സ്പെയ്നിനെ ഗോളില്ലാ സമനിലയിൽ തളച്ച് കുഞ്ഞൻ രാജ്യം കേപ് വെർദേ
അറ്റ്‌ലാന്റ : ലോകകപ്പിൽ കുഞ്ഞൻരാജ്യങ്ങളുടെ വിസ്മയം. കഴിഞ്ഞദിവസം കുറോസോ ജർമ്മനിക്കെതിരെ ഗോളടിച്ചെങ്കിൽ ഇന്നലെ ഇന്ത്യയുടെ എണ്ണൂറ്റിപ്പതിനഞ്ചിൽ ഒന്നുമാത്രം വലിപ്പമുള്ള ആഫ്രിക്കൻ രാജ്യം കേപ് വെർദേ സൂപ്പർ ടീമായ സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ചു. കിരീടപ്രതീക്ഷയുമായി ലോകകപ്പിനെത്തിയ ഹോളണ്ടിനെ ജപ്പാൻ 2- 2ന് സമനിലയിൽ തളച്ചതും ശ്രദ്ധേയമായി.
40കാരനായ ഗോളി വൊസീഞ്ഞയുടെ എണ്ണംപറഞ്ഞ സേവുകളാണ് ആദ്യ പകുതിയിൽ സ്പെയ്നിന്റെ ക്ഷമപരീക്ഷിച്ചത്. കുക്കറെല്ലയും റൊഡ്രിയും പെഡ്രിയും ഗാവിയും ഒയർസബാലുമെല്ലാം പലതവണ കിണഞ്ഞ് പരിശ്രമിച്ചിട്ടും ആദ്യ പകുതിയിൽ വൊസീഞ്ഞയുടെ പ്രതിരോധത്തെ പൊളിക്കാനായില്ല.രണ്ടാം പകുതിയിലും സ്പാനിഷ് ആക്രമണങ്ങൾക്കും വലയ്ക്കും ഇടയിൽ ബാഹുബലിയെപ്പോലെ വൊസീഞ്ഞ നിന്നു. ഒപ്പം ബാക്കി പത്തുപേരും ചേർന്ന പ്രതിരോധവും. യുവ സൂപ്പർ താരം ലാമിൻ യാമാലിനെ ആദ്യ ഇലവനിൽ നിന്നൊഴിവാക്കി കരയ്ക്കിരുത്തിയത് സ്പാനിഷ് ആക്രമണങ്ങളുടെ മൂർച്ച കുറച്ചു. ഒടുവിൽ 70-ാം മിനിട്ടിൽ യമാലിനെ കളത്തിലിറക്കേണ്ടിവന്നു.എന്നിട്ടും ഫലമുണ്ടായില്ല.അവസാനനിമിഷങ്ങളിൽ കേപ്പും ആക്രമിക്കാനിറങ്ങിയതോടെ കളി ആവേശകരമായി.
ഫ്രാൻസ്, അർജന്റീന കളത്തിലേക്ക്
ലോകകപ്പിൽ നിലവിലെ റണ്ണർഅപ്പുകളായ ഫ്രാൻസിന് ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് ആദ്യ മത്സരം. എതിരാളികൾ സെനഗൽ. നാളെ രാവിലെ ആറരയ്ക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കളത്തിലെത്തുന്നത്. എതിരാളികൾ അൾജീരിയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |