
വാഷിംഗ്ടൺ : യുഎസ് ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനും, ഡോജ് സംഘത്തിനും ഫെഡറൽ കോടതിയുടെ താൽക്കാലിക വിലക്ക്. ജഡ്ജിയായ പോള്‍ എ. എംഗൽമെയറാണ് തടഞ്ഞത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ഡൗൺലോഡ് ചെയ്‌ത വിവരങ്ങൾ ഉടൻ നശിപ്പിക്കാനും ഡോജ് സംഘത്തോട് കോടതി ആവശ്യപ്പെട്ടു. അതേസമയം വംശീയ വിദ്വേഷ പോസ്റ്റുകളുടെ പേരിൽ ഡോജിൽ നിന്നും രാജിവച്ച ജീവനക്കാരനെ തിരികെ നിയമിക്കുമെന്ന് മസ്ക് പറഞ്ഞു.ഡോജിന്റെ മുൻ ജീവനക്കാരനായ മാർക്കോ എലിസിനെയാണ് മസ്ക് തിരികെ നിയമിക്കാൻ തീരുമാനിച്ചത്. തെറ്റ് ചെയ്യുന്നത് മാനുഷികമാണെന്നും മസ്ക് എക്സിൽ കുറിച്ചു. എക്സിൽ നടത്തിയ വോട്ടെടുപ്പിൽ വൻ ജനപിന്തുണ ലഭ്യമായതിനെ തുടർന്നാണ് മാർക്കോ എലിസിനെ നിയമിക്കാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |