
പാലക്കാട്: വേനൽ കടുത്തതോടെ ജില്ലയിൽ ജലജന്യരോഗങ്ങൾ വർദ്ധിക്കാൻ ഇടയുള്ളതിനാൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. ജില്ലയിലെ 12 സർക്കിളുകളിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് തട്ടുകടകളിലും വഴിയോര ജ്യൂസ് കടകളിലും പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വേനലിൽ കുടിവെള്ളത്തിന്റെ അളവ് താരതമ്യേന കുറയും. മലിനജലം ഉപയോഗിച്ചാൽ ജലജന്യരോഗങ്ങൾ പടരും. ചില കടകളിൽ ഉറവിടമറിയാത്ത കുടിവെള്ളവും ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കടുപ്പിച്ചത്. ലോറികളിൽ എത്തിക്കുന്ന വലിയ ഐസ് കട്ടകൾക്ക് വിലക്കുണ്ട്. പകരം വിതരണത്തിന് അനുവാദമുള്ള പാക്കറ്റ് ഐസുകൾ ഉപയോഗിക്കണം. ജ്യൂസുകൾ ആവശ്യാനുസരണം അതത് സമയം ഉണ്ടാക്കി നൽകണം. കൂടുതൽ അളവിൽ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് വിതരണം ചെയ്യരുത്. ഭക്ഷണവും വെള്ളവും വൃത്തിയുള്ളയിടത്ത് സൂക്ഷിക്കുകയും വിതരണം ചെയ്യുകയും വേണം. എണ്ണക്കടികൾ വിൽക്കുന്നയിടങ്ങളിൽ എണ്ണ ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. അടിയന്തര പരിശോധന കൂടാതെ നേരത്തെയുള്ള സായാഹ്ന സ്‌ക്വാഡ് പരിശോധനയും ശക്തമാണ്. കുടിവെള്ള വിതരണ സ്ഥാപനങ്ങളിലും സോഡ കമ്പനികളിലും പരിശോധന ഊർജിതമാക്കി. കടകൾക്ക് നിർബന്ധമായും ഹെൽത്ത് കാർഡും ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കടകൾക്ക് നോട്ടീസ് നൽകും. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണറുടെ നിർദേശ പ്രകാരം ഹിയറിംഗ് നടത്തി പിഴയീടാക്കും. കണ്ടെത്തൽ ഗുരുതരമാണെങ്കിലോ പിഴ ഈടാക്കിയ ശേഷവും തെറ്റ് ആവർത്തിച്ചാലോ റവന്യു കോടതിയിൽ പരാതി ഫയൽ ചെയ്ത് ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ 55 തട്ടുകടകളിൽ നടത്തിയ പരിശോധനയിൽ നാല് കടകൾക്ക് പിഴയിട്ടു. ഒരു സ്ഥാപനത്തിന് റെക്ടിഫിക്കേഷൻ നോട്ടീസും മറ്റൊരു സ്ഥാപനത്തിന് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി. അച്ചാറുകൾ, ഉപ്പിലിട്ട വിഭവങ്ങൾ, മസാല സോഡ തുടങ്ങിയ സാമ്പിളുകളാണ് പരിശോധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |