SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.18 PM IST

"നടക്കുന്നത് ഏറ്റവും മാതൃകാപരമായ രക്ഷാപ്രവർത്തനങ്ങൾ; ദുരന്തം വരുമ്പോൾ കേരളസമൂഹം വേറൊരു ലെവലിലേക്ക് മാറുന്നു"

Increase Font Size Decrease Font Size Print Page
wayanad-landslide

മാതൃകയാകുന്ന രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്ന് ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി. ആർമി മുതൽ സന്നദ്ധപ്രവർത്തകർ വരെ രംഗത്തുണ്ടെന്നും എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഒരു ദുരന്തം വരുമ്പോൾ കേരളസമൂഹം തീർച്ചയായും വേറൊരു ലെവലിലേക്ക് മാറുമെന്നും കുറിപ്പിൽ പറയുന്നു. മുൻകൂട്ടി പ്രവചിക്കാനും ഒഴിവാക്കാനും ഒക്കെ ഏറെ വെല്ലുവിളികൾ ഉള്ള ദുരന്തമാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്കെയെന്നും അദ്ദേഹം കുറിച്ചു. അതോടൊപ്പം തന്നെ രക്ഷാപ്രവർത്തനം സുരക്ഷിതമായി നടക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വയനാട്: മാതൃകയാകുന്ന രക്ഷാ പ്രവർത്തനം

നടുക്കുന്ന കാഴ്ചകൾ ആണ് വയനാട്ടിൽ നിന്നും വരുന്നത്.

പാതി രാത്രിയിൽ, പേരും മഴയിൽ ഉരുൾപൊട്ടലിൽ പെട്ടവരുടെ, അതിൽ നിന്നും രക്ഷപെട്ടവരുടെ ഒക്കെ ഭീതി ചിന്തിക്കാവുന്നതിൽ നിന്നും അപ്പുറമാണ്.

ഏറ്റവും മാതൃകാപരമായ രക്ഷാപ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. ആർമി മുതൽ സന്നദ്ധപ്രവർത്തകർ വരെ എല്ലാവരും രംഗത്ത് ഉണ്ട്, ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. മറ്റുള്ളവർ അവരെ പിന്തുണക്കുന്നു. ദുരന്തത്തിൽ നിന്നും രക്ഷപെട്ടവർക്ക് എത്തിക്കാനുള്ള വസ്തുവകകളുടെ കളക്ഷൻ ഒക്കെ ദൂരദേശങ്ങളിൽ നടക്കുന്നു. ഒരു ദുരന്തം വരുമ്പോൾ കേരളസമൂഹം തീർച്ചയായും വേറൊരു ലെവലിലേക്ക് മാറുന്നു.

ഇതുവരെയെങ്കിലും മാദ്ധ്യമങ്ങൾ ദുരന്തത്തിന്റെ വ്യാപ്തിയിലും രക്ഷാപ്രവർത്തനത്തിന് രീതിയിലും ഒക്കെയാണ് ഫോക്കസ് ചെയ്യുന്നത്. ഏറെ നല്ല കാര്യം.

മുൻകൂട്ടി പ്രവചിക്കാനും ഒഴിവാക്കാനും ഒക്കെ ഏറെ വെല്ലുവിളികൾ ഉള്ള ഒരു ദുരന്തമാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഒക്കെ. രക്ഷാപ്രവർത്തനവും അതുപോലെ തന്നെ. ഏറെ ആളുകളുടെ മൃതശരീരം പോലും കണ്ടെടുക്കാൻ പറ്റാതെ വരും. കൃത്യമായി കണക്കില്ലാത്ത മറുനാടൻ തൊഴിലാളികൾ ഉള്ള പ്രദേശം ആയത് കൊണ്ട്, ഇതൊക്കെ പിന്നെയും സങ്കീർണ്ണമാകും. ഇതിന് സാങ്കേതികവും സാമൂഹ്യവുമായ കാരണങ്ങൾ ഉണ്ട്.

ഈ ദുരന്തത്തിൽ ഏറ്റവും ദുഃഖം രേഖപ്പെടുത്തുന്നു. രക്ഷാപ്രവർത്തനം സുരക്ഷിതമായി നടക്കട്ടെ എന്നാശംസിക്കുന്നു. അപകടത്തിൽ നിന്നും രക്ഷപെടുന്നവരുടെ ദുഖവും നടുക്കവും നമുക്ക് പരിഹരിക്കാൻ ആകില്ലെങ്കിലും പ്രായോഗികമായി അവർക്ക് നൽകാവുന്ന സഹായങ്ങൾ ഒക്കെ നല്കാൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാം.

മുരളി തുമ്മാരുകുടി

TAGS: MURALEE THUMMARUKUDY, FB POST, KERALA, WAYANAD LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY