SignIn
Kerala Kaumudi Online
Friday, 05 June 2026 10.03 AM IST

23 വർഷത്തെ നിയമപോരാട്ടം; വിവാഹമോചനക്കേസിൽ 85 കോടി ജീവനാംശം നേടിയെടുത്ത് ഇന്ത്യൻ വംശജ

varsha

ലണ്ടൻ: 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവാഹമോചനക്കേസിൽ അനുകൂല വിധി സമ്പാദിച്ച് ഇന്ത്യൻ വംശജ. യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന കേസുകളിൽ ഒന്നാണിത്. കേസിൽ അന്തിമവിധി വന്നതോടെ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് 6.6 ദശലക്ഷം പൗണ്ട് (ഏകദേശം 85 കോടി) ജീവനാംശമായി ലഭിക്കും. വിവാഹേതര ബന്ധവും അന്യായമായ പെരുമാറ്റവും ചൂണ്ടിക്കാട്ടി 2002ലാണ് വർഷ ഗോഹിൽ തന്റെ ഭർത്താവ് ഭദ്രേഷ് ഗോഹിലിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ആരംഭിച്ചത്.

കേസ് നടക്കുന്ന സമയത്ത് ദമ്പതികൾക്ക് മൂന്ന് മക്കളുണ്ടായിരുന്നു. അന്ന് ചെറിയ രീതിയിലുള്ള ഒരു സാമ്പത്തിക ഒത്തുതീർപ്പിലെത്തി 3.5 കോടി രൂപയും ഒരു കാറും വർഷ കൈപ്പറ്റി. എന്നാൽ ഭർത്താവിന്റെ യഥാർത്ഥ സ്വത്ത് വിവരങ്ങൾ അന്ന് വെളിപ്പെടുത്തിയില്ലെന്ന് വർഷയ്ക്ക് അറിയാമായിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ ആവശ്യമായ തെളിവ് വർഷയുടെ കൈവശം ഇല്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വർഷയ്ക്ക് ലഭിച്ചു.

മുൻ നൈജീരിയൻ ഗവർണർ ജെയിംസ് ഇബോറിയുടെ കൂട്ടാളികളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായി ഭദ്രേഷ് ഗോഹിൽ മാറിയതോടെ കാര്യങ്ങൾ മാറി. ഓഫ്‌ഷോർ, ക്ലയന്റ് അക്കൗണ്ടുകളിലൂടെ ദശലക്ഷക്കണക്കിന് പൗണ്ട് കടത്താൻ സഹായിച്ചതായി അധികൃതർ അദ്ദേഹത്തിനെതിരെ ആരോപിച്ചു. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ ഭദ്രേഷ് ഗോഹിൽ ശിക്ഷിക്കപ്പെട്ടു.

2011ൽ അദ്ദേഹത്തിന് 10 വർഷം തടവ് ശിക്ഷ ലഭിച്ചു. വിവാഹമോചന കേസിന്റെ സമയത്ത് പുറത്തുവരാതിരുന്ന കോടിക്കണക്കിന് പൗണ്ടിന്റെ സ്വത്തുക്കൾ ക്രിമിനൽ നടപടിക്രമങ്ങളിൽ കണ്ടെത്തി. വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനികളുടെ ശൃംഖലയിലൂടെ ഒളിപ്പിച്ചുവെച്ച ഏകദേശം 28 ദശലക്ഷം പൗണ്ട് മരവിപ്പിക്കാനുള്ള നീക്കം അധികൃതർ നടത്തി. ഈ സംഭവം വർഷയ്ക്ക് ആവശ്യമായ തെളിവുകൾ ലഭിക്കുന്നതിന് കാരണമായി. ഒടുവിൽ വിവാഹമോചനക്കേസ് യുകെ സുപ്രീം കോടതിയുടെ പരിധിയിലെത്തി. 2015ൽ ഒരു സുപ്രധാന വിധിന്യായത്തിൽ, വർഷയ്ക്ക് സാമ്പത്തിക ഒത്തുതീർപ്പ് വീണ്ടും ആരംഭിക്കാൻ ജഡ്ജിമാർ അനുമതി നൽകി. സ്വത്തുക്കൾ പൂർണമായി വെളിപ്പെടുത്താത്ത പങ്കാളിക്ക് ആനുകൂല്യം ലഭിക്കരുതെന്നും വിധിച്ചു.

എന്നാൽ ഇതുകൊണ്ടൊന്നും കേസ് അവസാനിച്ചില്ല. ഭദ്രേഷ് ഗോഹിലിന്റെ മരവിപ്പിച്ച സ്വത്തുക്കൾ പൂർണമായും കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനമാണെന്നും അത് കണ്ടുകെട്ടൽ നടപടികൾക്ക് ഉപയോഗിക്കണമെന്നും ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വാദിച്ചു. എന്നാൽ സ്വത്തിന്റെ ഒരു ഭാഗമെങ്കിലും വിവാഹത്തിന് ശേഷം നിയമാനുസൃതമായ ബിസിനസുകളിലൂടെ സമ്പാദിച്ചിട്ടുണ്ടെന്നും അത് വൈവാഹിക സ്വത്തായി കണക്കാക്കണമെന്നും വർഷ വാദിച്ചു.

കേസ് പിന്നീട് ഹൈക്കോടതിയുടെ മുന്നിലെത്തി. ജഡ്ജി ജസ്റ്റിസ് വില്യംസ് മരവിപ്പിച്ച സ്വത്തിന്മേലുള്ള പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ ഹൈക്കോടതി പരിശോധിച്ചു. സ്വത്തുക്കളുടെ ഒരു ഭാഗം നിയമാനുസൃതമാണെന്നും അത് ദമ്പതികളുടെ വൈവാഹിക സ്വത്തിന്റെ ഭാഗമാണെന്നും ജഡ്ജി കണ്ടെത്തി. 6.66 ദശലക്ഷം പണ്ട് അങ്ങനെയുള്ളതാണെന്ന് കണ്ടെത്തിയ കോടതി ആ തുക വർഷ ഗോഹിലിന് നൽകാൻ വിധിച്ചു. ഇതോടെ കേസ് അവസാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, UK, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360