SignIn
Kerala Kaumudi Online
Sunday, 07 June 2026 1.40 AM IST

മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിന് കേജ്‌രിവാളിന് 25,000 പിഴ

modi-and-kejriwal

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ചോദിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 25,000 രൂപ പിഴ വിധിച്ച് ഗുജറാത്ത് ഹൈക്കോടതി. വിവരം കൈമാറാൻ ഗുജറാത്ത് സർവകലാശാലയ്‌ക്ക് കേന്ദ്ര വിവരാവകാശ കമ്മിഷൻ നൽകിയ നിർദ്ദേശം കോടതി റദ്ദാക്കി. ആവശ്യമില്ലാത്ത വിവരമാണ് ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ബിരേൻ വൈഷ്‌ണവ് നിരീക്ഷിച്ചു. നോട്ടീസ് പോലും നൽകാതെയാണ് കമ്മിഷന്റെ നിർദ്ദേശമുണ്ടായതെന്ന് കണ്ടെത്തിയ കോടതി, വിധി സ്റ്രേ ചെയ്യണമെന്ന കേജ്‌രിവാളിന്റെ ആവശ്യം തള്ളി. പിഴത്തുക നാലാഴ്‌ചയ്‌ക്കകം സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടിയിൽ കെട്ടിവയ്‌ക്കണം. 2016ലാണ് വിവരങ്ങൾ കേജ്‌രിവാളിന് കൈമാറാൻ വിവരാവകാശ കമ്മിഷന്റെ നിർദ്ദേശമുണ്ടായത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ നിറയുന്നതിനിടെയാണ് വിധിയെന്നതും ശ്രദ്ധേയമാണ്.

 വിവാദത്തിന്റെ തുടക്കം

ഡോ. ശ്രീധർ ആചാര്യലു കേന്ദ്ര വിവരാവകാശ കമ്മിഷണറായിരിക്കുമ്പോഴാണ് വിവാദങ്ങൾക്ക് തുടക്കം. കേജ്‌രിവാളിന്റെ തിരിച്ചറിയൽ കാർഡിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ വന്നതോടെ വിവരങ്ങൾ കൈമാറാമെന്നും വിദ്യാഭ്യാസ വിവരങ്ങൾ പ്രധാനമന്ത്രിയിൽ നിന്ന് തേടണമെന്നും കേജ്‌രിവാൾ മറുപടി നൽകി. ഇതുപ്രകാരം

കമ്മിഷൻ ഡൽഹി, ഗുജറാത്ത് സർവകലാശാലകളിൽ നിന്നെടുത്ത ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങൾ നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വിവരാവകാശ ഓഫീസറോട് നിർദ്ദേശിക്കുകയായിരുന്നു. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പകർപ്പ് കേജ്‌രിവാളിന് നൽകാൻ സർവകലാശാലയോടും നിർദ്ദേശിച്ചു. ഇതിനെതിരെ സർവകലാശാല ഹൈക്കോടതിയെ സമീപിച്ചിക്കുകയായിരുന്നു.

 സർവകലാശാലയുടെ വാദങ്ങൾ

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും എതിരാളികൾക്കെതിരെ പ്രയോഗിക്കുകയാണെന്നും സർവകലാശാലയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത പറഞ്ഞു. സർവകലാശാലയുടെ വിശ്വസ്‌തതയുമായി ബന്ധപ്പെട്ട വിഷയമാണ്. വിശാലമായ പൊതു താത്പര്യം ബോദ്ധ്യപ്പെടാതെ വെളിപ്പെടുത്താനാകില്ല.

കേജ്‌രിവാളിന്റെ വാദങ്ങൾ ബാലിശമാണ്. ആകാംക്ഷയെ പൊതുതാത്പര്യമെന്ന് കണക്കാക്കാൻ പറ്റില്ല. സർട്ടിഫിക്കറ്റ് പൊതുമദ്ധ്യത്തിൽ വന്നതാണ്. ഒളിച്ചു വയ്ക്കേണ്ടതില്ല. പൊതുകാര്യമല്ലാത്ത വിവരങ്ങൾ പുറത്തുവിടണമെന്ന് നിർബന്ധിക്കാനാവുമോ. പ്രഭാത ഭക്ഷണം കഴിച്ചതെന്തെന്നത് പൊതുകാര്യമല്ല. അതിന് വേണ്ടി ചെലവാക്കുന്ന തുകയെക്കുറിച്ച് ചോദിക്കാം.

 ഡിഗ്രി കാണണമെന്ന് പറഞ്ഞയാൾക്ക് പിഴയിടുന്നു: അരവിന്ദ് കേജ്‌രിവാ‍ൾ

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അറിയാനുളള അവകാശം രാജ്യത്തിനില്ലേയെന്ന് കേജ്‌രിവാൾ പ്രതികരിച്ചു. സർട്ടിഫിക്കറ്റ് വെളിപ്പെടുത്തുന്നതിനെ ശക്തമായി എതിർത്തത് എന്തിനാണെന്ന ചോദിച്ച അദ്ദേഹം വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അപകടമാണെന്നും ട്വീറ്റ് ചെയ്തു.

 നുണപ്രചാരണത്തിൽ രാഹുലുമായി മത്സരം

പ്രധാനമന്ത്രിക്കെതിരെ നുണപ്രചാരണവും​ മോശം പരാമർശങ്ങളും നടത്തുന്നതിൽ കേജ്‌രിവാളും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരിക്കുന്നുവെന്ന് ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. രാഹുലിനെ പോലെ ജുഡിഷ്യറിക്കെതിരെ വൃത്തികെട്ട പരാമർശങ്ങൾ കേജ്‌രിവാൾ നടത്തില്ലെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയുണ്ടായാൽ വിദ്യാഭ്യാസമില്ലാത്തവരായി കണക്കാക്കുമെന്നും പറഞ്ഞു. കേജ്‌രിവാൾ നുണപ്രചാരണം നടത്തുന്നെന്ന് ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യയും പ്രതികരിച്ചു.

 ഡൽഹി ഹൈക്കോടതിയിലും ഹർജി

പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലും ഹർജിയുണ്ട്. 1978ൽ പാസായവരുടെ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകിയ വിവരാവകാശ കമ്മിഷന്റെ നടപടിയെ ഡൽഹി സർവകലാശാലയാണ് ചോദ്യം ചെയ്‌തത്. 2017ൽ ഹർജി പരിഗണിച്ച ആദ്യ ദിവസം തന്നെ കമ്മിഷന്റെ നിർദ്ദേശം സ്റ്രേ ചെയ്‌തിരുന്നു. മേയ് മൂന്നിന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ARVIND KEJRIWAL GUJARAT HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360