
വിളകൾ നശിപ്പിക്കുന്ന പ്രാണികളെയും പുഴുക്കളെയും ചെടികളെ ബാധിക്കുന്ന രോഗത്തെയും തുരത്താൻ മിക്കയിടങ്ങളിലും കീടനാശിനികൾ ഉപയോഗിക്കാറുണ്ട്. ജൈവ കീടനാശിനികളും രാസ കീടനാശിനികളുമുണ്ട്. ലോകത്തിലെ 70ഓളം രാജ്യങ്ങളിൽ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്നുകണ്ട് നിരോധിച്ച അതിമാരകമായ കീടനാശിനികളോ രാസവളങ്ങളോ ഇന്ത്യയിലെ കൃഷിസ്ഥലങ്ങളിൽ ഇപ്പോഴും സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
ഇവ ഉപയോഗിച്ച് വളർത്തിയെടുത്ത വിളകൾ ഉപയോഗിക്കുന്നവർക്ക് മാത്രമല്ല അത് കൃഷിചെയ്യുന്ന പ്രദേശത്തുള്ളവർക്കും ഏറെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. ഈ വിളകൾ കാരണം ക്യാൻസർ രോഗം രാജ്യത്ത് ഏറിവരുന്നതായും റിപ്പോർട്ടുണ്ട്. മാത്രമല്ല ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന കൃഷിസാധനങ്ങൾ വിദേശരാജ്യങ്ങളിൽ നിരോധനത്തിന് വരെ കാരണമാകുന്നുണ്ട്.
ഒരിക്കൽ യൂറോപ്പിലും അമേരിക്കയിലുമായി നിർമ്മിച്ചിരുന്ന കീടനാശിനിയാണ് 2,4 ഡി (ഡൈക്ളോറോഫെനോക്‌സി അസെറ്റിക് ആസിഡ്). ഇന്ന് അവർ അത് ഉൽപാദിപ്പിക്കുന്നില്ല മാത്രമല്ല ഇതിന് നിരോധനവുമുണ്ട്. വലിയ ഇലകളുള്ള കളകളെ നശിപ്പിക്കാനാണ് ഇവ അവർ ഉപയോഗിച്ചിരുന്നത്. ഇത് അപകടകാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ ഏജൻസി തിരിച്ചറിഞ്ഞതാണ്. ഇവ ഇന്നും ഇന്ത്യയിലെ കൃഷിസ്ഥലങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. ഇത് മാത്രമല്ല 74 രാജ്യങ്ങൾ നിരോധിച്ച പാരക്വാറ്റ് എന്ന കീടനാശിനി ഇന്ത്യയിൽ നിരവധിയിടങ്ങളിൽ ഇന്നും ഉപയോഗിക്കുന്നു.
ഇവയ്‌ക്കെല്ലാം പുറമേ ക്യാൻസർ രോഗകാരിയെന്ന് മാത്രമല്ല മനുഷ്യന്റെ അടിസ്ഥാനമായ ഡിഎൻഎയിൽ മാറ്റം വരുത്തുന്നത്ര മാരകമായ ഗ്‌ളൈഫോസൈറ്റ് എന്ന കളനാശിനിയും ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഇത് 31 രാജ്യങ്ങളിൽ നിരോധിച്ചതാണ്. വിളകളുടെ രക്ഷയ്‌ക്ക് ഉപയോഗിക്കുന്ന ഇവ ഉടനെ നശിക്കില്ല. കൃഷിചെയ്യുന്ന ചെടികളിലൂടെ അവ നമ്മുടെ ശരീരത്തിലെത്തി ക്യാൻസർ രോഗകാരിയാകും.
27 രാജ്യങ്ങൾ ചേർന്ന യൂറോപ്യൻ യൂണിയൻ മാരകമായ രാസവളങ്ങളും ഘനലോഹങ്ങളും അടങ്ങിയ 365 ഇന്ത്യൻ ഉൽപ്പന്നങ്ങളെ നിരോധിച്ചിട്ടുണ്ട്. 2024 മേയ് മുതൽ കഴിഞ്ഞ മാസം വരെയുള്ള രണ്ട് വർഷത്തെ കണക്കാണ് ഇത്. നിരവധി ഇന്ത്യൻ കാർഷികോത്‌പന്നങ്ങൾ ഇനിയും വിലക്ക് ഭീഷണി നേരിടുന്നുമുണ്ട്. എന്നാൽ ഈ ഉൽപന്നങ്ങളെല്ലാം ഇന്ത്യയിൽ ജനങ്ങൾ സാധാരണ കഴിക്കുന്നതാണെന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.
രാജ്യത്ത് ക്യാൻസർ രോഗനിരക്ക് പ്രതിവർഷം കൂടിവരുന്നതായാണ് കണക്കുകൾ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്തുവിട്ട കണക്ക് അനുസരിച്ച് 2022ൽ 14.6 ലക്ഷം ക്യാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇത് 2025ൽ 15.7 ലക്ഷത്തോളമായി എന്നാണ് സൂചനകൾ. ക്യാൻസർ രോഗകാരണമായി പല ഘടകങ്ങൾ ഉണ്ടെങ്കിലും അവയിൽ കീടനാശിനികളുടെ പങ്ക് ഒട്ടും ചെറുതല്ല.
പാരക്വാറ്റ് എന്ന കീടനാശിനി ആദ്യമായി നിർമ്മിക്കുന്നത് ഓസ്‌ട്രിയൻ ഗവേഷകനായ ഹ്യൂഗോ വെയ്‌ഡെൽ ആണ്. 1882ൽ. 1950ൽ ഇതിന് കളനാശിനിയായി പ്രവർത്തിക്കാനാകും എന്ന് കണ്ടെത്തി. ഇന്ന് ഒരു ചൈനീസ് കമ്പനിയാണ് ഈ കീടനാശിനിയുടെ നിർമ്മാതാക്കൾ. ചെറിയ അളവിൽ പോലും ശരീരത്തിലെത്തിയാൽ വലിയ പ്രതികരണം നടത്തുന്നവയാണ് ഇവ. 2007ൽ യൂറോപ്യൻ യൂണിയൻ ഇത് നിരോധിച്ചു. ക്രമേണ 74 രാജ്യങ്ങളിൽ നിരോധനം നിലവിൽവന്നു. എന്നാൽ ഇന്ത്യയിലിപ്പോഴും ഉപയോഗം തകൃതിയാണ്.
രാജസ്ഥാൻ, കേരളം, തെലങ്കാന പോലെയുള്ള സംസ്ഥാനങ്ങളിൽ ഈ കീടനാശിനിക്ക് നിരോധനമുണ്ട്. ഇവ രാജ്യവ്യാപകമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നിലവിലുണ്ട്. ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗം എന്നിങ്ങനെ ഗുരുതര പ്രശ്‌നങ്ങളാണ് പാരക്വിറ്റ് ഇടയാക്കുന്നത്.
മറ്റൊരു മാരക കീടനാശിനി ഗ്‌ളൈഫോസേറ്റ് ആണ് ഇത് റൗണ്ട്അപ്പ് എന്ന പേരിൽ 1974 മുതൽ പുറത്തിറങ്ങി തുടങ്ങി. ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ വിഭാഗം ഇത് ക്യാൻസറിന് കാരണമാകുമെന്ന് 2015ൽ കണ്ടെത്തി. എന്നാൽ കമ്പനി ഈ വാദമെല്ലാം തള്ളിക്കളഞ്ഞു.
അസെഫെറ്റ് എന്ന മറ്റൊരു കീടനാശിനി കോട്ടൺ, പച്ചക്കറികൾ, പരിപ്പ് മുതലായ വർഗങ്ങളുടെ കൃഷിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ക്യാൻസർ രോഗത്തിന് സാദ്ധ്യത കുറവുള്ള ഒന്നാണ്. എന്നാൽ പ്രകൃതിക്ക് വലിയ നാശം ചെയ്യുന്നതാണ്. പ്രത്യേകിച്ച് പരാഗണം നടത്തുന്ന പ്രാണികളായ തുമ്പികൾ, വണ്ടുകൾ, ചിത്രശലഭങ്ങൾ എന്നിവയെയും ചുറ്റുമുള്ള ചെടികളെയും ഇവ നശിപ്പിക്കും. ലോകമാകെ ചെടികൾ വളരുന്നതിന് പ്രധാനകാരണമായ പരാഗജീവികളെ കൊന്നൊടുക്കുന്ന ഈ കീടനാശിനിയും ഇന്ത്യയിൽ സുലഭമാണ്.
ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വിദേശരാജ്യങ്ങൾ കണ്ടെത്തുന്ന കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുകയും ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കിയാൽ മാത്രമേ രാജ്യത്ത് ഇവമൂലമുള്ള പ്രശ്‌നങ്ങൾ കുറയൂ എന്നാണ് വിദഗ്ദ്ധ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |