SignIn
Kerala Kaumudi Online
Saturday, 27 June 2026 7.34 AM IST

നെയ്യാറ്റിൻകര ഗവ.ആയുർവേദ ആശുപത്രിക്കും ചികിത്സ വേണം

jjjj

നെയ്യാറ്റിൻകര: ധാരാളം രോഗികൾ ചികിത്സയ്ക്കെത്തുന്ന ദേശീയപാതയ്ക്കരുകിലുള്ള മൂന്നുകല്ലിൻമൂട്ടിലെ നെയ്യാറ്റിൻകര ഗവ.ആയുർവേദ ആശുപത്രി ശോച്യാവസ്ഥയിൽ. ആയുർവേദ ആശുപത്രി ആരംഭിച്ച കാലത്തുള്ള പഴകി ദ്രവിച്ച തകരഷീറ്റ് പാകിയ കെട്ടിടമാണ് ഇപ്പോഴും രോഗികളെ കിടത്തി ചികിത്സിക്കാനായി ഉപയോഗിക്കുന്നത്. ഈ കെട്ടിടം തകരുമോയെന്ന ഭീതിയിലാണ് രോഗികൾ.

നൂറുവർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ പുരാവസ്തു സംരക്ഷണയിൽ പരിരക്ഷിക്കണമെന്ന സർക്കാർ നിർദ്ദേശമുള്ളതിനാൽ കരിങ്കൽ നിർമ്മിതമായ ഈ കെട്ടിടം ഇപ്പോഴും മാറ്റമില്ലാതെ നലിനിറുത്തിയിരിക്കുകയാണ്.

ഒ.പി ബ്ളോക്കിന് പുതിയ കെട്ടിടം പണിതെങ്കിലും കിടത്തി ചികിത്സ പഴകി ദ്രവിച്ച കെട്ടിടത്തിലാണ്. ദിവസവും 260ലേറെ രോഗികളാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. ഇപ്പോൾ 30 കിടക്കമാത്രമേയുള്ളു. വിവിധ പ്രോജക്ടുകളിൽ ഉൾപ്പെടെ 7ഡോക്ടർമാരും 2ഫാർമസിസ്റ്റുകളുമാണുള്ളത്. ആംബുലൻസ് വാങ്ങുവാൻ നിർദ്ദേശമുണ്ടെങ്കിലും അതിലേക്കായി ഷെഡ് പണിതതല്ലാതെ ആംബുലൻസ് വാങ്ങിയില്ല.

ബഡ്ജറ്റിൽ തുകയില്ല

2026-27 കേരള ബഡ്ജറ്റിൽ മെഡിക്കൽ കെയർ, പബ്ലിക് ഹെൽത്ത് എന്നിവയ്ക്കായി ആരോഗ്യവകുപ്പിന് 2076.02 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരുരൂപ പോലും മാറ്റി വച്ചിട്ടില്ല.

പാളിയ പദ്ധതിയായി ആയുർവേദ ടൂറിസം

കോവളം അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രവുമായി നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയെ ബന്ധിപ്പിച്ച് വിദേശികളെ ആകർഷിക്കുവാനായി നിർദ്ദേശിക്കപ്പെട്ട പദ്ധതിയും പാളി. 76-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദേശികളെ ആയുർവേദ ചികിത്സയിലേക്ക് ആകർഷിക്കുവാനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ ഹീൽ ഇൻ ഇൻഡ്യ പദ്ധതി പ്രകാരം കോവിഡ് യുഗത്തിന് ശേഷം കോവളത്തെത്തിയ വിദേശികളെ സ്വകാര്യ ആയുർവേദ ആശുപത്രികളാണ് ഏറെയും വലയിലാക്കിയത്. എന്നാൽ കേരള ആയുർവേദ ടൂറിസം പദ്ധതികൾക്ക് യാതൊന്നും ചെയ്യാനായില്ല.


യോഗ സെന്ററും നടപ്പായില്ല

ആശുപത്രിക്കുള്ളിൽ യോഗ സെന്റർ തുടങ്ങിയെങ്കിലും വേണ്ടത്ര പ്രചരണമില്ലാതായതോടെ അതും പാളി. നെയ്യാറ്റിൻകര താലൂക്കിലെ സർക്കാർ ഓഫീസുകളും സ്കൂളുകളും ഉൾപ്പെടുത്തി യോഗ പരിശീലന ക്ളാസ് വിപുലീകരിക്കാൻ കഴിഞ്ഞ നഗരസഭാ ഭരണസമിതി പദ്ധതിയിട്ടെങ്കിലും നടപ്പായില്ല.

പുതിയ ബ്ളോക്കിന് മുകളിലായി കെട്ടിടം പണിയാൻ ഉടൻ നടപടിയാകുമെന്ന് ആശുപത്രി സി.എം.ഒ ഡോ.സഫീന പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL