റൊട്ടികടി മത്സരത്തിൽ ജയിച്ചവർ ആരുണ്ട്?

സജീവ് കൃഷ്‌ണൻ | Monday 19 November 2018 1:00 AM IST

gurusagaram-

തിരുമണിവെങ്കിടപുരം കവലയിൽ ചൂടുള്ള പുട്ടും കൊതിപ്പിക്കുന്ന ഗന്ധമുള്ള കടലക്കറിയും നല്ല പാൽച്ചായയുമുള്ള ചായക്കട നടത്തിയ വെളിച്ചപ്പാടിനെ ഓർത്തുപോകുന്നു. സൗമ്യനായി ചിരിച്ച് താടിയും കുടുമകെട്ടിയ മുടിയും തടവി മാനേജർ കസേരയിൽ ഇരിക്കും വെളിച്ചപ്പാട്. പക്ഷേ, മീനഭരണിനാളിൽ അതേ വെളിച്ചപ്പാട് മൂത്തേടത്തുകാവിലെ കാളിയുടെ നടയിൽ വാളും ചിലമ്പും കുലുക്കി ഉറഞ്ഞുതുള്ളി നെറ്റിയിൽവെട്ടി ചോരയി​റ്റിക്കുന്നത് കാണുമ്പോൾ ഭയംകൊണ്ട് മുട്ടുവിറച്ചുപോയിട്ടുണ്ട്. പി​റ്റേന്ന് രാവിലെ അതേയാൾതന്നെ പഴയപോലെ പുഞ്ചിരിച്ച് താടിയും തടവി ചായക്കടയിൽ ഇരിക്കുന്നതുകാണുമ്പോൾ വീണ്ടും അത്ഭുതം വരും. അതുവഴിപോകുമ്പോൾ കണ്ണേറുകൊണ്ട് അദ്ദേഹത്തിന്റെ ഭസ്മം പൂശിയ നെ​റ്റിയിൽ പരതും, ഇന്നലെ ചോരയി​റ്റിച്ച മുറിവുകാണാനുണ്ടോ? ഇല്ലേയില്ല. ബാല്യം വിട്ടപ്പോഴാണ് വെളിച്ചപ്പാടിനെ അടുത്തറിഞ്ഞത്. ഈ രണ്ടുമുഖങ്ങളും തീരാത്തജീവിതവ്യഥയെ ശമിപ്പിക്കാനുള്ള ജീവനമാർഗമാണെന്നറിഞ്ഞപ്പോൾ അത്ഭുതവും ഭയവും മാറി. പകരം അദ്ദേഹത്തോട് സഹതാപമാണുണ്ടായത്.


ജീവിതം എല്ലാവരോടും ഇങ്ങനെയാണ്. സന്ന്യാസിയാകാൻ ജനിച്ചാലും താന്തോന്നിയാകാൻ ജനിച്ചാലും ലോകം അവനെക്കൊണ്ട് പലവിധ കോലങ്ങൾ കെട്ടിക്കും. ഓരോ വേഷങ്ങൾക്കുള്ളിൽ നീറിയും പുകഞ്ഞും ഇടവേളകളിൽ അല്പം നല്ലകാലം കിനാവുകണ്ടും തീർക്കാനുള്ളതാണ് ജീവിതം. നാം വിചാരിക്കും നമുക്കുമാത്രമേ ദുരിതവും സങ്കടങ്ങളുമുള്ളൂ എന്ന്. എല്ലാവരും ഒരുതരത്തിലല്ലെങ്കിൽ മ​റ്റൊരുതരത്തിൽ ദുരിതം പേറുന്നവരാണെന്നത് അടുത്താലേ അറിയൂ. അതുകൊണ്ടാണ് ജഗത്തിന്റെ രഹസ്യം അറിയാൻ സത്യാന്വേഷണത്തിനിറങ്ങിയ ഭഗവാൻ പിണ്ഡനന്ദിയിൽ എഴുതിയത് :


കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേൾക്ക ശംഭോ!


എല്ലാ ദുരിതപർവങ്ങളും നീന്തിക്കടന്ന് സത്യമാകുന്ന കരുവിങ്കലെത്തിയിട്ട് അവിടെയിരുന്നുകൊണ്ട് പിന്നിട്ടവഴികളെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ കരഞ്ഞുപോവുകയാണെന്നാണ് ഭഗവാൻ ശ്രീനാരായണഗുരു മൊഴിയുന്നത്. ഓർത്താൽ വിസ്മയവും ഭയവും സമ്മാനിക്കുന്നതാണ് ഈ ലോകം. ഇവിടെ വന്നവരാരും തന്നെ വികാരത്തീയെ അറിയാതെ പോയിട്ടില്ല. ചിലർക്ക് പക്ഷേ, അവയെ മറികടക്കാനുള്ള വഴി തുറന്നുകിട്ടുന്നു. ചിലരാകട്ടെ ദുർവിധികളോടു പൊരുതി പൊലിഞ്ഞു പോകുന്നു. ഭവാബ്ധിയെ ദൈവപദമാകുന്ന ആവിത്തോണിയിൽ കയറി മറികടക്കുവാനുള്ള വഴിയാണ് നാം തേടേണ്ടതെന്ന് ദൈവദശകത്തിൽ ഭഗവാൻ നമ്മെ ഓർമ്മിപ്പിക്കുന്നതും അല്ലായെങ്കിൽ സഹിക്കവയ്യാത്ത ശ്വാസംമുട്ടലിൽ കയ്പ്പുവെള്ളം കുടിച്ച് താണുപോകാവുന്ന ഒരു സമുദ്റംതന്നെയാണ് സംസാരം എന്നതുകൊണ്ടാണ്. ഇല്ലാത്തതിനെ ഉണ്ടെന്ന് തോന്നിക്കുന്നതാണ് പ്രപഞ്ചം. ഉള്ളത് മറച്ചുവയ്ക്കുന്നവനാണ് അതിന്റെ കാരണക്കാരൻ. അവൻ മായാമറയിട്ടുകൊണ്ട് അത്ഭുതവും ഭയവും സന്തോഷവും സങ്കടവും സുഖവും ദുഃഖവുമൊക്കെ മാറിമാറി ജനിപ്പിക്കുന്നു. ഇവയൊക്കെ സത്യമെന്നു കരുതുന്നവർ അവന്റെ താളത്തിനൊത്ത് തുള്ളിമറിയുന്നു. കെട്ടിയിട്ടാട്ടുന്ന റൊട്ടിയിൽ കടിക്കാൻ ശ്രമിക്കുന്ന കുട്ടിയെപ്പോലെ കുഴഞ്ഞുവീഴും വരെ നാം ചാടിക്കൊണ്ടേയിരിക്കുന്നു. ഒന്നോർത്താൽ നമ്മുടെ എല്ലാത്തരം ചാട്ടങ്ങളും അന്നാദികൾക്കുവേണ്ടിയിട്ടാണ്. അന്നാദിയിൽ പ്രിയമുണർന്നാടലാം കടലിൽ ഒന്നായി വീണുവലയുന്നുവെന്ന് ജനനീ നവരത്‌നമഞ്ജരിയിൽ ഭഗവാൻ വർണിക്കുന്നതും ഇതേ ജീവിതമാണ്. എല്ലാവരും ഒരേ ദുഃഖക്കടലിലാണ് വീണിരിക്കുന്നതെന്ന തിരിച്ചറിവിലാണ് മനുഷ്യർക്കിടയിൽ സമത്വമെന്ന ആശയം ഉടലെടുക്കുന്നത്. അപ്പോഴാണ് ഒന്നിച്ചു കരകയറണമെന്ന ശരിയായ സംഘടിതബോധം ഉയരുന്നതും. ഈ രണ്ട് തിരിച്ചറിവുകളാണ് വിദ്യകൊണ്ട് സ്വതന്ത്റരാകാനും സംഘടനകൊണ്ട് ശക്തരാകാനും ഗുരു മൊഴിഞ്ഞതിന്റെ ഉള്ളടക്കം. ദർശനമാലയുടെ എട്ടാം പദ്യത്തിൽ ഈ ദുഖഃക്കടലിന്റെ ബീഭത്‌സരൂപമാണ് ഭഗവാൻ തുറന്നുകാട്ടുന്നത്:


ഭയംകരമിദം ശൂന്യം
വേതാളനഗരം യഥാ
തഥൈവ വിശ്വമഖിലം
വ്യകരോദത്ഭുതം വിഭുഃ


ഒരു വേതാളം സൃഷ്ടിച്ച് കാട്ടുന്ന മായാജാലംപോലെയാണ് ഈ ലോകവ്യവസ്ഥയെ നോക്കിയാൽ അറിവില്ലാത്ത ഒരുവന് തോന്നുക. ഒരേ സമയം ഭയം ജനിപ്പിക്കുന്നതും അതേ സമയം അതേക്കുറിച്ച് അന്വേഷിച്ചിറങ്ങുന്നവനിൽ ശൂന്യത സമ്മാനിക്കുന്നതുമാണിത്. ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണി പൊരുളൊടുക്കുമ്പോൾ ദൃശ്യത്തെ അന്വേഷിക്കുന്ന ദൃക്ക് ചെന്ന് നിന്നുപോകുന്നത് ഈ ശൂന്യതയ്ക്കുമുന്നിലാണ്. അതുപോലെയാണ് വിഭുവായ ഈശ്വരൻ സർവലോകത്തെയും സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ഇതിന്റെ സാരം.


സൃഷ്ടികളിലൂടെ സഞ്ചരിക്കേണ്ടത് സൃഷ്ടികർത്താവിലേക്കാണ്, സൃഷ്ടി വൈവിദ്ധ്യത്തിലേക്കല്ല. സൃഷ്ടി വൈവിദ്ധ്യത്തിലേക്കാണ് ഭൗതികശാസ്ത്രം സഞ്ചരിക്കുന്നത്. അതിനാലാണ് ഭൗതികശാസ്ത്രം കാലംമാറുമ്പോൾ കോലം മാറുന്നതും സിദ്ധാന്തങ്ങൾ മാ​റ്റിപ്പിടിക്കുന്നതുമെല്ലാം. സൃഷ്ടിയെക്കുറിച്ചുള്ള അന്വേഷണം സൃഷ്ടികർത്താവിലേക്ക് നീളുന്നതാണ് ആത്മവിദ്യ. അതിന്റെ അന്ത്യത്തിലും ശാസ്ത്രകാരൻ കാണുന്ന അതേ ശൂന്യതതന്നെയാണ് കാണുക. എന്നാൽ ശൂന്യതകണ്ട് മടങ്ങിപ്പോരാതെ ദൃക്ക് ഈ മായാജാലം കാട്ടുന്നവനെ ശൂന്യതയ്ക്കപ്പുറം കടന്ന് കണ്ടെത്തി അതിൽ അസ്പന്ദമാകുന്നിടത്താണ് ശാസ്ത്രകാരനെയും മറികടന്ന് ആത്മവിദ്യക്കാരൻ സത്യസാക്ഷാത്കാരം നേടുന്നത്. പിന്നെ ഒന്നും അവനിൽ അത്ഭുതമല്ല. ഇതെല്ലാം സത്യവസ്തുവിന്റെ പ്രപഞ്ചനാടകമാണെന്നുകണ്ട് വാഴ്ത്തി ആനന്ദലഹരി നുണയും. തപസിനൊടുവിൽ ശിവൻ തുടിമുഴക്കിയാടുന്നതും ഇതേ അറിവിലുണർന്നതിന്റെ ആനന്ദംകൊണ്ടാണ്. ജീവിതം മുഴുവൻ റൊട്ടികടിക്കാൻ നടന്നാൽ ഇതറിയാൻ വഴിയില്ല. ഒരു റൊട്ടി കടിച്ചെടുക്കുമ്പോൾ അതിനേക്കാൾ കൊതിപ്പിക്കുന്ന മ​റ്റൊരു റൊട്ടി അവിടെ തൂങ്ങിയാടുന്നുണ്ടാവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT