
തേൻ ഇഷ്ടമാണെങ്കിലും തേനീച്ച എന്ന് കേൾക്കുമ്പോൾ പേടിയില്ലാത്തവർ വളരെ കുറവാണ്. കാരണം അതിന്റെ കുത്ത് തന്നെയാണ്. തേനീച്ച കുത്തിയാൽ ആ ഭാഗത്ത് കഠിനമായ വേദനയാണ് അനുഭവപ്പെടുന്നത്. തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചാൽ ചിലപ്പോൾ ജീവനുവരെ അപകടമാകാം. എന്നാൽ മനുഷ്യരെ കുത്തുന്നത് അവയുടെ ജീവന് തന്നെ അപകടമാണെന്ന് നിങ്ങൾക്ക് അറിയാമോ? സംഭവം സത്യമാണ്. മനുഷ്യനെ കുത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ തേനീച്ചകൾ ചാകുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
തേനീച്ചകൾ
ലോകത്ത് ഇരുപതിനായിരത്തോളം ബീ ഇനങ്ങൾ ഉണ്ടെങ്കിലും അവയിൽ നാൽപ്പത്തിമൂന്ന് സബ് സ്പീഷിസുകളുൾപ്പടെ എട്ട് തേനീച്ച സ്പീഷിസുകളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ ഇനങ്ങളിൽ കേരളത്തിൽ തേനീച്ചകൾ വെറും നാല് തരമേയുള്ളുവെന്നാണ് പറയുന്നത്. പൂക്കളിൽ നിന്നും പഴങ്ങളിൽ നിന്നുമാണ് ഇവ തേൻ ശേഖരിക്കുന്നത്. അതുപോലെതന്നെ പൂക്കൾക്കും സസ്യങ്ങൾക്കും തേനീച്ചയെ ആവശ്യമാണ്. സസ്യങ്ങളുടെ പരാഗണം നടത്തുന്നതിന് തേനീച്ചകളുടെ പങ്ക് വളരെ വലുതാണെന്ന് വിദഗ്ധർ പറയുന്നു.

മനുഷ്യനെ കുത്തിയാൽ എന്ത് സംഭവിക്കും
മനുഷ്യനെ കുത്തുന്ന എല്ലാ തേനീച്ചകളും ചാകുന്നില്ലെന്നാണ് പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലാർ, സെല്ലുലാർ, ഇന്റഗ്രേറ്റഡ് ബയോസയൻസ് ഗവേഷകൻ അലിസൺ റേ പറയുന്നത്. തേനീച്ചകൾ പൊതുവെ മനുഷ്യനെ മാത്രമല്ല മറ്റ് പ്രാണികളെയും കുത്തുന്നുണ്ട്. പ്രാണികളെ കുത്തുമ്പോൾ അവയുടെ തൊലി വളരെ നേർത്തതായതിനാൽ തേനീച്ചയ്ക്ക് പ്രശ്നങ്ങൾ ഒന്നും സംഭവിക്കുന്നില്ല.
പക്ഷേ മനുഷ്യനെ കുത്തുമ്പോൾ അവയുടെ കൊമ്പുകൾ നമ്മുടെ ശരീരത്തിൽ കുടുങ്ങിപ്പോകും. ഇത് പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ തേനീച്ചകളുടെ ആന്തരികാവയവങ്ങൾക്കുൾപ്പടെ പരിക്കേൽക്കുന്നു. ഒടുവിൽ തേനീച്ച പറന്നുപോകുമ്പോൾ അവയുടെ ആന്തരികാവയവങ്ങളും വേർപെട്ടുപോകുന്നതിനാലാണ് ചത്തുപോകുന്നത്. കുത്തിയിട്ട് തേനീച്ച പറന്നുപോയതിന് ശേഷമാകും പലപ്പോഴും വിഷം ഉള്ളിലേക്ക് എത്തുന്നത്. അതിനാൽ തേനീച്ചയുടെ കുത്ത് കിട്ടിയാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം.

എല്ലാ തേനീച്ചകളും ചാകാറുണ്ടോ?
മനുഷ്യരെ കുത്തുന്ന എല്ലാ തേനീച്ചകളും ചാകാറില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചില ഇനത്തിൽപ്പെട്ട തേനീച്ചകൾ ചർമ്മത്തിൽ കൊമ്പ് കുടുങ്ങിപ്പോകാത്ത രീതിയിൽ കുത്തുന്നു. ഇവ മരിക്കാറില്ല. ചർമ്മത്തിൽ കൊമ്പ് കുടുങ്ങിയില്ലെങ്കിൽ പൊതുവരെ അത് തേനീച്ചയെ ബാധിക്കാറില്ല.
തേനീച്ചകൾ കുത്തുന്നത് എന്തിന്
തേനീച്ചകൾ പൊതുവെ ആക്രമണകാരികളായ ജീവികളല്ല. എന്നാൽ തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് തോന്നുമ്പോഴാണ് പലപ്പോഴും ഇവ മനുഷ്യനെ ആക്രമിക്കുന്നത്. തങ്ങളുടെ കോളനിയെയും റാണിയെയും സംരക്ഷിക്കാനും തേനീച്ചകൾ ആക്രമണം നടത്താറുണ്ട്.

തേനീച്ചയില്ലാതെ മനുഷ്യരാശിയില്ല
തേനീച്ചകൾ മനുഷ്യന് ദോഷമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ തേനീച്ചകൾ നശിച്ചാൽ അത് മനുഷ്യരാശിക്ക് തന്നെ ദോഷമാണെന്ന് ആരും തിരിച്ചറിയുന്നില്ല. മനുഷ്യരാശിയെ അന്നമൂട്ടുന്ന കൃഷിയുടെ മുക്കാൽ ഭാഗവും തേനീച്ചകളെ ആശ്രയിച്ചാണ് നടക്കുന്നത്. തേനീച്ചകളുൾപ്പടെയുള്ള ജീവികളുടെ സഹായത്താലാണ് ഒട്ടേറെ കാർഷികവിളകളിൽ പരാഗണവും പ്രത്യുൽപാദനവും നടക്കുന്നത്.

പരാഗണം നടന്നില്ലെങ്കിൽ ചെടികളുടെ വംശവർധന ഇല്ലാതാകും. ആരോഗ്യപൂർണമായ ആവാസവ്യവസ്ഥയുടെ അടിസ്ഥാനം തേനീച്ചകൾ ആണെന്ന് മനസിലാക്കുക. മാനവവംശത്തിന്റെ ഭക്ഷണത്തിന്റെ മൂന്നിലൊന്നും നൽകുന്നത് തേനീച്ചകളാണെന്ന് തന്നെ പറയാം. അതിനാലാണ് തേനീച്ചകൾക്ക് വംശനാശം സംഭവിച്ചാൽ ലോകത്തിലെ എല്ലാ ജീവികളെയും അത് ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നത്. തേനീച്ചകളുടെ വംശനാശം തടയാൻ യുകെ പോലുള്ള രാജ്യങ്ങളിൽ തേനീച്ചകളെ സംരക്ഷിക്കുവാൻ സംഘടനകൾ വരെ ഉണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തേനീച്ചയുടെ എണ്ണത്തിൽ വലിയ കുറവാണ് സംഭവിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |