
പനാമ സിറ്റി: ഇന്ത്യക്കാരടക്കം 300 അനധികൃത കുടിയേറ്റക്കാരെ ലാറ്റിൻ അമേരിക്കൻ രാജ്യമായ പനാമയിലേക്ക് കടത്തി യു.എസ്. താത്കാലിക തടങ്കൽ കേന്ദ്രമാക്കി മാറ്റിയ ഒരു ഹോട്ടലിൽ പാർപ്പിച്ചിട്ടുള്ള ഇവരെ പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കില്ല. സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കാനുള്ള നടപടികൾ തുടങ്ങി. ഇവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ യു.എസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാൻ, ചൈന, ഇറാൻ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരും നാടുകടത്തപ്പെട്ടവരിലുണ്ട്. എല്ലാവർക്കും ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. യു.എസ് ആണ് ചെലവുകൾ വഹിക്കുന്നത്. തടങ്കൽ കേന്ദ്രത്തിലുള്ളവർക്ക് അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാൻ അവസരം നൽകും. എന്നാൽ ഇവരിൽ പലർക്കും നാട്ടിലേക്ക് മടങ്ങാൻ താത്പര്യമില്ലെന്ന് പനാമ അധികൃതർ വ്യക്തമാക്കി. കുടിയേറ്റക്കാരിൽ ചിലർ ഹോട്ടലിന്റെ ജനാലകളിലൂടെ 'സ്വന്തം രാജ്യത്ത് സുരക്ഷിതരല്ല, തങ്ങളെ സഹായിക്കണം' തുടങ്ങിയ സന്ദേശങ്ങൾ എഴുതിയ പേപ്പറുകൾ പ്രദർശിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരിൽ ചിലരെ പനാമയ്ക്ക് പുറമേ കോസ്റ്ററീക്കയിലേക്കും താത്കാലികമായി മാറ്റുമെന്ന് യു.എസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വിലങ്ങിട്ട് കുടിയേറ്റക്കാർ,
വൗ എന്ന് മസ്‌ക്
നാടുകടത്തുന്നതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവച്ച് വിമാനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്. എക്‌സിൽ പങ്കുവച്ച 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 'ഹ ഹ വൗ ' എന്ന കമന്റോടെ എക്‌സ് ഉടമ ഇലോൺ മസ്‌ക് ഷെയറും ചെയ്തു. ഇതിന് മുമ്പും കുടിയേറ്റക്കാരുടെ വീഡിയോ ട്രംപ് ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. കുടിയേറ്റക്കാരോട് യു.എസ് മനുഷ്യാവകാശ ലംഘനം നടത്തുന്നെന്ന് കാട്ടി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വൈറ്റ് ഹൗസ് പുതിയ വീഡിയോ പുറത്തുവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |