ജെറുസലേം : ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബോർഡ് ഓഫ് പീസ് എന്ന പേരിൽ ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന കരാറാണ് നെതന്യാഹു തള്ളിയത്. ഹമാസിനെ പൂർണമായും നിരായുധരാക്കുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. വെടിനിറുത്തൽ ധാരണ നിലനിൽക്കുമ്പോഴും ഗാസയിൽ ഇസ്രയേൽ സൈനിക ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ആവശ്യമെങ്കിൽ അടുത്ത സഖ്യകക്ഷികളെ വരെ എതിർക്കാൻ മടിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
ഗാസയിൽ ഡൊണാൾഡ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിരുന്നില്ല ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ട്രംപിന്റെ പദ്ധതി നിരസിക്കുകയാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിനെ നിരായൂധീകരിക്കുന്നത് വരെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻമാറില്ല. ഞങ്ങളുടെ സൈന്യത്തിനും പൗരൻമാർക്കും എതിരെയുള്ള ഭീഷണികൾ തടയുന്നത് തുടരുകയുും ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.
അതേസമയം ഇസ്രയേലിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് സൂചന. ട്രംപ് പറയുന്നത് മാത്രമാണ് നെതന്യാഹു ചെയ്യുന്നതെന്ന് ഇസ്രയേലിൽ വ്യാപക പ്രചരണം നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |