
വെല്ലിംഗ്ടൺ: വരുന്ന അഞ്ച് പതിറ്റാണ്ടിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഭീകരമായ ഒരു ഭൂകമ്പം ന്യൂസിലൻഡിൽ സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് നൽകുകയാണ് ശാസ്ത്രലോകം. ന്യൂസിലൻഡിലെ ആൽപൈൻ ഫോൾട്ട് മേഖലയിലാണ് ഭൂകമ്പ സാദ്ധ്യതയുള്ളത്. ഇവിടെ റിക്ടർ സ്കെയിലിൽ 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാദ്ധ്യതയുണ്ടെന്ന് വിക്ടോറിയ യൂണിവേഴ്സിറ്റി ഒഫ് വെല്ലിംഗ്ടണിലെ ഗവേഷകർ ചൂണ്ടിക്കാണിച്ചിരുന്നു.
ന്യൂസിലൻഡിന്റെ തെക്ക് സൗത്ത് ഐലൻഡിൽ നിന്ന് 850 കിലോമീറ്റർ നീളത്തിലാണ് ആൽപൈൻ ഫോൾട്ട് എന്നറിയപ്പെടുന്ന ഭീമൻ വിള്ളൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് സതേൺ ആൽപ്സ് പർവത നിരകൾ ഉത്ഭവിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ ശക്തമായ ഭൂകമ്പങ്ങളുടെ ഫലമായാണ് ആൽപൈൻ ഫോൾട്ട് രൂപപ്പെട്ടത്. ഇനിയും ഈ മേഖലയിൽ എപ്പോൾ വേണമെങ്കിലും ശക്തമായ ഭൂകമ്പം ഉണ്ടായേക്കാം.
ഏകദേശം 300 വർഷം കൂടുമ്പോഴെങ്കിലും വൻ ഭൂകമ്പങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. ആൽപൈൻ ഫോൾട്ടിൽ 1717ൽ സംഭവിച്ചത് പോലെ റിക്ടർ സ്കെയിലിൽ ഏകദേശം 8.1 അല്ലെങ്കിൽ അതിൽ കൂടുതലോ തീവ്രതയുള്ള ഭൂകമ്പത്തിന് 82 ശതമാനം സാദ്ധ്യതയുണ്ടെന്നാണ് പഠനം. ആൽപൈൻ ഫോൾട്ടിന്റെ 380 കിലോമീറ്ററോളം വിള്ളലിന് കാരണമായത് 1717ലെ ഭൂകമ്പമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു ഭൂകമ്പത്തെ നേരിടാൻ അധികൃതർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
2009ൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം സൗത്ത് ഐലൻഡിൽ സംഭവിച്ചിരുന്നു. ആൽപൈൻ ഫോൾട്ടിന്റെ സമീപ പ്രദേശങ്ങൾക്ക് ഭൂകമ്പ മുന്നറിയിപ്പ് നൽകാൻ ഭൗമചലനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |