SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.07 AM IST

നഴ്സിംഗ് രംഗത്തെ നിർബന്ധിത പരിശീലനം

Increase Font Size Decrease Font Size Print Page
d

വിദേശങ്ങളിലേക്ക് കേരളത്തിന്റെ വഴിതുറന്ന ആദ്യ മേഖലകളിലൊന്നാണ് നഴ്സിംഗ്. കേരളത്തിൽ നിന്ന് അറുപതുകളുടെ പകുതിയിൽത്തന്നെ നഴ്സിംഗ് കോഴ്സുകൾ പാസായവർ ജർമ്മനിയിലേക്കും മറ്റും ജോലി തേടി പോയിരുന്നു. പിന്നീട് ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും കേരളത്തിൽ നിന്നുള്ള നഴ്സുമാർ ആതുരശുശ്രൂഷാ രംഗത്ത് അവരുടേതായ മികവ് തെളിയിക്കുകയും ഈ മേഖലയിൽ കേരളത്തിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണനയും മുൻഗണനയും ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. 1963-ലാണ് കേരളത്തിൽ തിരുവനന്തപുരത്ത് സ്കൂൾ ഒഫ് നഴ്സിങ് സ്ഥാപിതമായത്. ഇന്നാകട്ടെ,​ കേരളത്തിൽ പല ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകളോടൊപ്പം തന്നെ സ്വകാര്യ ആശുപത്രികളും നഴ്സിംഗ് കോഴ്സുകൾ നടത്തുന്നുണ്ട്.

ഏകദേശം ഇരുന്നൂലധികം സ്പെഷ്യാലിറ്റികൾ ഉള്ള ഒരു ആരോഗ്യമേഖലയാണ് നഴ്സിങ്. ഇതിൽ ഒരു പ്രത്യേക വിഭാഗത്തിൽ പരിശീലനം നേടാൻ കഴിയും. ഇത് പലപ്പോഴും ഉയർന്ന ശമ്പളം നേടുന്നതിനും വിദഗ്ദ്ധ സേവനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. നഴ്സിങിൽ ഒരു വ്യക്തിയുടെ താത്പര്യം എന്തുതന്നെയായാലും അവർക്ക് താത്പര്യമുള്ള ഒരു പ്രത്യേക സ്പെഷ്യാലിറ്റി കണ്ടെത്താൻ സാധിക്കും. വിദേശത്തും സ്വദേശത്തുമുള്ള ആശുപത്രികളിലും തൊഴിൽ സാദ്ധ്യത വർദ്ധിച്ചത് ഈ കോഴ്സിന്റെ സ്വീകാര്യത വർദ്ധിക്കാൻ കാരണമായി. എന്നിരുന്നാലും ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ നഴ്സുമാർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഇന്നും ഒരു പ്രശ്നമായി തുടരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ധാരാളം സമരങ്ങളും നടന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ കൂടുതൽ സമയം പണിയെടുക്കുകയും അതേസമയം താരതമ്യേന കുറഞ്ഞ ശമ്പളം കെെപ്പറ്റുകയും ചെയ്യുന്ന അവസ്ഥയാണ് പല സമരങ്ങൾക്കും ഹേതുവായത്.

ഈ സമരങ്ങളിലെല്ലാം അവർ ആവർത്തിച്ചിരുന്ന ഒരു ആവശ്യമായിരുന്നു കേരളത്തിൽ നഴ്സിങ് പഠനത്തിനു ശേഷം ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്നു വയ്ക്കണമെന്നത്. സ്വകാര്യ ആശുപത്രികൾ നടത്തുന്ന നഴ്സിങ് കോഴ്സുകൾ പൂർത്തിയാക്കുന്നവർ അവരുടെ ആശുപത്രിയിൽ ഒരു വർഷം പരിശീലനം നടത്തണമെന്ന വ്യവസ്ഥ നിലനിന്നിരുന്നു. പഠനം പൂർത്തിയാക്കിയവർക്ക് തുച്ഛമായ വേതനത്തിൽ ഒരു വർഷത്തോളം പണിയെടുക്കേണ്ടി വന്നിരുന്നത് അനീതിയാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ 2011-ൽ ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്നുവച്ച് തീരുമാനമെടുത്തത്. ഇതിനെതിരെ കേരള പ്രെെവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജി തള്ളിക്കൊണ്ട് കേരള സർക്കാർ എടുത്ത തീരുമാനം സുപ്രീം കോടതി ശരിവച്ചിരിക്കുകയാണ്.

നാലു വർഷത്തെ കോഴ്സിൽ ആറുമാസത്തെ ഇന്റേൺഷിപ്പ് ഉള്ളതിനാൽ വീണ്ടും ഒരു വർഷത്തെ പരിശീലനം ആവശ്യമില്ലെന്നാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ നഴ്സിങ് പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം പകരുന്ന വിധിയാണിത്. ഒരു വർഷത്തെ പരിശീലനം കഴിഞ്ഞാലേ ജോലി ചെയ്യാനാകൂ എന്ന വ്യവസ്ഥ കാരണം നഴ്സിങ് പഠനം ഫലത്തിൽ അഞ്ചു വർഷമായി നീണ്ടിരുന്നു. വായ്പയെടുത്തും മറ്റും പഠനം നടത്തിയവരെ വല്ലാതെ വലച്ചിരുന്ന ഒരു വ്യവസ്ഥയായിരുന്നു ഇത്. ആ ഒരു വർഷക്കാലം മറ്റെവിടെയും ജോലിക്ക് അപേക്ഷിക്കാനും വിദേശ ജോലിയുടെ അവസരങ്ങൾ തേടാനും അവർക്ക് കഴിയുമായിരുന്നില്ല. എന്തുകൊണ്ടും നഴ്സിങ് രംഗത്ത് നിലനിന്നിരുന്ന പ്രകടമായ ഒരു ചൂഷണത്തിന് ഉന്നത കോടതി വിധിയോടെ അറുതി വന്നിരിക്കുകയാണ്.

TAGS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER