SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

നിതിൻ രാജിന്റെ മരണം; പൊലീസ് പണംപറ്റി ദ്രോഹിക്കുന്നു, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

READ ENGLISH VERSION

niii

ഡോ. റാം പുറത്തിറങ്ങിയതിൽ ഗൂഢാലോചന,​ ഭരണ സംവിധാനത്തിന്റെ വീഴ്ച

കൊച്ചി: എന്തിനാണ് ഇവിടെ പൊലീസ്? പാവപ്പെട്ടവരെ ദ്രോഹിക്കാനും സ്വാധീനമുള്ളവരെ രക്ഷിക്കാനുമാണോ? പണമുള്ളവർക്ക് എന്തും ചെയ്യാമെന്നാണോ? ജനം ഇതൊക്കെ കാണുന്നുണ്ടെന്ന് ഭരണകർത്താക്കൾ ഓർക്കുക. ഹൈക്കോടതിയുടേതാണ് അതിരൂക്ഷ വിമർശനവും മുന്നറിയിപ്പും. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതിയായ അദ്ധ്യാപകൻ ഡോ.റാമിനെ അറസ്റ്റിനു പിറകേ വിട്ടയയ്ക്കാൻ പൊലീസ് സാഹചര്യമൊരുക്കിയതാണ് ചൊടിപ്പിച്ചത്.

റാമിനെ രക്ഷിക്കാൻ പൊലീസ് തലപ്പത്ത് ഗൂഢാലോചനയുണ്ടായെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. അറസ്റ്റിനു മുമ്പ് കാരണം വ്യക്തമാക്കണമെന്നാണ് സുപ്രീംകോടതി മാനദണ്ഡം. ഇതു പാലിക്കാതെ പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണ്.

അന്വേഷണ ഉദ്യോഗസ്ഥർ പാരിതോഷികം പറ്റിയെന്നും സംശയിക്കണം. പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന ചൊല്ല് അന്വർത്ഥമായിരിക്കുന്നു. ഇത് ഭരണ സംവിധാനത്തിന്റെയും പരാജയമാണ്.

ഡോ. റാമിനെ വിട്ടയച്ചത് വിശദമായി അന്വേഷിക്കണം. അല്ലെങ്കിൽ ഹൈക്കോടതി ഉത്തരവിടും. പ്രതിയുമായി ബന്ധപ്പെട്ടവരുടെ കാൾ റെക്കാഡുകളടക്കം പരിശോധിക്കാൻ നിർദ്ദേശിക്കുമെന്നും സിംഗിൾബെഞ്ച് മുന്നറിയിപ്പുനൽകി. ഡോ. റാം പുറത്തിറങ്ങിയത് ചൂണ്ടിക്കാട്ടി നിതിൻ രാജിന്റെ മാതാപിതാക്കളായ ലതയും രാജനുമാണ് ഹ‌ർജി നൽകിയത്. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

പൊലീസ് പ്രതിക്കൊപ്പം

ഫുഡ് അടിച്ച് നടന്നു

റാമിന്റെ ഒളിസ്ഥലം കണ്ടെത്താൻ പൊലീസ് സർവശ്രമങ്ങളും നടത്തിയെന്ന് സർക്കാർ അറിയിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. പ്രതി പോയിടത്തെല്ലാം കൂടെ നടന്ന് പൊലീസ് ഫുഡ് അടിച്ചു. കീഴടങ്ങാൻ വന്നപ്പോൾ പിടികൂടി, പുറത്തിറങ്ങാൻ പഴുതുമിട്ടു. ലോൺ ആപ്പിലെ വായ്പ തിരിച്ചടയ്‌ക്കാൻ കഴിയാത്തതു കൊണ്ട് നിതിൻ ആത്മഹത്യ ചെയ്തെന്ന കണ്ടെത്തൽ ആരാണ് വിശ്വസിക്കുന്നതെന്നും കോടതി ചോദിച്ചു.

എസ്.പിയും നേരിട്ട് ഹാജരാകണം

1. കോടതിയിൽ സമർപ്പിച്ച രേഖകളുമായി ക്രൈംബ്രാഞ്ച് എസ്.പി കെ.വി. വേണുഗോപാൽ,​ഡിവൈ.എസ്.പി സുധീർ കല്ലൻ എന്നിവർ വെള്ളിയാഴ്ച ഹാജരാകണം. അറസ്റ്റ് നടപടിക്രമം പാലിക്കാൻ എന്തുചെയ്തെന്ന് സത്യവാങ്മൂലം നൽകണം. ഉത്തരവിന്റെ പകർപ്പ് ജാമ്യക്കോടതിയും സമർപ്പിക്കണം

2. ഡിവൈ.എസ്.പിമാർക്ക് തുടരാൻ അർഹതയില്ല. അറസ്റ്റിന് കാരണം അറിയിക്കാതെ പ്രതിയെ രക്ഷിക്കുന്നത് പതിവാണ്. കോടതികൾ ഇത് പരിശോധിക്കണമെന്ന് നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. വെരിഫിക്കേഷൻ നടന്നോയെന്ന് തലശേരി കോടതി ജഡ്ജി റിപ്പോർട്ട് നൽകണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HICOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA