
കല്ലമ്പലം: കേന്ദ്രസർക്കാരിന്റെ ദീൻ ദയാൽ ഉപദ്ധ്യായ് പഞ്ചായത്ത് വികാസ് പുരസ്കാരം ഒറ്റൂർ ഗ്രാമപഞ്ചായത്തിന്. രാജ്യത്തിലെ ഏറ്റവും മികച്ച ശിശുസൗഹൃദ പഞ്ചായത്തിൽ മൂന്നാം സ്ഥാനം നേടിയാണ് ഒറ്റൂർ കേരളത്തിന് അഭിമാനമായത്. മഹാരാഷ്ട്രയിലെ ഇറ്റ്ഗോൺ, കർണാടകയിലെ ഹലനായകനഹള്ളി എന്നീ പഞ്ചായത്തുകളാണ് ഈ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. പുരസ്കാരത്തുകയായ 50ലക്ഷം രൂപ ഒറ്റൂരിന് ലഭിക്കും. കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ ഗ്രാമസഭ ചേർന്ന് ആവശ്യങ്ങൾ മനസിലാക്കി ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് പദ്ധതികൾ നടപ്പാക്കിയിരുന്നു. സ്‌കൂളുകൾക്ക് പുത്തൻ ഹൈടെക് ക്ലാസ് മുറികൾ, പുതിയ കെട്ടിടങ്ങൾ, സ്മാർട്ട് അങ്കണവാടി, പോഷകാഹാരവിതരണം, സ്പോൺസർഷിപ്പിലൂടെ ലൈബ്രറി, മറ്റ് സൗകര്യങ്ങൾ, ഞെക്കാട് സ്കൂകൂളിൽ കുട്ടികൾക്കുള്ള ജിം, കുട്ടികൾക്കായുള്ള മാലിന്യസംസ്‌കരണ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിരുന്നു.
കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചുവരുന്ന ലീഗൽ എയ്‌ഡ് സെൽ, ജാഗ്രതാ സമിതി, മാവിൻമൂട് ഗവ.എൽ.പി.എസിൽ വർണക്കൂടാരം പദ്ധതി, ശ്രീനാരായണപുരം സ്‌കൂളിൽ ഒരുകോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടം, പഞ്ചായത്തിലെ അങ്കണവാടികൾക്കും മികച്ച സൗകര്യങ്ങൾ, രണ്ടു കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം എന്നിവ അവാർഡിന് അർഹരാക്കി.
പഞ്ചായത്ത് പ്രസിഡന്റ് ജി.ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും സെക്രട്ടറി എൽ.എച്ച്.ശ്രീലേഖ, പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡെക്സ് സെക്ഷൻ കൈകാര്യം ചെയ്തുവരുന്ന പ്രോജക്ട് അസിസ്റ്റന്റ് ദേവദത്തൻ ദേവ്, സീനിയർ ക്ലാർക്ക് എസ്.ശ്രീജ, അക്കൗണ്ടന്റ് വിഷ്ണു പ്രസാദ്, ഹെഡ് ക്ലാർക്ക് എ.ബിനു. അസിസ്റ്റന്റ് സെക്രട്ടറി എ.എം.ജുഗുനു, മറ്റ് ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനം ഇതിനുപിന്നിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |