
ആലപ്പുഴ: തമിഴ്നാട്ടിലെ കുറുവാസംഘം, മണ്ണഞ്ചേരിയിൽ വീട്ടിൽ അതിക്രമിച്ചുകയറി മൂന്നരപ്പവൻ മാലയും താലിയും കവർന്ന കേസിൽ ഒന്നാം പ്രതിക്ക് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ചപ്പോൾ, സംഘത്തലവനെ വെറുതെ വിട്ടു. ഒന്നാം പ്രതി കമ്പം കാമാച്ചിപുരം മാരിയമ്മൻ കോവിൽ സ്ട്രീറ്റിൽ സന്തോഷ് ശെൽവത്തിന് (25) രണ്ട് വർഷം വീതം തടവും 10,000 രൂപ വീതം പിഴയും 5,000 രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയും സംഘത്തലവനുമായ തമിഴ്നാട് തേനി രാമനാഥപുരം പരമക്കുടിയിൽ കട്ടുപൂച്ചനെയാണ് (56) വെറുതെ വിട്ടത്. ശെൽവം തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിചാരണത്തടവുകാരനായി ഒരു വർഷത്തിലേറെ പിന്നിട്ടതിനാൽ ശിക്ഷ കുറവ് ചെയ്യും. ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി (2) ജഡ്ജി ശീതൾ ശശിധരന്റേതാണ് വിധി.
കവർച്ചാമുതൽ വീണ്ടെടുക്കാതെ പോയതും കട്ടുപൂച്ചനെ തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് അനുമതി വാങ്ങാഞ്ഞതുമടക്കം നിരവധി വീഴ്ചകളാണ് കേസിൽ തിരിച്ചടിയായത്. സാക്ഷിമൊഴികളിൽ കവർച്ച നടത്തിയത് രണ്ട് ചെറുപ്പക്കാരാണെന്ന് രേഖപ്പെടുത്തിയത് മദ്ധ്യവയസ്‌കനായ കട്ടുപൂച്ചന് രക്ഷയായി. തിരിച്ചറിയൽ പരേഡ് നടത്തേണ്ട പ്രതിയെ അറസ്റ്റിന് മുമ്പ് മുഖം മറയ്ക്കാതെ പൊലീസ് സ്റ്റേഷനിലെത്തിച്ചതുമുൾപ്പെടെയുള്ള പിഴവുകളും പ്രതികൂലമായി. കട്ടുപൂച്ചന് അഭിഭാഷകനില്ലാത്തതിനാൽ ആലപ്പുഴ ജില്ലാ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ.ടി.ടി.സുധീഷും സന്തോഷ് ശെൽവത്തിനായി അഡ്വ.അഭിലാഷ് സോമനുമാണ് ഹാജരായത്. 2025 നവംബറിൽ മണ്ണഞ്ചേരി മാളിയേക്കൽ വീട്ടിൽ ഇന്ദുവിന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് കവർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |