SignIn
Kerala Kaumudi Online
Sunday, 26 July 2026 9.08 AM IST

യുദ്ധം വ്യാപിക്കുന്നു: സൗദിക്ക് നേരെ ഹൂതി ആക്രമണം

d

 റിഫൈനറികളെ ലക്ഷ്യമിട്ട് മിസൈലുകൾ

റിയാദ്: ഇറാൻ - യു.എസ് സംഘർഷം തുടരവെ, പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരമാക്കുന്ന നീക്കങ്ങളുമായി യെമനിലെ ഹൂതി വിമതർ. സൗദി അറേബ്യയിൽ ചെങ്കടൽ തീരത്തെ യാൻബുവിലും തെക്കൻ നഗരമായ ജിസാനിലും അരാംകോ എണ്ണ റിഫൈനറികൾക്ക് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി.

യാൻബുവിനെ ലക്ഷ്യമിട്ട രണ്ട് മിസൈലുകളെ സൗദി തകർത്തു. ജിസാനിൽ പ്രതിദിനം 4 ലക്ഷം ബാരൽ എണ്ണ കൈകാര്യം ചെയ്യുന്ന റിഫൈനറിയെ ആണ് ഹൂതികൾ ലക്ഷ്യമിട്ടത്. റിഫൈനറിയിലെ സംഭരണ ടാങ്കുകളിൽ നിന്ന് തീ ഉയരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ആളപായമോ നാശനഷ്ടമോ ഉണ്ടോ എന്ന് സൗദി വ്യക്തമാക്കിയിട്ടില്ല. യാൻബു, ജിസാൻ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. സൗദിയിലെ വിമാനത്താവളങ്ങളും എയർബേസുകളും എണ്ണ പൈപ്പ് ലൈനുകളും ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണിയുണ്ട്.

ഇതിനിടെ, സൗദിയുടെ പിന്തുണയുള്ള യെമനിലെ അന്താരാഷ്ട്ര അംഗീകൃത സർക്കാരിന്റെ എയർ ഫോഴ്സ് മാരിബിലെയും അൽ - ജൗഫിലെയും ഹൂതി മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലും ആയുധ ഡിപ്പോകളിലും ബോംബിട്ടു.

# തുറന്ന ഏറ്റുമുട്ടൽ


1. ചെങ്കടലിൽ സൗദി കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയതിനു പിന്നാലെയാണ് കരയിലേക്കും ഹൂതികൾ പോർമുഖം തുറന്നത്. വ്യാഴാഴ്ച ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപം സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിച്ചിരുന്നു

2. വെള്ളിയാഴ്ച രാത്രി സൗദിയുടെ നേതൃത്വത്തിലെ സഖ്യ സേന യെമനിലെ ഹൊദെയ്ദ തുറമുഖത്തെയും കമറൻ ദ്വീപിലെയും ഹൂതി കേന്ദ്രങ്ങളിൽ ബോംബിട്ടു


# മയപ്പെടുത്തി ട്രംപ്


ഇറാനെതിരെ പ്രഖ്യാപിച്ച 'അതിശക്തമായ ആക്രമണം' തത്കാലമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മദ്ധ്യസ്ഥ രാജ്യങ്ങളുടെ പരോക്ഷ ചർച്ചകളിൽ ഇറാൻ ഗൗരവത്തോടെ ഇടപെടുന്നുണ്ടെന്ന് കാട്ടിയാണ് നീക്കം. സൈന്യം സർവ്വ സജ്ജമാണെന്നും ചർച്ച പരാജയപ്പെട്ടാൽ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ സാഗ്രോസ് പർവത നിരകളിലെ അതീവ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ പിക്ആക്‌സ് മൗണ്ടൻ തകർക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അതേ സമയം, ഇന്നലെ പുലർച്ചെ ഇറാനിൽ യു.എസിന്റെ ആക്രമണങ്ങൾ ഉണ്ടായില്ല. ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ തിരിച്ചടിയുമുണ്ടായില്ല. ഈ മാസം 11 ന് ശേഷം ആദ്യമായാണ് ഇരുകൂട്ടരും സംയമനം പാലിക്കുന്നത്.

# വെടിനിറുത്തൽ ലംഘനം

 ഇറാന്റെ സഖ്യ കക്ഷിയായ ഹൂതികൾ യെമൻ സർക്കാരിനെതിരെ 2014 മുതൽ ആഭ്യന്തര യുദ്ധത്തിൽ. സനാ അടക്കം വടക്കൻ യെമൻ നിയന്ത്രണത്തിലാക്കി. തെക്കൻ നഗരമായ ഏദൻ ആസ്ഥനമാക്കി അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ഭരിക്കുന്നു

 ഒരു ദശാബ്ദത്തിലേറെയായി സൗദിയുടെ നേതൃത്വത്തിലെ അറബ് സഖ്യ സേന ഹൂതികൾക്കെതിരെ പോരാടുന്നു. 2022ൽ നിലവിൽ വന്ന വെടിനിറുത്തൽ ലംഘിച്ചാണ് ഇപ്പോഴത്തെ ആക്രമണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360