തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് പിന്നാലെ ചൂടുപിടിച്ച നേതൃമാറ്റ ചർച്ചകൾ സംസ്ഥാന കോൺഗ്രസിൽ സൃഷ്‌ടിച്ച അസ്വസ്ഥതകൾക്ക് താൽക്കാലിക വിരാമമിട്ട് കെ.പി.സി.സി അദ്ധ്യക്ഷന്റെ ചുമതല കെ.സുധാകരൻ ഇന്ന് ഏറ്റെടുക്കും. ഇതിന് അനുമതി നൽകുന്ന ഹൈക്കമാൻഡിന്റെ അറിയിപ്പ് സുധാകരനും ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസനും നൽകിയിട്ടുണ്ട്. രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനത്ത് എം.എം ഹസനിൽ നിന്ന് സുധാകരൻ ചുമതല ഏറ്റെടുക്കും.
കണ്ണൂർ എം. പി ആയ സുധാകരൻ ഇത്തവണയും അവിടെ സ്ഥാനാർത്ഥിയായതോടെയാണ് താൽക്കാലികമായി ചുമതല ഹസന് കൈമാറിയത്. തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ നാലിന് ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ പദവി തിരികെ നൽകാൻ ഹൈക്കമാൻഡ് അനുമതി നൽകിയില്ല. തിരഞ്ഞെടുപ്പ് പൂർത്തിയാവണമെങ്കിൽ വോട്ടെണ്ണൽ കഴിയണമെന്നും അതിന് ശേഷം ചുമതലയേറ്റാൽ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
ഹൈക്കമാൻഡ് തീരുമാനത്തിലെ അതൃപ്തി സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചില്ല. എന്നാൽ അദ്ദേഹം അപമാനിതനായെന്ന വികാരമായിരുന്നു സുധാകരന്റെ ക്യാമ്പിൽ. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതാക്കളും സ്ഥാനാർത്ഥികളും സംഘടനാ ദൗർബല്യം അക്കമിട്ട് നിരത്തിയിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും അവർ വ്യക്തമാക്കി. യോഗശേഷം നേതൃമാറ്റ ചർച്ച സജീവമായതോടെ സുധാകരൻ ഹൈക്കമാൻഡിൽ പരാതി അറിയിച്ചു. അടുപ്പമുള്ള നേതാക്കൾ വഴി സമ്മർദ്ദം ചെലുത്തി. ദേശീയ നേതൃത്വത്തിന്റെ അനുമതി കിട്ടാതെ ഇനി തലസ്ഥാനത്തേക്കില്ലെന്നും തീരുമാനിച്ചു. കെ.സുധാകരനെ പിണക്കുന്നത് പാർട്ടിക്ക് ഗുണമാവില്ലെന്ന് അദ്ദേഹത്തിന്റെ ക്യാമ്പ് സംസ്ഥാന നേതാക്കളെയും ധരിപ്പിച്ചു. തുടർന്നാണ് ചുമതല തിരികെ നൽകാൻ എ.ഐ.സി.സി സമ്മതിച്ചത്.
ആശയക്കുഴപ്പത്തിന് കാരണം സ്ഥാപിത താൽപര്യക്കാരാണെന്ന വിലയിരുത്തലാണ് സുധാകരൻ പക്ഷത്ത്. കെ.സുധാകരനും വി.ഡി സതീശനും നേതൃത്വത്തിലേക്ക് വന്നതോടെ അപ്രമാദിത്വം നഷ്ടമായ ചില ഗ്രൂപ്പുകൾ ചുമതല കൈമാറുന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് വരുത്തിയതായും അവർ കരുതുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നേതൃമാറ്റ ചർച്ച പാർട്ടിയിൽ ചൂടു പിടിക്കാനും വിമർശനങ്ങൾ വഴിതുറന്നിട്ടുണ്ട്.
അനിശ്ചിതത്വമില്ലെന്ന് കെ. സുധാകരൻ
ഏതു സമയവും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നും അതിൽ ഒരു അനിശ്ചിതത്വവുമില്ലെന്നും കെ. സുധാകരൻ. സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയൻ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടപെടാതെ ഒളിച്ചോടുകയായിരുന്നെന്നും അങ്കമാലിയിൽ അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു. ആലയിൽ നിന്ന് പശുക്കൾ പോകുന്ന പോലെയല്ലേ വിദേശയാത്ര! യാത്രയ്ക്ക് സർക്കാരിന്റെ പണമാണോ സ്പോൺസർഷിപ്പാണോയെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |