SignIn
Kerala Kaumudi Online
Saturday, 17 August 2024 8.32 AM IST

പോളിംഗ് കുറഞ്ഞത് ആർക്ക് ഗുണമാകും

f

1977-ൽ ഇടുക്കി ലോകസഭാ മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള രണ്ടാമത്തെ കുറഞ്ഞ പോളിംഗ് ശതമാനത്തിന്റെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ് ഇടുക്കിയിലെ മുന്നണികളും സ്ഥാനാർത്ഥികളും. അവസാന കണക്കിൽ 66.55 ശതമാനമാണ് ഇടുക്കി ലോകസഭാ മണ്ഡലത്തിലെ പോളിംഗ്. 12,51,189 വോട്ടർമാരുള്ള മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത് 8,31,936 പേർ മാത്രം. 2019ൽ 76.36 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയുണ്ടായത് 9.81 ശതമാനത്തിന്റെ കുറവ്.

ഉയരുമ്പോൾ

ഇടത്തോട്ട്

പോളിംഗ് ശതമാനം ഉയരുമ്പോൾ യു.ഡി.എഫ് വൻ വിജയം നേടുന്നതും ഇടിയുമ്പോൾ ഇടുക്കി എൽ.ഡി.എഫിനെ തുണക്കുന്നതോ യു.ഡി.എഫ് ഭൂരിപക്ഷം നാമമാത്രമാകുതോ ആണ് ചരിത്രം. ഇതിന് മുമ്പ് ഒരിക്കൽ മാത്രമാണ് പോളിംഗ് ശതമാനം ഇതിലും താഴ്ന്നിട്ടുള്ളത്. അത് 1980ലായിരുന്നു. അന്ന് 54.1 ശതമാനമായിരുന്നു പോളിംഗ്. അന്ന് സി.പി.എമ്മിലെ എം.എം. ലോറൻസ് 7,023 വോട്ടുകൾക്ക് വിജയിച്ചു. പിന്നീട് കുറഞ്ഞ പോളിംഗ് നടന്നത് 1998ൽ- 68.2 ശതമാനം. അന്ന് കോൺഗ്രസ് നേതാവ് പി.സി. ചാക്കോ വിജയിച്ചത് കേവലം 6,350 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്. 1999ൽ 69.4 ശതമാനം പോളിംഗ് നടന്നപ്പോൾ എൽ.ഡി.എഫിലായിരുന്ന ഫ്രാൻസീസ് ജോർജ് 9,298 വോട്ടുകൾക്ക് ജയിച്ചു കയറി. 2004ൽ ഫ്രാൻസീസ് ജോർജ് 69,384 വോട്ടുകൾക്ക് വിജയം ആവർത്തിച്ചപ്പോൾ പോളിംഗ് 70.54 ശതമാനമായിരുന്നു. ഇടതുമുന്നണി ഏറ്റവുമൊടുവിൽ വിജയിച്ച 2014ൽ 70.76 ശതമാനമായിരുന്നു പോളിംഗ്. ഇപ്പോൾ ജനവിധി തേടുന്ന ജോയ്സ് ജോർജ് അന്ന് കന്നിയങ്കത്തിൽ നേടിയത് 50,542 വോട്ടിന്റെ ഭൂരിപക്ഷം.

താഴുമ്പോൾ

വലത്തോട്ട്

അതേ സമയം പോളിംഗ് കുതിച്ചു കയറിയപ്പോൾ യു.ഡി.എഫ് ഭൂരിപക്ഷം കനത്തതായതെന്നതാണ് ചരിത്രം. 1977ലെ ആദ്യ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 73.7. അന്ന് കോൺഗ്രസ് ദേശീയ നേതാവ് സി.എം. സ്റ്റീഫൻ ലോക്സഭയിലെത്തിയത് 79,537 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. 1984ലെ ഇന്ദിരാ സഹതാപ തരംഗത്തിൽ പോളിംഗ് 75.4 ആയി. കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ ഭൂരിപക്ഷം 1,30,624 വോട്ടായിരുന്നു. 1989ൽ 77 ശതമാനം പോളിംഗ് നടപ്പോൾ കോൺഗ്രസിന്റെ പാലാ കെ.എം. മാത്യുവിന് ഇടുക്കിക്കാർ നൽകിയത് 91,479 വോട്ടിന്റെ മേൽക്കൈ. 1991ൽ പോളിംഗ് ശതമാനം 71.5 ആയി കുറഞ്ഞു. ഒപ്പം പാലാ കെ.എം. മാത്യുവിന്റെ ഭൂരിപക്ഷം 25,506 ആയും താഴ്ന്നു. 1996ൽ പോളിംഗ് 70.4 മാത്രം. കോൺഗ്രസിലെ എ.സി. ജോസിന് കിട്ടിയത് 30,410 വോട്ടിന്റെ ലീഡും.
1999ലും 2004ലും എൽ.ഡി.എഫ് വിജയത്തിന് ശേഷം 2009ലെ തിരഞ്ഞെടുപ്പിൽ പോളിംഗ് 73.89 ശതമാനമായിരുന്നു. അന്ന് പി.ടി. തോമസിനെ പുതിയ രൂപത്തിലുള്ള ഇടുക്കി മണ്ഡലം അനുഗ്രഹിച്ചത് 74,796 വോട്ടിന്റെ മുൻതൂക്കം നൽകി. 2019ൽ ഡീൻ കുര്യാക്കോസ് 1,71,053 വോട്ടിന്റെ ഉജ്ജ്വല വിജയം നേടാൻ 76.36 ശതമാനത്തിന്റെ മികച്ച പോളിംഗ് തുണച്ചുവെന്ന് വ്യക്തം.

ഏഴിലും

ഇടിവ്

ഏഴ് നിയമസഭാ മണ്ഡലങ്ങളിലും 2014, 2019 തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിംഗിൽ വൻ ഇടിവുണ്ടായി. 2014ൽ 3,088 വോട്ട് മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന തൊടുപുഴ അസംബ്ലി മണ്ഡലം 2019ൽ ഡീൻ കുര്യാക്കോസിന് നൽകിയത് 37,023 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2014ൽ ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിൽ യഥാക്രമം 22,692,​ 9,121,​ 5,979 എന്നിങ്ങനെ വോട്ടുകൾ നേടിയാണ് ജോയ്സ് ജോർജ് ഭൂരിപക്ഷം സ്വന്തമാക്കിയത്. ഈ മണ്ഡലങ്ങളിൽ ഡീൻ കുര്യാക്കോസ് കഴിഞ്ഞ തവണ യഥാക്രമം 12,494,​ 24,036,​ 23, 380 എന്നീ വോട്ടുകളുടെ മേൽക്കൈ നേടി. 2014ൽ മൂവാറ്റുപുഴയിൽ 5,572 വോട്ടിന്റെയും കോതമംഗലത്ത് 2,476 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു ഡീൻ കുര്യാക്കോസിന്. എന്നാൽ 2019ൽ ഇത് യഥാക്രമം 32,539ഉം 20,596മായി കുതിച്ചുകയറി. ഇടുക്കി രൂപത ആസ്ഥാനം അടങ്ങുന്ന ഇടുക്കി നിയമസഭാ മണ്ഡലം 2014ൽ ജോയ്സ് ജോർജിന് നൽകിയത് 24,227 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷമായിരുന്നു. എന്നാൽ 2019ൽ 20,928 വോട്ടിന്റെ ആധിപത്യവുമായി ഡീൻ ഇതിന് പകരം വീട്ടി.

2009ലെ 28,227 വോട്ട് 2014ൽ 50,438 വോട്ടാക്കി എൻ.ഡി.എ ഉയർത്തിയിരുന്നു. 2019ൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായ ബിജു കൃഷ്ണന്റെ കുടത്തിൽ വീണത് 78,648 വോട്ടാണ്. ഇക്കുറി എൻ.ഡി.എ അണികളിലെ മാന്ദ്യം അവരുടെ പോക്കറ്റുകളിലെ പോളിംഗ് കുറച്ചിട്ടുണ്ട്. കാൽ ലക്ഷത്തോളം എൻ.ഡി.എ വോട്ട് യു.ഡി.എഫിന് വീണിട്ടുണ്ടാകാം എന്ന സംശയം എൽ.ഡി.എഫിനുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പോളിംഗ് ശതമാനം കുറഞ്ഞ പശ്ചാത്തലത്തിൽ ജോയ്സിന്റെ വിജയം ഉറപ്പെന്നും എൽ.ഡി.എഫ് കരുതുന്നു.

കുറയാൻ

കാരണം പലത്


പോളിംഗ് ശതമാനം കുറഞ്ഞതിന് വിലയിരുത്തപ്പെടുന്ന കാരണങ്ങൾ പലതാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശനാടുകളിലേക്കുണ്ടായ യുവാക്കളുടെ ഒഴുക്ക്. ഇവരിൽ ഭൂരിഭാഗവും വോട്ടർ പട്ടികയിൽ പേരുള്ളവരാണ്. കനത്ത ചൂടും പൊതുവെയുണ്ടായ നിസംഗതയും വോട്ടർമാരെ ബാധിച്ചു. മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കാത്ത വോട്ടർ പട്ടികയായിരുന്നു ഇത്തവണത്തേത്. പോളിംഗ് വൈകിപ്പിച്ച് വോട്ടർമാരെ ബൂത്തുകളിൽ നിന്നും മടങ്ങിപ്പോകാൻ ചില ഉദ്യോഗസ്ഥർ നിർബന്ധിതരാക്കി എന്ന രാഷ്ട്രീയ ആരോപണം യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്.

എന്നിരിക്കലും ഭൂരിപക്ഷം കുറഞ്ഞാലും ഡീൻ കുര്യാക്കോസിന്റെ വിജയം ഉറപ്പാണെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ പോൾ ചെയ്യാത്ത വോട്ടുകൾ തങ്ങളുടേതല്ലെന്നാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ അവകാശപ്പെടുന്നത്. പോളിംഗ് കുറഞ്ഞതിന് എതിർപാർട്ടികളുടെ പ്രവർത്തനമാണ് കാരണമായി ഇവർ ചൂണ്ടക്കാട്ടുന്നത്. തങ്ങളുടെ വോട്ടുകൾ കൃത്യമായി ചെയ്തിട്ടുണ്ടെന്നും അതിനാൽ വിജയം സുനിശ്ചിതമാണെന്നും മൂന്ന് പേരും ഒരു പോലെ വാദിക്കുന്നു. ഏതായാലും കുറഞ്ഞ പോളിംഗ് ശതമാനം ആരെ തുണയ്ക്കുമെന്ന് അറിയാൻ ജൂൺ നാല് വരെ കാത്തിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.