
വാഷിംഗ്ടൺ: യു.എസിൽ ചിത്രശലഭങ്ങളുടെ എണ്ണം കുത്തനെ കുറയുന്നതായി പഠനം. 2000-2020 കാലയളവിൽ, ശലഭങ്ങളുടെ എണ്ണത്തിൽ ആകെ 22 ശതമാനം കുറവു വന്നെന്നാണ് കണ്ടെത്തൽ. രേഖപ്പെടുത്തിയ 554 സ്പീഷീസ് ശലഭങ്ങൾക്കിടെയിൽ 76,000 സർവേകളും 35 നിരീക്ഷണ പദ്ധതികളും നടത്തിയാണ് ഗവേഷകരുടെ നിഗമനം. യു.എസിന്റെ എല്ലാ ഭാഗത്തും ശലഭങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
വരുന്ന മുപ്പതോ നാൽപ്പതോ വർഷത്തിനുള്ളിൽ പകുതിയോളം ശലഭങ്ങൾ അപ്രത്യക്ഷമായേക്കുമെന്നാണ് ആശങ്ക. ആവാസവ്യവസ്ഥയിലെ ഒഴിച്ചുകൂടാനാകാത്ത കണ്ണിയായതിനാൽ ശലഭങ്ങൾ അപ്രത്യക്ഷമാകുന്നത് മനുഷ്യർക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ലോകപ്രശസ്ത ദേശാടന ശലഭങ്ങളായ മൊണാർക്കുകൾ വംശനാശത്തിന്റെ വക്കിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മൊണാർക്ക് ശലഭങ്ങളിലെ ഉപവർഗ്ഗമായ മൈഗ്രേറ്ററി മൊണാർക്ക് ശലഭങ്ങളെ ദ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഒഫ് നേച്ചർ സംഘടന വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ 'റെഡ് ലിസ്റ്റി"ൽ ഉൾപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ആവാസ വ്യവസ്ഥയുടെ നാശവും ശലഭങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |