
വാഷിംഗ്ടൺ: യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ 'സ്വേച്ഛാധിപതി"യെന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെലെൻസ്കി വേഗത്തിൽ പ്രവർത്തിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ അദ്ദേഹത്തിന് രാജ്യം നഷ്ടമാകുമെന്നും ട്രംപ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. 'സെലെൻസ്കി മോശം കാര്യമാണ് ചെയ്തത്. അദ്ദേഹത്തിന്റെ രാജ്യം തകർന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു " ട്രംപ് കുറിച്ചു. റഷ്യ സൃഷ്ടിച്ച തെറ്റായ വിവരങ്ങൾ നിറഞ്ഞ ഇടത്താണ് ട്രംപ് ഇപ്പോഴുള്ളതെന്ന സെലെൻസ്കിയുടെ പരാമർശത്തിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം. റഷ്യൻ അധിനിവേശം ഒഴിവാക്കാൻ യുക്രെയിന് മൂന്ന് വർഷം മുന്നേ ഒരു കരാറിൽ ഏർപ്പെടാമായിരുന്നു എന്നും ട്രംപ് കുറ്റപ്പെടുത്തി. സെലെൻസ്കിയുടെ പ്രസിഡൻഷ്യൽ കാലാവധി കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. എന്നാൽ യുദ്ധ പശ്ചാത്തലത്തിൽ പട്ടാള നിയമം പ്രഖ്യാപിച്ചതിനാൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. യുക്രെയിനിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. കാലാവധി കഴിഞ്ഞ സെലെൻസ്കിയുമായി ചർച്ചയ്ക്കില്ലെന്നാണ് റഷ്യൻ പക്ഷം. യുദ്ധം അവസാനിപ്പിക്കാൻ സൗദി അറേബ്യയിൽ നടന്ന യു.എസ് - റഷ്യ ചർച്ചയിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതിൽ യുക്രെയിൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സെലെൻസ്കി ഇന്നലെ സൗദിയിലേക്ക് നടത്തേണ്ടിയിരുന്ന സന്ദർശനവും മാറ്റി. അതേ സമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ നിന്ന് യുക്രെയിനെ ആരും ഒഴിവാക്കുന്നില്ലെന്നും ഭാവി ചർച്ചകളിൽ അവരുമുണ്ടാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |