ആലപ്പുഴ: ഒരു ബോഗെയ്ൻവില്ലയിൽ (കടലാസുചെടി) ഏഴ് നിറം പൂക്കൾ. ആവശ്യക്കാർ കർണാടക മുതൽ കാനഡ വരെ. ചേർത്തല കഞ്ഞിക്കുഴി പൊന്നിട്ടുശ്ശേരിയിൽ എസ്. സിജിയും ഭാര്യ ശ്യാമയും വളർത്തിയെടുത്ത ബോഗെയ്ൻവില്ല ആരാമത്തിന്റെ ഖ്യാതി കടലും കടന്നു. ചെറു പൂന്തോട്ടം 25 സെന്റിലേക്ക് വളർന്നു. നല്ല വരുമാനവുമായി.
ബോഗെയ്ൻവില്ലകൾ കാണാൻ കൃഷി മന്ത്രി പി. പ്രസാദ് ഒരിക്കൽ വീട്ടിലെത്തിയിരുന്നു. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തുകൂടേയെന്ന മന്ത്രിയുടെ അന്നത്തെ ചോദ്യമാണ് ശ്യാമയുടെ ജീവിതം മാറ്റിമറിച്ചത്. ചേർത്തല ലീഗൽ മെട്രോളജി ഓഫീസിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ഭർത്താവ് സിജി ഒപ്പം നിന്നു. തീർത്ഥയും അർത്ഥയുമാണ് മക്കൾ.
മഹാറാണി, അഥർന, ഫ്ലെയിം റെഡ്, സക്കൂറ എന്നിങ്ങനെ നീളും ബോഗെയ്ൻവില്ലകൾ. നാല് വർഷം മുമ്പാണ് ആരോ വലിച്ചെറിഞ്ഞ ഒരു ബോഗെയ്ൻവില്ല കിട്ടിയത്. കുരുമുളക് ഗ്രാഫ്റ്റിംഗ് പരിചയമുള്ള സിജി ബോഗെയ്ൻവില്ലയിലും അത് പരീക്ഷിച്ചു. പിന്നീട് ഗ്രാഫ്റ്റിംഗ് ഹരമായി. നാടൻ ബോഗെയ്ൻവില്ലയിൽ പല നിറമുള്ള ചെടികൾ ഒട്ടിച്ചു.
വില 3,000 മുതൽ 30,000 രൂപ വരെ
ഗ്രാഫ്റ്റിംഗ് ചെടികൾക്ക് 3,000 മുതൽ 30,000 രൂപ വരെയാണ് വില. 300 രൂപ മുതൽ തൈകളും ലഭിക്കും. ഫിലിപ്പീൻസിൽ നിന്നെത്തുന്ന ഹൈബ്രിഡ് കടലാസുചെടി വാങ്ങിയും ഗ്രാഫ്റ്റ് ചെയ്യുന്നുണ്ട്. ഏഴടി ഉയരമുള്ള ബഹുവർണ ബോഗെയൻവില്ലകൾക്ക് ലക്ഷങ്ങൾ വില ലഭിക്കും. കേരളത്തിൽ കോട്ടയത്തു നിന്നാണ് ആവശ്യക്കാർ കൂടുതൽ. ഇവരുടെ യൂട്യൂബ് ചാനൽ കണ്ടും, ബോഗെയ്ൻവില്ലയുടെ അന്താരാഷ്ട്ര ഗ്രൂപ്പുകൾ വഴിയുമാണ് ആവശ്യക്കാരെത്തുന്നത്. എറണാകുളം സ്വദേശി ഇവിടെ നിന്ന് വാങ്ങിയ ബോഗെയ്ൻവില്ല കാറിൽ നിന്ന് വീണ് നശിച്ചിരുന്നു. ഇത് വീണ്ടുക്കാൻ
കുടുംബം ശ്യാമയുടെ സഹായം തേടിയിരുന്നു. അടുത്ത സീസണിൽ പൂവിടാൻ ആ ചെടിയെ ചികിത്സിക്കുകയാണ് സിജിയും ശ്യാമയും.
'പൂന്തോട്ടം കാണാനും ഫോട്ടോഷൂട്ടിനുമായി ധാരാളം പേർവരുന്നുണ്ട്. മികച്ച കളർ കോമ്പിനേഷനുകളാണ് ഒരുക്കുന്നത്. വിദേശത്ത് നിന്ന് പലരും വിളിച്ച് നാട്ടിലെ വീട്ടിലേക്ക് ചെടികൾ ബുക്ക് ചെയ്യുന്നുണ്ട്".
- ശ്യാമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |