
ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 8 വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് പ്രതീക്ഷകൾനിലനിറുത്തി. ആദ്യം ബാറ്റ് മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ 18.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (160/2). ക്യാപ്‌ടന്റെ ഇന്നിംഗ്‌സുമായി കളം നിറഞ്ഞ റുതുരാജ് ഗെയ്‌ക്‌വാദാണ് (പുറത്താകാതെ 48 പന്തിൽ 67) ചെന്നൈയുടെ ചേസ് മാസ്‌റ്ററായത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ കാർത്തിക് ശർമ്മ അർദ്ധ സെഞ്ച്വറിയുമായി (പുറത്താകാതെ 40 പന്തിൽ 54) ക്യാപ്ടനൊപ്പം ചെന്നൈയുടെ വിജയത്തിൽ ബാറ്റ് കൊണ്ട് നിർണായക പങ്കുവഹിച്ചു. തകർക്കപ്പെടാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 75 പന്തിൽ 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സഞ്ജു സാംസൺ (11), ഉർവി പട്ടേൽ (12 പന്തിൽ 24) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്‌ക്ക് നഷ്‌ടമായത്.
നേരത്തേ ടോസ് നേടി ആദ്യംബാറ്റ് ചെയ്ത മുംബയ്യെ കൃത്യതയോടെ പന്തെറിഞ്ഞ ചെന്നൈ ബൗളർമാർ വലിയ സ്കോറിലേക്ക് പോകാതെ പിടിച്ചുകെട്ടുകയായിരുന്നു.37 പന്തിൽ 57 റൺസെടുത്ത നമൻ ധിറാണ് മുംബയ്‌യുടെ ടോപ് സ്കോറർ. റയാൻ റിക്കൽറ്റൺ (24 പന്തിൽ 37), സൂര്യകുമാർ യാദവ് (21) എന്നിവരും തിളങ്ങി. ടീം സ്കോർ 1ൽ എത്തിയപ്പോൾ തന്നെ മുംബയ്ക്ക് ഓപ്പണർ റോളിലെത്തിയ വിൽ ജാക്ക്സിനെ നഷ്ടമായിരുന്നു. അൻഷുൽ കാംബോളിന്റെ പന്തിൽ അരങ്ങേറ്റക്കാരൻ രാമകൃഷ്ണ ഘോഷാണ് മനോഹരമായ ക്യാച്ചിലൂടെ ജാക്ക്സിനെ പുറത്താക്കിയത്. കാംബോജ് മൂന്നും നൂർ അഹമ്മദ് രണ്ടും രാമകൃഷ്ണ ഘോഷും ഓവർട്ടണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഈ സീസണിൽ മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ചെന്നൈ മുംബയ്‌ക്കെതിരെ വൻ വിജയങ്ങളാണ് സ്വന്തമാക്കായിത്. മുംബയ്‌യിൽ നടന്ന മത്സരത്തിൽ 103 റൺസിനായിരുന്നു മുംബയ്‌യുടെ ജയം.
9 മത്സരങ്ങളിൽ നിന്ന് 4-ാം ജയത്തോടെ 8 പോയിന്റായ ചെന്നൈ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് കയറി.
9 മത്സരങ്ങളിൽ 7 മത്തെ തോൽവി വഴങ്ങിയ മുംബയ് 4 പോയിന്റുമായി 9-ാമതാണ്.
സൂര്യവംശിയുടെ വിക്കറ്റ്
വന്യമായി ആഘോഷിച്ച
ജാമീസണ് താക്കീത്
ജയ്പൂർ: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം രാജസ്ഥാന്റെ കൗമാരവിസ്മയം വൈഭവ് സൂര്യവംശിയുടെ വിക്കറ്റെടുത്തതിന് പിന്നാലെ നടത്തിയ ആഘോഷ പ്രകടനത്തിന് ഡൽഹി ക്യാപിറ്റൽസിന്റെ പേസർ കെയ്ൽ ജാമീസണെതിരെ നടപടി. സംഭവത്തിൽ ജാമീസണ് താക്കീത് നൽകിയ ഐ.പി.എൽ ഗവേണിംഗ് ബോഡി താരത്തിന് ഒരു ഡി മെറിറ്റ് പോയിന്റും ചുമത്തി.
എന്നാൽ താൻ ഭയത്തോടെയാണ് വൈഭവിനെ നേരിട്ടതെന്നും വിക്കറ്റു കിട്ടിയപ്പോൾ മതിമറന്നു പോയെന്നും ജാമീസൺ പറഞ്ഞു. ‘ഒരു 15 വയസുകാരൻ കുട്ടിയെ ഞാന്‍ ജീവിതത്തിൽ ഇത്രയും ഭയപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. വൈഭവിനു വേണ്ടി ഞങ്ങൾക്കു പ്രത്യേക പ്ലാനുകൾ ഉണ്ടായിരുന്നു. അതു കൃത്യമായി നടപ്പാക്കാനായതിൽ സന്തോഷമുണ്ട്.- ജാമീസൺ വ്യക്തമാക്കി.
മത്സരത്തിൽ ഡൽഹി 7 വിക്കറ്റിന്റെ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 225 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 19.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (226/3)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |