SignIn
Kerala Kaumudi Online
Thursday, 30 April 2026 6.22 PM IST

കൊവി‌ഡ്: കിം ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്ന് സഹോദരി

Increase Font Size Decrease Font Size Print Page
kim

പ്യോങ്യാങ്: കൊവിഡിനെ തുരത്തിയെന്ന് അവകാശപ്പെടുന്ന ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് സഹോദരി കിം യോ ജോങ് വെളിപ്പെടുത്തി. രാജ്യത്ത് കൊവിഡ് പരത്തിയത് ദക്ഷിണകൊറിയയാണെന്ന വാദവും അവർ ആവർത്തിച്ചു.

ആരോഗ്യനില ഗുരുതരവസ്ഥയിലായിരിക്കുമ്പോൾ പോലും,

സ്വന്തം ജനങ്ങളെക്കുറിച്ചുള്ള ആശങ്ക മൂലം കിം അസ്വസ്ഥനായിരുന്നുവെന്നും കിമ്മിന്റെ ഈ കരുതൽ മൂലമാണ് രാജ്യം കൊവിഡിനെതിരെ വിജയം നേടിയെന്നും അവർ അവകാശപ്പെട്ടു. എന്നാൽ എന്നുമുതലാണ് കിം രോഗബാധിതനായത് എന്ന കാര്യം ജോങ് വ്യക്തമാക്കിയില്ല.

ഉത്തരകൊറിയ കൊവിഡ് മുക്തമായെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തലസ്ഥാനമായ പ്യോങ്യാങിൽ ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കിം യോ ജോങ്. സാധാരണ കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾ ഉത്തരകൊറിയ പുറത്തുവിടാറില്ല. കടുത്ത പനിയായിരുന്നു കിമ്മിന് അനുഭവപ്പെട്ടതെന്നാണ് വിവരം.

ദക്ഷിണ കൊറിയയിൽ നിന്ന് അയച്ച വസ്തുക്കൾ വഴിയാണ് ഉത്തരകൊറിയയിൽ കൊവിഡ് വൈറസ് എത്തിയതെന്ന വാദവും കിം യോ ജോങ് ആവർത്തിച്ചു.

കിം ജോങ് ഉന്നിനെ വിമർശിക്കുന്ന ലക്ഷക്കണക്കിന് ലഘുലേഖകൾ വിതരണം ചെയ്യുന്നതിനായി ദക്ഷിണ കൊറിയൻ ഗ്രൂപ്പുകൾ വർഷങ്ങളായി അതിർത്തിയിൽ ബലൂണുകൾ പറത്തുകയാണ്. ഇത്തരം പ്രവൃത്തികൾ തുടരുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യോങ് മുന്നറിയിപ്പ് നൽകി.

കൊവിഡ് കുതിച്ചുയരുമ്പോഴും രാജ്യത്തിനു പുറത്തുനിന്ന് വാക്സിൻ ഡോസുകൾ സ്വീകരിക്കാൻ ഉത്തരകൊറിയ മടിച്ചിരുന്നു. കൊവിഡിന്റെ തുടക്കത്തിൽ ഉത്തരകൊറിയയിൽ നിന്ന് രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കൊവിഡ് പരിശോധന നടത്താത്തതാണ് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസം 17 ദിവസത്തോളം കിം ജോങ് ഉൻ മാദ്ധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ഇതോടെ കിം ഗുരുതരാവസ്ഥയിലാണെന്നും ശസ്ത്രക്രിയക്കിടെ കിം മരിച്ചുവെന്നും അടക്കമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചു. അമിത ഭാരവും പുകവലിക്കാരനുമായ കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കിമ്മിന്റെ കുടുംബത്തിന് ഹൃ​ദ്രോഗ പാരമ്പര്യവുമുണ്ട്. എന്നാൽ രാജ്യത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ കിം പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങൾ കെട്ടടങ്ങി.

TAGS: NEWS 360, NATIONAL, NATIONAL NEWS, KIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ