
ടെഹ്‌റാൻ: ഇറാനുനേരെ തുടർച്ചയായി രണ്ടാം ദിനവും പ്രതിരോധ ആക്രമണം നടത്തിയതായി അമേരിക്കയുടെ സൈനിക സെൻട്രൽ കമാൻഡ്. ഇറാന് ശക്തമായ പ്രഹരമേൽപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണിത്. ഇറാനിലെ ടെഹ്‌റാൻ, ഫാർസ് പ്രവിൻശ്യ, ബന്ദാർ അബ്ബാസ്, ഖെഷം ദ്വീപ്, കിഷ്, മിനാബ്, ഇസ്‌ഫഹാൻ എന്നിവിടങ്ങളിൽ സ്‌ഫോടനമുണ്ടായി. ഇറാനിലെ തെക്കൻ മേഖലകളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി.
അമേരിക്കയുടെ ആക്രമണത്തിന് മറുപടി നൽകിയതായി ഇറാനും പ്രതികരിച്ചു. കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷനറി ഗാർഡ് കോപ്‌സ് (ഐആർജിസി) അറിയിച്ചു. 18 കേന്ദ്രങ്ങളെ ലക്ഷ്യം വച്ചതായാണ് ഇറാൻ വ്യക്തമാക്കിയത്. ഇതിനുപുറമെ ഹോർമൂസ് കടലിടുക്ക് അടച്ചതായും ഐആർജിസി പറഞ്ഞു.
ബഹ്‌റൈനിലെ പല മേഖലകളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ശാന്തത പാലിക്കാനും ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറാനും രാജ്യത്തെ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. അതേസമയം, മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ചെറുക്കുന്നതായി കുവൈറ്റ് സൈന്യം വ്യക്തമാക്കി. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അംഗീകൃത ഔദ്യോഗിക സ്രോതസുകളിൽ നിന്ന് വിവരങ്ങൾ തേടാനും പൗരന്മാർക്ക് നിർദേശമുണ്ട്. ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിൽ യുഎസ് സൈനിക കേന്ദ്രങ്ങളുണ്ട്.
അതിനിടെ അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാറിൽ ഇറാൻ ഒപ്പുവച്ചില്ലെങ്കിൽ നാളെ രാത്രി വീണ്ടും ബോംബ് പ്രയോഗിക്കുമെന്ന് ട്രംപ് പറഞ്ഞതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം വെളിപ്പെടുത്തി. ഇറാനെ ആക്രമിക്കാൻ 49 ടോമാഹോക്ക് മിസൈലുകൾ പ്രയോഗിച്ചു. അവയിൽ ചിലത് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 40 മൈൽ അകലെവരെയെത്തി.
യുഎസ് യുദ്ധവിമാനങ്ങൾ ഇറാന്റെ ആകാശത്തിന് മുകളിലൂടെ പറക്കുന്നുണ്ട്. പേർഷ്യൻ ഗൾഫിന് സമീപമുള്ള രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള റഡാർ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നശിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞതായി മാദ്ധ്യമം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |