
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം പരാതിരഹിതമാക്കുന്നതിന് ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയിലൂന്നിയുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. എല്ലാ മേഖലയിലും ഡിജിറ്റൽ ഇടപാടുകൾ കൊണ്ടുവരും. മുൻവർഷങ്ങളിലെ പരാതികൾ ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബോർഡ് യോഗത്തിനുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് വ്യക്തികളുടെ സ്‌പോൺസർഷിപ്പ് സ്വീകരിക്കേണ്ടതില്ലെന്നാണ് നിലപാട്. സി.എസ്.ആർ ഫണ്ട് പോലുള്ളവ മാത്രമായിരിക്കും സ്വീകരിക്കുക.
690 മുറികളിൽ 550 മുറികളും ഭക്തർക്ക് ഓൺലൈൻ ബുക്കിംഗിനായി അനുവദിക്കും. ശുചിത്വ പരിപാലന ചുമതല പുറത്തുള്ള ഏജൻസികൾക്ക് നൽകും. 60 മുറികളുള്ള പുതിയ ഗസ്റ്റ് ഹൗസ് നിർമ്മിക്കുന്നതിന് അനുമതി നൽകി. പരാതികൾ പരിഹരിക്കുന്നതിന് നവംബർ ഒന്നുമുതൽ ജനുവരി 31വരെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും. സിവിൽ, ഇലക്ട്രിക്കൽ ജോലികൾ ഓഡിറ്റ് ചെയ്യാൻ ടെക്‌നിക്കൽ ടീമിനെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് 450 എ.ഐ ക്യാമറകൾ ഉപയോഗിക്കും. സന്നിധാനത്ത് ദേവസ്വം ബോർഡ് നേരിട്ട് ഭസ്മതീർത്ഥം നിർമ്മിക്കും. നിലവിലുള്ളത് വാസ്തുപരമായ രീതിയിലല്ല.
ഒരു ദിവസം
അഞ്ച് പടിപൂജ
പടിപൂജ ബുക്കിംഗ് നിലവിൽ 2048 വരെയുണ്ട്. ഒരുദിവസം അഞ്ച് പടിപൂജ അനുവദിക്കുവാൻ തീരുമാനം
കഴിഞ്ഞ വർഷം തീർത്ഥാടനകാലയളവിൽ മരിച്ചവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകും. എൽ.ഐ.സിയുമായി ബന്ധപ്പെട്ട് ഇൻഷ്വറൻസിന് ശ്രമിക്കുന്നു. മാലിന്യങ്ങൾ ഗ്രീൻ കേരള കമ്പനിവഴി നീക്കും.
അയ്യപ്പന് പബ്ലിസിറ്റി
ആവശ്യമില്ല
അയ്യപ്പ സംഗമം ഇനിയില്ല. അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല. നെഗറ്റീവ് വാർത്തകളിൽ ശബരിമല ഇടം പിടിക്കരുതെന്ന നിർബന്ധമുണ്ട്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഊരാളുങ്കലിന് കൊടുക്കാനുള്ള തുക ബോർഡിന്റെ ഫണ്ടിൽനിന്ന് നൽകില്ല. സ്പോൺസർഷിപ്പ് തുകയിൽ നിന്ന് നൽകാം. എന്നാൽ പരിപാടി കഴിഞ്ഞതിനാൽ ഇനി തുകപിരിക്കാൻ പരിമിതിയുണ്ടെന്നും ജയകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |