SignIn
Kerala Kaumudi Online
Friday, 15 May 2026 6.05 PM IST

ആഹ്ലാദം വാനോളം നഗരത്തെ ഇളക്കിമറിച്ച് പ്രവർത്തരുടെ ആവേശം

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി,വി.ഡി.സതീശന്റെ പേര് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതോടെ തലസ്ഥാനത്തെങ്ങും കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലായി. കെ.പി.സി.സി ആസ്ഥാനത്തും കന്റോൺമെന്റ് ഹൗസിലും മഴയെ കൂസാതെ മുദ്രാവാക്യം വിളികളുമായി കളം നിറഞ്ഞു.
മധുരം വിതരണം ചെയ്തും,പടക്കം പൊട്ടിച്ചുമാണ് നഗരത്തിന്റെ മുക്കിലും മൂലയിലും പ്രവർത്തകർ ആഹ്ലാദം പങ്കുവച്ചത്. 'പട നയിച്ചവൻ നാട് ഭരിക്കും"എന്നെഴുതിയ ബാനറുകൾ പിടിച്ചും വി.ഡി.സതീശന്റെ കട്ടൗട്ടുകളുമേന്തിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ തിരക്കായിരുന്നു. റോഡിലാകെ പ്രവർത്തകരെ കൊണ്ടുനിറഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം അല്പനേരം ബുദ്ധിമുട്ടിലായി.
വി.ഡി.സതീശനും രാഹുൽ ഗാന്ധിക്കും ഖാർഗെയ്‌ക്കും മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, പിന്നീട് വി.ഡി.സതീശനും കെ.സി.വേണുഗോപാലിനും രമേശ് ചെന്നിത്തലയ്‌ക്കും മുദ്രാവാക്യം വിളിച്ച് സമവായമുണ്ടാക്കി. പത്ത് വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് ജനപ്രിയനായ മുഖ്യമന്ത്രിയെ കിട്ടിയ സന്തോഷമായിരുന്നു പ്രവർത്തകർക്കെല്ലാം.

ഗ്രൂപ്പ് തിരിയാതെ കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല,ഘടകകക്ഷി പാർട്ടികളിലെ പ്രവർത്തകരും ആഹ്ളാദത്തിൽ പങ്കുചേർന്നു.ശാസ്തമംഗലത്ത് നിന്നും വെള്ളയമ്പലത്ത് നിന്നും വിവിധ പ്രകടനങ്ങൾ കെ.പി.സി.സിയിലേക്കും നിയമസഭയിലേക്കും നടന്നു.

കന്റോൺമെന്റ് ഹൗസിൽ നിന്ന് ഉച്ചകഴിഞ്ഞ് കെ.പി.സി.സി ആസ്ഥാനത്തേക്ക് വി.ഡി.സതീശൻ എത്തിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി അദ്ദേഹത്തെ പൊതിഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ സന്ദർശിച്ചശേഷം കാറിലേക്ക് കയറാൻ നന്നേ പാടുപ്പെട്ടു. പ്രവർത്തകരുടെ അമിത സ്നേഹപ്രകടനം കാരണം ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ കാറിലെത്തിച്ചത്. അപ്പോഴൊന്നും അക്ഷോഭ്യനാകാതെ ചിരിച്ച മുഖത്തോടെയായിരുന്നു അദ്ദേഹം. പിന്നീട് എ.കെ.ആന്റണിയെയും വി.എം.സുധീരനെയും സന്ദർശിക്കാനായി പോയപ്പോഴും പ്രവർത്തകരുടെ ബാഹുല്യമാണ് അവിടെയെല്ലാം ഉണ്ടായത്. വൈകിട്ട് നിയമസഭാ കക്ഷിയോഗം നടക്കുമ്പോൾ പട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയ്‌ക്ക് മുന്നിലായിരുന്നു പ്രകടനം. നഗരത്തിന്റെ ഓരോ കോണിലും പ്രവർത്തകർ ആഹ്ലാദാരവവുമായി ഇന്നലെ ചെറുചെറു പ്രകടനങ്ങൾ നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL