
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിൽ ശമ്പളം പരിഷ്കരിച്ചപ്പോൾ മുൻ സർക്കാരിന് കണക്ക് തെറ്റി. അധിക തുക ശമ്പളമായി നൽകി.പുതിയ സർക്കാർ വന്നപ്പോൾ തെറ്റ് കണ്ടുപിടിച്ച് തിരുത്താൻ നീക്കം തുടങ്ങി. ജീവനക്കാർക്ക് അധികമായി നൽകിയ ശമ്പളം തിരിച്ചുപിടിച്ചേക്കുമെന്നാണ് സൂചന. ഇതിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്. തെറ്റുവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശമുണ്ട്.
2022ൽ സംസ്ഥാനസർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളപരിഷ്കരണം നടത്തിയതിന്റെ ചുവടുപിടിച്ചാണ് കെ.എസ്.എഫ്.ഇ യിലും നാലുവർഷശേഷം ശമ്പളപരിഷ്കരണം നടപ്പാക്കിയത്. കഴിഞ്ഞ സർക്കാർ പോകുന്ന പോക്കിൽ അവസാന മന്ത്രിസഭായോഗത്തിലാണ് കെ.എസ്.എഫ്.ഇയിൽ ശമ്പളപരിഷ്കരണത്തിന് അനുമതി നൽകിയത്. ധനവകുപ്പിലെ ഉദ്യോഗസ്ഥർ കണക്കുകൂട്ടിയപ്പോഴാണ് തെറ്റിയത്.
7200 രൂപ വരെ അധികം
ഓരോ ജീവനക്കാരന്റെയും ശമ്പളത്തിൽ നിന്ന് 1230 മുതൽ 7200 രൂപ വരെ തിരിച്ച് ഈടാക്കേണ്ടിവരും. സെപ്തംബർ മുതൽ അധിക തുക തിരിച്ചുപിടിക്കുകയും കിട്ടികൊണ്ടിരുന്ന ശമ്പളം കുറയുകയും ചെയ്യുന്ന സ്ഥിതിയാകും. ശമ്പളപരിഷ്കരണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പിഴവ് ഇങ്ങനെ
അടിസ്ഥാന ശമ്പളത്തിന്റെ 10% ഫിറ്റ്മെന്റും 31%ഡി.എ.യും ചേർത്ത് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചാക്കാനായിരുന്നു ഉത്തരവ്.എന്നാൽ, അടിസ്ഥാന ശമ്പളത്തിന്റെ 31% ഡി.എ.ചേർത്ത് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ച ശേഷം അതിന്റെ 10% കൂടി ചേർത്താണ് ശമ്പളപരിഷ്കരണം നടപ്പാക്കിയത്. ഇതോടെ അർഹമായതിലും അധികം ശമ്പളം നൽകുന്ന സ്ഥിതിയായി. ഈ വർഷം മാർച്ചിലാണ് ശമ്പളം പരിഷ്കരിച്ചത്. അപ്പോൾ തന്നെ കെ.എസ്.എഫ്.ഇ മാനേജ്മെന്റ് ഇക്കാര്യം ചൂണ്ടിക്കാട്ടി ധനവകുപ്പിന് കത്ത് നൽകി. എന്നാൽ നടപടിയുണ്ടായില്ല. പുതിയ സർക്കാർവന്നശേഷമാണ് ഇക്കാര്യം വിശദമായി പരിശോധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |