
ദുബായ്: ഒരിടവേളയ്ക്ക് ശേഷം ഗൾഫ് രാജ്യങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി ഇറാൻ. യു.എ.ഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. യു.എ.ഇയെ ലക്ഷ്യമാക്കിയ നാല് ഇറാനിയൻ മിസൈലുകളെ തകർത്തു. യു.എ.ഇയിലേക്ക് വന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതിനിടെ, വടക്കൻ ഒമാനിലെ ഒരു ജനവാസ കെട്ടിടത്തിൽ ഡ്രോൺ അവശിഷ്ടം പതിച്ച് 2 വിദേശികൾക്ക് പരിക്കേറ്റു. മറ്റ് ഗൾഫ് രാജ്യങ്ങൾ ജാഗ്രതയിലാണ്. ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെയും ദക്ഷിണ കൊറിയയുടെയും കപ്പലുകളും ആക്രമിക്കപ്പെട്ടു. ഇറാന്റെ നിയന്ത്രണം മറികടന്ന് ഹോർമുസിലൂടെ വാണിജ്യക്കപ്പലുകളെ കടത്തിവിടാൻ അമേരിക്കൻ നേവി സഹായിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പിന്നാലെയാണ് ആക്രമണങ്ങൾ. ഇറാൻ സേനയുടെ 7 ചെറുബോട്ടുകൾ യു.എസ് തകർത്തു.
# യു.എസ് യുദ്ധക്കപ്പലിനെ ആക്രമിച്ചെന്ന് ഇറാൻ
ഹോർമുസ് കടക്കാൻ ശ്രമിച്ച യു.എസ് യുദ്ധക്കപ്പലിനെ മിസൈലാക്രമണത്തിലൂടെ തുരത്തിയെന്ന് ഇറാൻ. ഇറാന്റെ ബന്ദർ ഇ ജസ്ക് തീരത്തിന് സമീപമായിരുന്നു സംഭവമെന്നും പറയുന്നു. എന്നാൽ വാർത്ത യു.എസ് നിഷേധിച്ചു. രണ്ട് നേവി യുദ്ധക്കപ്പലുകൾ വിജയകരമായി ഹോർമുസ് കടന്ന് പേർഷ്യൽ ഉൾക്കടലിൽ എത്തിയെന്നും രണ്ട് അമേരിക്കൻ ചരക്കുകപ്പലുകളെ ഹോർമുസ് കടക്കാൻ സഹായിച്ചെന്നും യു.എസ് അവകാശപ്പെട്ടു. പേർഷ്യൻ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെ ഹോർമുസ് കടക്കാൻ സഹായിക്കുമെന്ന് (പ്രോജക്ട് ഫ്രീഡം) യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പിന്നാലെയാണ് സംഭവം. ഹോർമുസിൽ യു.എസ് ഇടപെടാൻ ശ്രമിച്ചാൽ വെടിനിറുത്തൽ ലംഘനമായി കാണുമെന്നും അമേരിക്കൻ സൈനികരെ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേ സമയം, സമാധാന ചർച്ചയുടെ ഭാഗമായി യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കാൻ തങ്ങൾ സമ്മതിച്ചെന്ന തരത്തിലെ റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഇറാൻ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |