SignIn
Kerala Kaumudi Online
Sunday, 14 June 2026 3.08 AM IST

റബർ വെട്ടിമാറ്റി കർഷകർ ഈ കൃഷിയിലേക്ക്,​ മെട്രോ നഗരങ്ങളിലും ഗൾഫിലും വൻഡിമാൻഡ്

rubber

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിലെ വിപണികളിൽ ചക്കയും ഇടിയൻ ചക്കയും താരമാകുന്നു. രുചിയേറും വിഭവങ്ങൾക്കായി ചക്ക വിദേശങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കയറ്റി അയച്ചു തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിൽ ചക്ക കിട്ടാനില്ലാത്ത അവസ്ഥയാണ്. മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ പറമ്പുകളിൽനിന്ന് മൂപ്പെത്തും മുൻപേ ചക്ക വെട്ടിയെടുത്ത് കയറ്റുമതി ചെയ്യുന്നു.

ഇടിയൻ ചക്ക പാകത്തിലുള്ളവ പറിച്ച് കാലടി, പെരുമ്പാവൂർ, ഓടക്കാലി, നെല്ലിക്കുഴി എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന തിരക്കിലാണ് വ്യാപാരികൾ. പ്രാദേശിക വിപണിയിലും മറുനാടുകളിലും ചക്കയ്ക്ക് പ്രിയമേറിയെങ്കിലും കർഷകർക്ക് അർഹമായ വില ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ പലയിടത്തും ഇപ്പോൾ ബഡ് പ്ലാവ് കൃഷി ആരംഭിച്ചിട്ടുണ്ട്. ഉയരം കുറവായതിനാൽ ഇവയുടെ സംരക്ഷണവും വിളവെടുപ്പും എളുപ്പമാണ്. എന്നാൽ, വിപണിയിൽ പ്രിയം നാടൻ ചക്കയ്ക്കാണ്. ഉയരം കൂടിയ പ്ലാവുകളിൽ കയറി ചക്ക കേടുകൂടാതെ പറിച്ചെടുക്കാൻ അതിഥിത്തൊഴിലാളികളുമായാണ് കച്ചവടക്കാരെത്തുന്നത്.

ന്യൂട്രീഷണൽ ഫുഡായും മാറ്റിയെടുക്കാം

ഒരു ഇടിയൻ ചക്കയ്ക്ക് 30 രൂപ മുതൽ 60 രൂപ വരെയാണ് വില. മൂപ്പെത്താത്ത ഇടിയൻ ചക്ക പ്രധാനമായും ഫുഡ് സപ്ലിമെന്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വിവിധ ചക്ക വിഭവങ്ങളായും ന്യൂട്രീഷണൽ ഫുഡായും ഇവ മാറ്റിയെടുക്കുന്നു. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ അടക്കമുള്ള മെട്രോ നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. സ്പൈസി ജാക്ക് റോസ്റ്റ്, ഗോൾഡൻ ജാക്ക് മിക്സ്ചർ, ജാക്ക് ബാർ, ജാക്ക് ജാഗറി സ്വീറ്റ് തുടങ്ങി വ്യത്യസ്ത വിഭവങ്ങളായാണ് ഇവ വിപണിയിലെത്തുന്നത്.

ചക്കക്കുരുവിനും ഡിമാന്റേറെ

മുമ്പ് പറമ്പുകളിൽ വീണ് ചീഞ്ഞുപോയിരുന്ന ചക്ക ഇപ്പോൾ രുചി നോക്കാൻ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ആർക്കും വേണ്ടാതിരുന്ന ചക്കക്കുരുവിന് പോലും കടകളിൽ കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ വിലയുണ്ട്. ചക്കക്കുരു ഉപയോഗിച്ചുണ്ടാക്കുന്ന ജാക്ക് സീഡ് സാലഡ്, പോട്ട് റോസ്റ്റഡ് തുടങ്ങിയ വിഭവങ്ങൾ ഉത്തരേന്ത്യയിലും ഗൾഫ് നാടുകളിലും പ്രിയങ്കരമാണ്. ചക്ക വ്യാപകമായി കയറ്റി അയക്കാൻ തുടങ്ങിയതോടെ നല്ല തേൻവരിക്കയുടെ രുചിയറിയാൻ നാട്ടിൽ ചക്ക ബാക്കിയുണ്ടാവില്ലെന്ന് കർഷക കുടുംബാംഗമായ പാറുക്കുട്ടി പറഞ്ഞു.

ഇടിയൻ ചക്കയ്ക്ക്: 30 - 60 രൂപ

ചക്കക്കുരുവിന് കിലോയ്ക്ക് 40- 60 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY