SignIn
Kerala Kaumudi Online
Saturday, 11 July 2026 9.29 AM IST

ആലപ്പുഴക്കാരുടെ വായ മൂടിക്കെട്ടി പുതിയ കളക്‌ടർ, ചുമതലയേറ്റയുടൻ ശ്രീറാം വെങ്കിട്ടരാമന്റെ നടപടി ഐ എ സ് അഹന്തയോ?

collector

ആലപ്പുഴ: ഡിജിറ്റൽ ഇന്ത്യയെന്നും നൂതന സാങ്കേതിക വിദ്യകളുടെ പുത്തൻ കാലമാണിതെന്നും ഭരണകൂടങ്ങൾ അവകാശപ്പെടുന്നത് പതിവ് കാഴ്‌ചയാണ്. ഭരണനിർവഹണത്തിലുൾപ്പടെ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് സാധിച്ചിട്ടുമുണ്ട്. പണ്ട് കാലത്ത് പരാതികൾ നേരിട്ടെത്തി അധികാരികളോട് അറിയിക്കുകയും പരിഹാരത്തിനായി കാത്തുനിൽക്കുകയും ചെയ്‌ത അവസ്ഥ ഇന്ന് ഒരുപാട് മാറുകയും ചെയ്‌തു.

ജനങ്ങളുടെ പരാതികൾ അധികാരികൾ സമൂഹമാദ്ധ്യമങ്ങളുലൂടെ കേൾക്കുകയും പരാതിക്ക് പരിഹാരം കാണുകയും ചെയ്‌ത നിരവധി സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ട്. കളക്‌ടർമാരോടും മന്ത്രിമാരോടും എം.എൽ.എമാരോടുമൊക്കെ പറയാനുള്ളത് ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങളിലെ കമന്റ് ബോക്‌സിലൂടെ ജനങ്ങൾ അറിയിക്കുന്നത് പതിവാണ്.

collector

ഭൂരിഭാഗം ജനസേവകരും ജനങ്ങളെ കേൾക്കുമ്പോൾ പതിവിന് വിപരീതമായി ഇതൊഴിവാക്കുകയാണ് ആലപ്പുഴ ജില്ലാ കളക്‌ടർ ശ്രീറാം വെങ്കിട്ടരാമൻ. മറ്റുള്ള ജില്ലാ കളക്‌ടർമാർ ഉൾപ്പടെയുള്ളവ‌ർ ജനങ്ങൾ പറയുന്നത് ശ്രദ്ധിക്കുമ്പോൾ ഇവരുടെയൊക്കെ വായ മൂടി കെട്ടുകയാണ് ശ്രീറാം. ആലപ്പുഴ ജില്ലാ കളക്‌ടറുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്‌സ് ഓഫ് ചെയതുകൊണ്ടാണ് ശ്രീറാമിന്റെ പ്രതിരോധം.

മുൻ കളക്‌ടർമാർ ചുമതലയിലിരുന്നപ്പോൾ ഇതേ പേജിലൂടെ ജനങ്ങൾ ആശയവിനിമയം നടത്തിയിരുന്നെങ്കിൽ ഇപ്പോഴത് സാദ്ധ്യമല്ല. കമന്റ് ബോക്‌സ് ഓഫ് ചെയ്‌ത് വയ്ക്കാൻ ഇത് ശ്രീറാം വെങ്കിട്ടരാമന്റെ പേഴ്‌സണൽ അക്കൗണ്ട് അല്ല എന്ന് മനസിലാക്കേണ്ടതായിരുന്നു. ജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ കളക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിക്കുന്ന എളുപ്പവഴിയാണ് പുതുതായി ചുമതലയേറ്റ ശ്രീറാം തടഞ്ഞിരിക്കുന്നത്.

വരും ദിവസങ്ങളിൽ ജനാധിപത്യവിരുദ്ധമായ ഈ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരാൻ സാദ്ധ്യത ഏറെയാണ്. ജനങ്ങളുടെ അംഗീകാരങ്ങൾക്ക് പുറമെ വിമർശനങ്ങളും അധികാരികൾ കേൾക്കണമെന്നത് ശ്രീറാം വെങ്കിട്ടരാമൻ മറന്നെങ്കിൽ അത് ഒന്ന് ഓർമിക്കുന്നതും ഉചിതമായിരിക്കും.

collector

മാദ്ധ്യമപ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ വിചാരണ നേരിടുന്നതിനിടെയാണ് ആലപ്പുഴ ജില്ലാ കളക്‌ടറായി ചുമതലയേൽക്കുന്നത്. നിലവിലെ കളക്‌ടറും ഭാര്യയുമായ രേണു രാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റെടുത്തത്.

ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്‌ടറായിരുന്ന വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്‌ടറായി നിയമിച്ച സർക്കാർ നടപടിയ്‌ക്കെതിരെ എതിർപ്പുമായി കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ആലപ്പുഴയിൽ നിന്ന് എറണാകുളം കളക്‌ടറായാണ് രേണു രാജിന് മാറ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, DISTRICT COLLECTOR ALAPPUZHA, SREERAM, SREERAM VENKITTARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA