ബ്രസൽസ്: ഓട നിർമാണത്തിനിടെ കോടികൾ വിലമതിക്കുന്ന സ്വർണനിധി കണ്ടെത്തി പതിനെട്ടുവയസുകാരൻ. ഒഴിവുകാലത്ത് പോക്കറ്റ് മണിയ്ക്കായി ജോലിക്കിറങ്ങിയ കോബി എന്ന 18 വയസുകാരനും സഹപ്രവർത്തകരുമാണ് സ്വർണക്കട്ടികളും നാണയങ്ങളും ആഭരണങ്ങളും അടങ്ങിയ നിധി കണ്ടെത്തിയത്. ബ്രസൽസിന് ഏകദേശം 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായുള്ള സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെ എന്ന സ്ഥലത്ത് ഭൂഗർഭ പൈപ്പ് മാറ്റുന്ന ജോലികൾക്കിടയിലാണ് നിധി കണ്ടെത്തിയത്. ഏതാണ്ട് ഒമ്പത് ദശലക്ഷം യൂറോ (ഏകദേശം 98 കോടി രൂപ) മൂല്യം വരുന്നതാണ് ഈ നിധിശേഖരം എന്നാണ് വിവരം.
പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടെയാണ് ഒരു ബാഗ് കോബിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടക്കത്തിൽ കരുതിയത് യൂറോയുടെ നാണയങ്ങളാണെന്നാണ്. പിന്നീടാണ് ഒരു സ്വർണക്കട്ടി തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് കൂടുതൽ മണ്ണ് നീക്കം ചെയ്തതോടെയാണ് സ്വർണക്കട്ടികളും സ്വർണനാണയങ്ങളുമടങ്ങിയ നിധിയാണെന്ന് മനസിലായതെന്നും കോബി പറയുന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് മദ്യനിർമാണശാലാ ഉടമയായ തിയോഫിലസ് വാൻ ആഷെയ്ക്കായി നിർമിച്ച പഴയ കെട്ടിടത്തിന്റെ നിലവറയിലെ ഇഷ്ടികമതിലിനുള്ളിൽ ബാഗിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു നിധി. 1899 മുതൽ 1970 വരെ ഇവിടെ ഒരു മദ്യനിർമ്മാണ ശാല പ്രവർത്തിച്ചിരുന്നു. നിലവിൽ 'സി എ ഡബ്ല്യു ഓസ്റ്റ്-വ്‌ലാൻഡെറൻ' എന്ന സാമൂഹിക ക്ഷേമ സംഘടന ഈ കെട്ടിടം നവീകരിച്ചുകൊണ്ടിരിക്കുകയാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സ്വർണ്ണം ബ്രസൽസിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ സ്വർണം മോഷണമുതലല്ലെന്ന് ഉറപ്പുവരുത്താൻ ഈസ്റ്റ് ഫ്ലാൻഡേഴ്സ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചു. ബെൽജിയൻ നിയമപ്രകാരം നിധി കണ്ടെത്തിയാൽ അതിന്റെ യഥാർത്ഥ അവകാശികൾക്കായി ഏറ്റവും കുറഞ്ഞത് അഞ്ചുവർഷമെങ്കിലും കാത്തിരിക്കേണ്ടതുണ്ട്.
കെട്ടിടത്തിന്റെ മുൻ ഉടമകളുടെ പിൻഗാമികൾ, കെട്ടിട നിർമ്മാണ കരാറുകാർ, നിലവിലെ സാമൂഹ്യക്ഷേമ സംഘടന എന്നിവരെല്ലാം ഇതിന്മേൽ അവകാശവാദം ഉന്നയിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത്രയും വലിയൊരു നിധി കൈമാറിയ സ്ഥിതിക്ക് തങ്ങൾക്ക് നിയമപരമായ എന്തെങ്കിലും പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥിയായ കോബിയും സഹപ്രവർത്തകരും.
Brussels: An 18-year-old named Kobe discovered a treasure worth crores while working on a drainage project during his vacation. He and his co-workers found gold bars, coins, and jewellery buried at the site.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |