SignIn
Kerala Kaumudi Online
Tuesday, 28 July 2026 5.22 PM IST

ചൂട് കൂടിയപ്പോൾ വാങ്ങിയവർക്കെല്ലാം പണി കിട്ടിത്തുടങ്ങി; ശ്രദ്ധിച്ചില്ലെങ്കിൽ തീപിടിത്തം പോലുമുണ്ടാകാം

explainer
പ്രതീകാത്മക ചിത്രം

കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ ചൂട് വർദ്ധിച്ചുവരികയാണ്. അതിന്റെ ഭാഗമായി പലയിടത്തും ഫാനിന്റെയും എസിയുടെയും ഉപയോഗം വർദ്ധിച്ചുവരികയാണ്. അമിതമായ ചൂട് കാരണം പലരും കയ്യിൽ പോലും ഫാനുമായി നടക്കുന്ന സ്ഥിതിയാണ്. അതിനാൽ, ഇപ്പോൾ പല സൂപ്പർമാർക്കറ്റുകളിലും പോർട്ടബിൾ ഹാൻഡ് ഫാനുകൾ ലഭ്യമാണ്. കടകളിൽ 300 രൂപ മുതൽ ഈ ഫാനുകൾ ലഭിക്കും. ഓൺലൈനിൽ വാങ്ങുകയാണെങ്കിൽ ഇതിലും വില കുറച്ച് ലഭിക്കും. എന്നാൽ, നല്ല ബ്രാൻഡുകളുടെ ഹാൻഡ് ഫാനുകൾക്ക് വില കൂടുതലാണ്. അതിനാൽ, ഇത്തരം ഫാനുകൾ ഏറെപ്പേരും വാങ്ങാറുണ്ട്.

ബസിൽ, പാർക്കിൽ, ട്രെയിനിൽ തുടങ്ങി ചൂടുകാലത്ത് പുറത്തിറങ്ങുമ്പോഴെല്ലാം ഭൂരിഭാഗംപേരും ഫാൻ ഉപയോഗിക്കാറുണ്ട്. വളരെ വിലകുറഞ്ഞ ഇലക്‌ട്രിക് ഫാനുകൾ ചാർജ് ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്. ഇവ ഹ്രസ്വകാലത്തേക്ക് ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. അതിനാൽത്തന്നെ ഇവ കേടായിക്കഴിഞ്ഞാൽ ഉപേക്ഷിക്കണം. ഇത്തരത്തിൽ കോടിക്കണക്കിന് ഇ- വേസ്റ്റുകളാണ് ലോകത്ത് അടിഞ്ഞുകൂടുന്നത്.

ഇ - വേസ്റ്റുകൾ വർദ്ധിച്ചാൽ

പരമ്പരാഗത ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തരം ഉപകരണങ്ങളിൽ പലതിനും ആയുസ് വളരെ കുറവായിരിക്കും. ഇവ നന്നാക്കാനോ പുനരുപയോഗിക്കാനോ സാധിക്കില്ല. അതിനാൽ, ഇലക്‌ട്രിക് മാലിന്യങ്ങളായി തള്ളുകയല്ലാതെ ഇവയെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഒരു ഹാൻഡ് ഫാനിന് 200 ഗ്രാം മാത്രമേ ഭാരമുണ്ടാകുകയുള്ളു. എന്നാൽ, അതിൽ സങ്കീർണമായ വസ്‌തുക്കളുടെ മിശ്രതങ്ങളാകും അടങ്ങിയിരിക്കുന്നത്. പ്ലാസ്റ്റിക്കിനുള്ളിൽ റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററിയും ബ്രഷ്‌ലെസ് മോട്ടോറുകളും ഒരു ചെറിയ പ്രിന്റഡ് സർക്യൂട്ട് ബോർഡും ഉണ്ടാകും. ഈ വസ്‌തുക്കളെല്ലാം മാലിന്യമാകുന്നതിലൂടെ പാരിസ്ഥിതിക ദോഷങ്ങൾക്ക് കാരണമാകും.

handfan
പ്രതീകാത്മക ചിത്രം

ലിഥിയം, ചെമ്പ് തുടങ്ങിയ വസ്‌തുക്കൾ ഖനനം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും വലിയ അളവിൽ വെള്ളവും ഊർജവും ആവശ്യമാണ്. ഇത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഓരോ ഫാനിലും ഇവ ചെറിയ അളവിലേ ഉപയോഗിക്കുന്നുള്ളു എങ്കിലും ഇതുണ്ടാക്കുന്ന മാലിന്യങ്ങൾ പ്രകൃതിക്ക് വലിയ ദോഷമാണ്.

ഈ വർഷം പകുതിയായപ്പോൾ യുകെയിൽ എട്ട് ദശലക്ഷത്തിലധികം ഹാൻഡ് ഫാനുകളാണ് വിൽക്കപ്പെട്ടത്. നിലവിലെ രീതി തുടരുകയാണെങ്കിൽ 2030 ആകുമ്പോഴേക്കും ഫാൻ വിൽപ്പന ഇരട്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂട് വർദ്ധിച്ചുവരുന്നതിനാൽ ഓരോ വർഷവും ഫാൻ വാങ്ങുന്നവരുടെ എണ്ണം കൂടും. ഈ വിൽക്കുന്ന ഫാനിൽ പകുതിയും ഓരോ വർഷവും ഉപേക്ഷിക്കപ്പെടുന്നു. ഇവ മാലിന്യത്തിനൊപ്പം വലിച്ചെറിയുകയാണ്. ഈ വർഷം 1.8 ദശലക്ഷം ഹാൻഫാനുകൾ കേടായതോടെ ഉപേക്ഷിക്കപ്പെട്ടു. 2030 ആകുമ്പോഴേക്കും വർദ്ധിക്കും.

ഇവ മാലിന്യത്തോടൊപ്പം ഉപേക്ഷിക്കുന്നത് ആപത്താണ്. ഇതിലെ ലിഥിയം-അയൺ ബാറ്ററികൾ ചിലപ്പോൾ തീപിടിക്കാൻ കാരണമാകും. മാലിന്യക്കൂമ്പാരത്തിൽ വച്ചാണ് തീപിടിക്കുന്നതെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകും. പലപ്പോഴും കാരണം അറിയാതെ പോകുന്ന തീപിടിത്തങ്ങൾക്ക് കാരണം ഇത്തരം ചെറിയ ഉപകരണങ്ങളാണ്. വില കുറഞ്ഞവയായതിനാൽ ഇവ നന്നാക്കി ഉപയോഗിക്കാൻ ആരും ശ്രമിക്കില്ല. പണിക്കൂലിയേക്കാൾ കുറഞ്ഞ വിലയിൽ ഫാൻ ലഭിക്കുന്നതാണ് ഇതിന് കാരണം. മാത്രമല്ല, ഇവയുടെ സ്‌പെയർ പാർട്‌സും ലഭ്യമല്ല. വിൽപ്പന കൂടാനായി പലരും കേടായാലും ശരിയാക്കാൻ കഴിയാത്ത രീതിയിലാണ് ഫാൻ നിർമിക്കുന്നതും.

fan-
പ്രതീകാത്മക ചിത്രം

വാങ്ങുന്നതിന് മുമ്പ്

കേരളത്തിൽ ഇത്തവണ മഴ കുറവായതിനാൽ ചൂട് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. അതിനാൽ, പലരും ഇത്തരം ഹാൻഡ് ഫാനുകൾ വാങ്ങിയിട്ടുണ്ട്. ഇവ വാങ്ങുന്നതിന് മുമ്പ് ശരിക്കും ഇതുകൊണ്ട് ആവശ്യമുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കുക. വാറന്റി ഉള്ളത് നോക്കി വാങ്ങുക. അഥവാ ചീത്തയായാലും ഇവയെ ചവറ്റുകുട്ടയിൽ വലിച്ചെറിയരുത്. ഇലക്‌ട്രിക് വേസ്റ്റുകൾ സ്വീകരിക്കുന്ന റീസൈക്ലിംഗ് കേന്ദ്രങ്ങളിലേക്ക് ഇവ കൊണ്ടുപോകുക. കൂടുതൽ കാലം നിൽക്കുന്നതും നല്ല ക്വാളിറ്റിയുള്ളതുമായ ഫാനുകൾ നോക്കി വാങ്ങുക. ഇത് നിങ്ങൾക്ക് വർഷങ്ങളോളം ഉപയോഗിക്കാം എന്നുമാത്രമല്ല, പ്രകൃതിക്ക് ദോഷം ചെയ്യുകയുമില്ല.

English Summary

Rising heat in Kerala has increased the use of portable hand fans. These inexpensive, short-lived devices contain complex materials, including lithium-ion batteries, which contribute significantly to e-waste. Improper disposal causes environmental damage, resource depletion, and fire hazards in landfills. Consumers are advised to opt for durable models and utilize proper e-waste recycling.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PORTABLE FAN SAFETY, RECHARGEABLE FAN FIRE RISK, BATTERY FAN OVERHEATING, PORTABLE FAN NEWS, RECHARGEABLE FAN SAFETY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360