SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.16 PM IST

സൗദിയിൽ ഒറ്റ ദിവസം 8 പേരെ തൂക്കിലേറ്റി

pic

റിയാദ്: ഒറ്റ ദിവസം 8 തടവുകാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രാജ്യത്ത് വധശിക്ഷ കുത്തനെ ഉയരുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. മയക്കുമരുന്ന് കേസുകൾ പെരുകുന്നതാണ് വധശിക്ഷ ഉയരാൻ ഇടവരുത്തുന്നത്. ശനിയാഴ്ച തെക്കൻ മേഖലയായ നജ്രാനിലായിരുന്നു വധശിക്ഷകൾ നടപ്പാക്കിയത്. രാജ്യത്തേക്ക് ഹാഷിഷ് കടത്തിയ കുറ്റത്തിന് നാല് സൊമാലികളെയും മൂന്ന് എത്യോപിയൻ പൗരന്മാരെയും തൂക്കിലേറ്റി.

മറ്റൊരാൾ അമ്മയെ കൊന്നതിന് ശിക്ഷിക്കപ്പെട്ട സൗദി പൗരനാണ്. 2025ന്റെ തുടക്കം മുതൽ 230 പേർ സൗദിയിൽ തൂക്കിലേറ്റപ്പെട്ടെന്നാണ് കണക്ക്. ഇതിൽ 154 കേസും മയക്കുമരുന്നുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷം 338 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി. നാർക്കോട്ടിക്സ് കേസുകളിൽ വധശിക്ഷ നൽകുന്നത് സൗദി മൂന്ന് വർഷത്തോളം നിറുത്തിവച്ചിരുന്നു. എന്നാൽ 2022 അവസാനത്തോടെ അത് പുനരാരംഭിച്ചു.

2023ൽ 19ഉം 2024ൽ 117ഉം പേരെ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് തൂക്കിലേറ്റി. മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരിൽ ഏറെയും വിദേശികളാണ്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തൊഴിലിന് എത്തിയവരാണ് ഇതിൽ അധികവും. സമൂഹത്തിലെ ക്രമസമാധാനനില നിലനിറുത്താൻ വധശിക്ഷ അനിവാര്യമാണെന്നും എല്ലാ അപ്പീലുകളും തള്ളപ്പെട്ടാൽ മാത്രമേ അവ നടപ്പാക്കൂ എന്നുമാണ് സൗദി ഉദ്യോഗസ്ഥർ പറയുന്നത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിലെത്തിയ ശേഷം 2017 ജൂണിനും 2024 ഒക്ടോബറിനുമിടെയിൽ 1,115 വധശിക്ഷകളെങ്കിലും രാജ്യത്ത് നടന്നു. സൗദിയിലെ വധശിക്ഷകൾക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തുണ്ടെങ്കിലും ഫലമില്ല.

ചൈനയ്ക്കും ഇറാനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യമായാണ് സൗദി അറിയപ്പെടുന്നത്. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവർ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായും ആരോപണമുണ്ട്.

 വധശിക്ഷകൾ

2025 - 230

2024 - 338

2023 - 172

2022 - 196

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360