത്താൽ അവൻ ഒരു സൂപ്പർതാരമായി മാറും. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രതാപം തിരിച്ചുകൊണ്ടുവരാൻ അവന് കഴിയും. . ലോക ക്രിക്കറ്റിന് ഭാവിയിൽ വലിയൊരു മുതൽക്കൂട്ടായിരിക്കും അവൻ.'- ശ്രീകാന്ത് പറഞ്ഞു.

'എല്ലാ തലത്തിലുമുള്ള ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ അവന് കഴിയും. അധികം വൈകാതെ എല്ലാ ഫോർമാറ്റുകളിലും ലോക ക്രിക്കറ്റിൽ അവൻ ആധിപത്യം സ്ഥാപിക്കും. ടെസ്റ്ര് ക്രിക്കറ്റിൽ പോലും മീഡിയം പേസർമാരെ യാതൊരു ഭയവുമില്ലാതെ നേരിട്ട് സിക്സറുകൾ നേടുകയാണ്. ബൗളർമാരെ അവൻ കളിപ്പാവകളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നത്.'- അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ച് വയസ് മാത്രമുള്ള സൂര്യവംശി ഇതിനോടകം തന്നെ ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും അണ്ടർ19 ക്രിക്കറ്റിലും നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ദുലീപ് ട്രോഫിയിലും ചരിത്രനേട്ടം സ്വന്തമാക്കിയ വൈഭവ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അർദ്ധസെ‌ഞ്ച്വറി നേടിയ താരമായി മാറി. 15 വയസും 157 ദിവസവും പ്രായമുള്ളപ്പോഴാണ് സൂര്യവംശി ഈ നേട്ടം സ്വന്തമാക്കിയത്. വെറും 42 പന്തിലാണ് താരം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.

English Summary

Former Indian opener Krishnamachari Srikkanth lauded young cricketer Vaibhav Suryavanshi's exceptional batting, predicting him as a future superstar to revive Test cricket. Srikkanth cited Suryavanshi's Duleep Trophy scores of 92 and 40. At 15, Suryavanshi already holds multiple records, including being the youngest Duleep Trophy half-centurion at 15 years and 157 days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, DULEEP TROPHY, KRISHNAMACHARI SRIKKANTH, INDIAN CRICKET, YOUNG CRICKET STAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360