
കാബൂൾ: വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് താലിബാൻ ഭരണകൂടം. അഫ്ഗാനിലെ പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ വസ്ത്രധാരണ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് നിരവധി സ്ത്രീകളെ താലിബാൻ സദാചാര പൊലീസ് അറസ്റ്റുചെയ്തു. ഇത്തരത്തിൽ സ്ത്രീകളെ വ്യാപകമായി തടങ്കലിലാക്കുന്നതിൽ ആശങ്കയുണ്ടെന്ന് അഫ്ഗാനിലെ ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. 2021 ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്തത് മുതൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ താലിബാൻ നിരന്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരികയാണ്. ഇസ്ലാമിക നിയമങ്ങളെ മുൻനിർത്തിയാണ് സ്ത്രീകൾക്കുമേൽ താലിബാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
സ്ത്രീകൾ വീടുവിട്ടിറങ്ങുമ്പോൾ ശരീരം പൂർണമായി മറയ്ക്കുന്ന വസ്ത്രവും ഹിജാബും മുഖംമൂടിയും ധരിക്കണമെന്നാണ് താലിബാൻ നിയമം. എന്നാൽ ഹെറാത്തിൽ ശരീരം മുഴുവൻ മൂടുന്ന ചാദറോ ബുർഖയോ ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കൂട്ട അറസ്റ്റ് നടക്കുന്നത്. അതേസമയം, സ്ത്രീകളെ തടങ്കലിലാക്കിയ വാർത്തകളോട് പ്രതികരിക്കാൻ താലിബാൻ മന്ത്രാലയം തയ്യാറായിട്ടില്ല. ഹെറാത്തിൽ അസ്വാഭാവികമായി ഒന്നും നടക്കുന്നില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. വസ്ത്രധാരണച്ചട്ടം പാലിക്കേണ്ടത് കർശനമാണെന്ന് താലിബാൻ ഇൻഫർമേഷൻ വിഭാഗം അറിയിച്ചു. താലിബാൻ നടപടി കടുപ്പിച്ചതോടെ ഹെറാത്തുകളിൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് കുറഞ്ഞതായി മാദ്ധ്യമപ്രവർത്തകരും പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.
പർദ്ദയോടൊപ്പം ചാദർ ധരിക്കാത്ത സ്ത്രീകളെ വാഹനങ്ങളിൽ കയറ്റരുതെന്ന് തങ്ങൾക്ക് കർശന നിർദ്ദേശമുണ്ടെന്നും ഇപ്പോൾ പുറത്ത് സ്ത്രീകളെയാരും കാണാനേയില്ലെന്നും നഗരത്തിലെ ടാക്സി ഡ്രൈവർമാർ പറയുന്നു. സാഹചര്യം മോശമായതിനാൽ സ്വതന്ത്രമായി ശ്വസിക്കാൻ പോലും അവകാശമില്ലാത്ത അവസ്ഥയിൽ സങ്കടമുണ്ടെെന്നും തങ്ങളുടെ ജീവിതം ദിവസംചെല്ലുംതോറും ദുഷ്‌കരമായി മാറിയിരിക്കുന്നുവെന്നും 33 കാരിയായ മറ്റൊരു സ്ത്രീ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |