
ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ നേതൃത്വം വിലക്കിയെങ്കിലും, മുതിർന്ന നേതാക്കൾ അഭിപ്രായങ്ങൾ തട്ടിവിടുകയാണ്. ചർച്ച അനവസരത്തിലുള്ളതാണെന്നും നല്ല പ്രവണതയല്ലെന്നും എം.കെ. രാഘവൻ എം.പി ഇന്നലെ ഡൽഹിയിൽ പറഞ്ഞു. തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്.
ചർച്ചയിൽ തെറ്റില്ലെന്നാണ് കെ.സുധാകരൻ എം.പിയുടെ നിലപാട്. തിരഞ്ഞെടുപ്പ് ഫലത്തിനു മുൻപ് ചർച്ചകൾ നടന്നിട്ടുണ്ട്. അതു പാർട്ടിക്ക് ക്ഷീണമാകില്ല. എം.കെ. രാഘവൻ പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. ഇന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ സുധാകരൻ സന്ദർശിച്ചേക്കും.
തന്റെ ഡൽഹി സന്ദർശനം കേരളത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടല്ലെന്നാണ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രി ചർച്ചകൾ അനവസരത്തിലാണെന്ന് ആവർത്തിച്ചു. കെ.സി. വേണുഗോപാൽ എം.പിയെ പുകഴ്‌ത്തിയുള്ള കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പ്രതികരിച്ചില്ല.
ചർച്ചയ്‌ക്ക് തുടക്കമിട്ടത് എറണാകുളം ഡി.സി.സി പ്രസിഡന്റാണെന്ന് എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി. അവർ തന്നെ മറുപടി പറയട്ടെ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പിന്നിലെന്ന് കരുതുന്നില്ല. അധികാരത്തിലെത്തിയാൽ എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടുതന്നെയറിയണം. ഘടക കക്ഷികൾക്ക് അതൃപ്‌തിയുണ്ടെന്ന് രാഘവൻ പറഞ്ഞു.
അത് ചിലരുടെ പിടിവാശി:
എം.കെ. രാഘവൻ
എം.പിമാർ മത്സരിക്കേണ്ട എന്നത് ചിലരുടെ പിടിവാശിയായിരുന്നുവെന്നും ഹൈക്കമാൻഡിന്റെ തലയിൽ വയ്‌ക്കേണ്ടതില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ സൂചിപ്പിച്ച് എം.കെ. രാഘവൻ എം.പി പറഞ്ഞു. തർക്കം ഒഴിവാക്കാനാണ് ഹൈക്കമാൻഡ് സമ്മതിച്ചത്. മത്സരിക്കാൻ നേതാക്കളാണ് ആവശ്യപ്പെട്ടത്. അതേ നേതാക്കൾ ഡൽഹിയിലെത്തി എം.പിമാർ മത്സരിക്കണ്ടെന്ന് വാശി പിടിച്ചു.
എം.പിമാർ മത്സരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് തന്നെയാണെന്നായിരുന്നു കെ.സുധാകരന്റെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |