SignIn
Kerala Kaumudi Online
Saturday, 25 July 2026 10.00 PM IST

'ജീവിതവും കരിയറുമെല്ലാം പണയത്തിലാണ്, കൈകൂപ്പി കരഞ്ഞ്  ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്'  'രോമാഞ്ചം' സിനിമ  നിർമ്മാതാവ്

johnpaul-george

'ആദരാഞ്ജലി നേരട്ടേ' എന്ന ഗാനത്തിലൂടെ റിലീസിന് മുൻപ് തന്നെ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് 'രോമാഞ്ചം'. നവാഗതനായ ജിത്തു മാധവൻ രചനയും സംവിധാനവും ചെയ്ത ചിത്രത്തിലെ നായകൻ സൗബിൻ ഷാഹിറാണ്. വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി സിനിമയുടെ നിർമ്മാതാവ് ജോൺപോൾ ജോർജ് സോഷ്യൽ മീഡിയയിൽ ഒരു കത്ത് പങ്കുവച്ചിട്ടുണ്ട്. വികാരഭരിതമായ രീതിയിലാണ് കത്ത് എഴുതിയിരിക്കുന്നത്.

ജീവിതവും കരിയറുമെല്ലാം പണയത്തിലായെന്നും ഇനി നിങ്ങൾ പ്രേക്ഷകരിൽ മാത്രമാണ് ഏക പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. 'നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞ് ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല' എന്നും അദ്ദേഹം കുറിച്ചു.

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജോൺ പോൾ. ഗപ്പി വളരെ നല്ല അഭിപ്രായം നേടിയിട്ടും തിയേറ്റിൽ പരാജയപ്പെട്ടിരുന്നു. അതിന്റെ സങ്കടവും അദ്ദേഹം കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

കത്തിന്റെ പൂർണരൂപം

രോമാഞ്ചം വെള്ളിയാഴ്‌ച തീയറ്ററിൽ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകർക്കപ്പെടുകയും ചെയ്തപ്പോൾ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങൾ പ്രേക്ഷകരിൽ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങൾക്കും അതിഷ്ടമാവില്ല.....
അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാൻ ഉപയോഗിച്ചാൽ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.
ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.
പ്രതിസന്ധികളിലൂടെയും കുറ്റപ്പെടുത്തലുകളിലൂടെയും കടന്നുപോയപ്പോൾ ഒപ്പം നിന്ന ഗിരീഷിനും, ജോബി ചേട്ടനും, സമീറിക്കക്കും,അസ്സീമിക്കക്കും, ഷാജി സാറിനും, പ്രീയപ്പെട്ട സുഹൃത്തുക്കൾക്കും പ്രാർത്ഥനയോടെ കൂടെ നിന്നവർക്കും നന്ദി പറയുന്നു.
രോമാഞ്ചത്തിന്റെ പ്രമോഷനും, ട്രെയിലറും, പാട്ടുകളും നിങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തുവെന്നറിയാം. വഴിയിൽ ഹോർഡിംഗ്സുകൾ കുറവാണെന്നറിയാം നേരത്തെ റിലീസ് ചെയ്യാനിരുന്നപ്പോൾ അതെല്ലാമുണ്ടായിരുന്നു. ഇനിയും വെച്ചാൽ വീണ്ടും വലിയ നഷ്ടമുണ്ടാകും, നിങ്ങൾക്ക് അത് മനസ്സിലാകും.
കേരളത്തിലെ ഏറ്റവും മികച്ച തീയറ്ററുകളിലാണ് രോമാഞ്ചം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശിപ്പിക്കുന്നത്, ധൈര്യമായി കാണാം ഈ സിനിമ, അതെന്റെ ഉറപ്പാണ്. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും കാണാൻ പറയണം, ഒരു പുതുതലമുറയുടെ പ്രതീക്ഷയാണ് നിരാശപ്പെടുത്തില്ല.
ചിരിക്കാൻ, സന്തോഷിക്കാൻ ഒരു നല്ല തീയറ്റർ അനുഭവത്തിനായ് നമുക്ക് കാത്തിരിക്കാം, ഫെബ്രുവരി -3. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ യാത്രയിൽ ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കണം, ഒപ്പം നിക്കണം, ശരിക്കും കച്ചിത്തുരുമ്പാണ്. രോമാഞ്ചത്തിന്റെ ഓട്ടം ഞാൻ പൂർത്തിയാക്കി. ഇനി ഒരു സിനിമ ചെയ്യാൻ ഞാൻ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ.....
പ്രതീക്ഷയോടെ,ജോൺപോൾ ജോർജ്

A post shared by Johnpaul George (@johnpaulwrites_)

ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന 'രോമാഞ്ചം' എന്ന ചിത്രം പറയുന്നത് 2007ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ്. ഓജോ ബോർഡിന് മുനിനൽ ഇരുന്ന് ആത്മാവിനെ ക്ഷണിക്കുന്ന ദൃശ്യങ്ങൾ ചിത്രത്തിന്റെ ട്രെയിലറിൽ കാണാൻ കഴിയുന്നു. അർജുൻ അശോകൻ, ചെമ്പൻ വിനോദ്, സജിൻ ഗോപു, എബിൻ ബിനോ, ജഗദീഷ്, അനന്തരാമൻ, സിജു സണ്ണി, അസിം ജമാൽ, ശ്രീജിത് നായർ എന്നിവരും ചിത്രത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROMANCHAM, JOHNPAUL GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY