ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടെറ്റൻസ് 8 വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് 158 റൺസാണ്. മറുപടിക്കിറങ്ങിയ ഗുജറാത്ത് 16.4 ഓവറിൽ 2 വിക്കററ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (162/2).
46 പന്തിൽ 7 സിക്സും 4 ഫോറും ഉൾപ്പെടെ 87 റൺസ് നേടിയ ഓപ്പണർ സായ് സുദർശനാണ് ഗുജറാത്തിന്റെ ചേസിംഗ് അനായാസമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ സായ് സെഞ്ച്വറി അടിച്ചെങ്കിലും ടീം തോറ്റിരുന്നു. എന്നാൽ ഇത്തവണ വിജയമുറപ്പാക്കിയ ശേഷമായിരുന്നു താരം ക്രീസ് വിട്ടത്. ചെന്നൈ ഉയർത്തിയ അത്ര വലുതല്ലാത്ത വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിനായി കരുതലോടെ തുടങ്ങിയ സായ്‌യും ക്യാപ്‌ടൻ ശുഭ്‌മാൻ ഗില്ലും (23 പന്തിൽ 33) അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി വിജയത്തിലേക്ക് അടിത്തറയിട്ടു. 6.3 ഓവറിൽ ഇരുവരും 58 റൺസിന്റഎ കൂട്ടുകെട്ടുണ്ടാക്കി. ഗില്ലിനെ നൂർ അഹമ്മദ് മടക്കിയ ശേഷം ക്രീസിൽ എത്തിയ ജോസ് ബട്ട്‌ലർ (പുറത്താകാതെ 30 പന്തിൽ 39) സായ്‌ക്കൊപ്പം വേഗത്തിൽ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും രണ്ടാം വിക്കറ്റിൽ 60 പന്തിൽ 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിജയത്തിനരികെ സായ്‌യെ ടീം സ്കോർ 155ൽ വച്ച് അകേൽ ഹുസൈൻ മടക്കിയെങ്കിലും ആ ഓവറിൽ തന്നെ സിക്സടിച്ച് ജോസ് ഗുജറാത്തിനെ വിജയ തീരത്തെത്തിച്ചു. വാഷിംഗ്ടൺ സുനമ്ദർ 1 റൺസുമായി പുറത്താകാതെ നിന്നു.
റബാഡയാണ് താരം
4 ഓവറിൽ 25 റൺസ് നൽകി 3 വിക്കറ്റ് വീഴ്‌ത്തിയ കഗിസൊ റബാഡയുടെ നേതൃത്വത്തിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർ വമ്പൻ സ്കോറിലേക്ക് പോകാതെ ചെന്നൈയെ മെരുക്കി. റബാഡയാണ് കളിയിലെ താരം.
അർഷദ് ഖാൻ രണ്ടും സിറാജും മാനവ് സുതറും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഒരു ഘട്ടത്തിൽ 100 പോലും അപ്രാപ്യമാകുമെന്ന് കരുതിയ ചെന്നൈയെ 150 കടത്തിയത്,സൂഷ്‌മതയോടെ ബാറ്റ് വീശിയ ക്യാപ്‌ടൻ റുതുരാജ് ഗെയ്‌ക്‌വാദായിരുന്നു (പുറത്താകാതെ 60 പന്തിൽ 74). സീസണിലെ ആദ്യ അർദ്ധ സെഞ്ച്വറി നേടിയ റുതുരാജിന്റെ ഇന്നിംഗ്സിന്റെ വേഗക്കുറവും ചർച്ചയായി. ശിവം ദുബെ (17 പന്തിൽ 22) ഭേദപ്പെട്ട പ്രകടനം നടത്തി. സഞ്ജു സാംസണ് 11 റൺസേ നേടാനായുള്ളൂ.
ഗുജറാത്ത് അഞ്ചാമതെത്തിയപ്പോൾ ചെന്നൈ ആറാമതാണ്.
നോട്ട് ദ പോയിന്റ്
5000- ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ (നേരിട്ട പന്തുകളുടെ കണക്കിൽ) 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി സഞ്ജു സാംസൺ. 3555 പന്തുകളിലാണ് സഞ്ജു 5000ത്തിലേക്കെത്തിയത്.
49- പന്തിലാണ് ചെന്നൈ നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് അർദ്ധ സെഞ്ച്വറി തികച്ചത്. സീസണിലെ ഏറ്റവും വേഗം കുറഞ്ഞ അർദ്ധ സെഞ്ച്വറിയായി ഇത്.
സായ് സുദർശന്റെയും ശുഭ്‌മാൻ ഗില്ലിന്റെയും 19-ാം അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഇന്നലത്തേത്. വെറും 40 ഇന്നിംഗ്സുകളിൽ നിന്നാണ് സായ്-ഗിൽ കൂട്ടുകെട്ട് 19-ാം ഫിഫ്റ്റ് പാർട്ട്‌ണർഷിപ്പുണ്ടാക്കിയത്. ഇതോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ജോഡിയായി ഇരുവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |