തിരുവനന്തപുരം: വൈദ്യുതിപ്രതിസന്ധിയെ തുടർന്നുള്ള ലോഡ്‌ഷെഡിംഗും പവർകട്ടും മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിൽ കെ.എസ്.ഇ.ബിക്കുണ്ടായ പാളിച്ച പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ ആയിരം മെഗാവാട്ട് ഉപഭോഗം വർദ്ധിച്ചു. മഴയിലും അണക്കെട്ടുകളിലെ ജലലഭ്യതയിലും കുറവുണ്ടായി. ഇപ്പോൾ 5.96 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിലും കുറഞ്ഞനിരക്കിൽ 200 മെഗാവാട്ട് കൂടി വാങ്ങാനാകുമോയെന്ന് പരിശോധിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്, യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുണ്ടാക്കിയ 25 വർഷത്തെ ദീർഘകാല കരാർ റദ്ദാക്കിയതാണ് പ്രതിസന്ധിക്കിടയാക്കിയത്. എട്ടു വർഷത്തിനു ശേഷം സി.പി.എം നേതാക്കൾ വൈദ്യുതി റഗുലേറ്ററി കമ്മിഷനിലിരിക്കെയാണ് കരാർ റദ്ദാക്കിയത്. ഇത് പരിശോധിക്കും. പിന്നീട് യൂണിറ്റിന് എട്ടു മുതൽ 14 രൂപ വരെ നിരക്കിൽ അദാനി കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങി.
ഭക്ഷണവിതരണത്തെ അഭിനന്ദിക്കുന്നു
മെഡിക്കൽ കോളേജുകൾ അടക്കമുള്ള ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തെയല്ല, ഇതിന്റെ പേരിലുള്ള സ്ഥലം കൈയേറ്റത്തെയാണ് എതിർത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡി.വൈ.എഫ്.ഐയുടെ ഭക്ഷണ വിതരണത്തെ അഭിനന്ദിക്കുന്നു. മറ്റുള്ളവരും ഇത് മാതൃകയാക്കണം. എന്നാൽ സ്ഥലം കൈയേറുകയോ രാഷ്ട്രീയവത്കരിക്കുകയോ ചെയ്യരുത്. ആരോഗ്യമന്ത്രി എതിർത്തതും ഇതിനെയാണ്. നെയ്യാറ്റിൻകര ആശുപത്രിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. പ്രതിപക്ഷ നേതാവായിരിക്കേ ഒരിക്കൽ അവിടെയെത്തിയിരുന്നു. അകത്തുകയറാൻ സമ്മതിക്കാത്തതിനാൽ റോഡിലാണ് വിതരണം.
അതിവേഗ റെയിൽ
ഇ.ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയിൽപ്പാത പദ്ധതിയിൽ വിശദമായ പരിശോധന നടത്തും. പദ്ധതി അതേപടി നടപ്പാക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായത്തിനുള്ള മാനദണ്ഡം പരിഷ്‌കരിക്കും. രണ്ടു മാസത്തിനിടെ 24.15 കോടി വിതരണം ചെയ്തു. കുട്ടികളുടെ ശസ്ത്രക്രിയയ്ക്കടക്കം വേഗത്തിൽ പണം നൽകും.
മാരിടൈം നയം ഉടൻ, 10,000 കോടി നിക്ഷേപം
തിരുവനന്തപുരം: മാരിടൈം നയം ഉടൻ പ്രഖ്യാപിക്കുമെന്നും ആദ്യഘട്ടത്തിൽ പതിനായിരം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. പോർട്ട് സിറ്റി, ഏവിയേഷൻ ഹബ്, സ്പേസ് ഇക്കണോമി, എം.എസ്.എം.ഇ ചേർത്തുള്ള പദ്ധതികളാണ്. വിദേശത്തെയും അന്യസംസ്ഥാനങ്ങളിലെയും നിരവധി നിക്ഷേപകർ പദ്ധതികളുമായി സമീപിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മോഡൽ വേണോ, താത്പര്യപത്രം ക്ഷണിക്കണോ, പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കണോ എന്നെല്ലാം പരിശോധിക്കുകയാണ്. കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ തുടങ്ങുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പിലെ രണ്ട് ഏജൻസികൾ തമ്മിലുള്ള തർക്കം 24 മണിക്കൂറിനകം പരിഹരിച്ചു. കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും തുടങ്ങാനുള്ള നടപടിയാരംഭിച്ചു. ടാറ്റ സംസാരിച്ചില്ലെന്നാണ് വാർത്ത വന്നത്. ടാറ്റ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന ചിത്രം വ്യവസായമന്ത്രി പുറത്തുവിട്ടല്ലോ. മലബാർ സിമന്റ്സുമായും കൊച്ചിൻ പോർട്ടുമായും ചേർന്ന് അവരുടെ വെസൽ ബിൽഡിംഗ് പദ്ധതിയിൽ തീരുമാനമെടുത്തതോടെ ടാറ്റ പോസിറ്റീവായി പ്രതികരിച്ചു. കൂടുതൽ നിക്ഷേപം നടത്തണമെന്ന് അവരോട് അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര മാദ്ധ്യമത്തോട് ഇക്കാര്യം പറഞ്ഞശേഷം ഈ ഘട്ടത്തിൽ പതിനായിരം കോടിയുടെ നിക്ഷേപമുണ്ടാവുമെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |