SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

വഴി മുടങ്ങി, വഴിയോര കച്ചവടം

s

അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷങ്ങൾ തമ്മിലുള്ള തർക്കമാണ് കണ്ണൂർ കോർപ്പറേഷനിൽ നിലനിൽക്കുന്നത്. ഇന്നലെ നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലെയും പ്രധാന ചർച്ചാവിഷയമായത് അനധികൃത തട്ടുകടകളും വഴിയോര കച്ചവടങ്ങളും ഒഴുപ്പിക്കുന്നതാണ്. കോർപ്പറേഷൻ തെരുവുകച്ചവടക്കാരോട് മനുഷ്യത്വപരമായ നടപടിയെടുക്കണമെന്നാണ് എൽ.ഡി.എഫ് അംഗങ്ങളുടെ അഭിപ്രായം.

വർഷങ്ങളായി തെരുവുകച്ചവടം നടത്തുന്നവർ പെട്ടെന്ന് ഒരു ദിവസം എങ്ങോട്ട് പോകുമെന്നാണ് ചോദ്യം. എന്നാൽ,നേരത്തെ കോർപ്പറേഷൻ ഐക്യഖണ്ഡേന എടുത്ത തീരുമാനത്തിനോട് ഇപ്പോൾ വിയോജിക്കുന്നത് ശരിയായ നിലപാടല്ലെന്ന് മേയർ അഡ്വ.പി. ഇന്ദിര ചൂണ്ടിക്കാട്ടി. നഗരത്തിലെ അനധികൃതമായി തുടരുന്ന തട്ടുകടകളും മറ്റ് തെരുവുകച്ചവടങ്ങളും നീക്കുന്നതിനെതിരെ ചില ട്രേഡ് യൂണിയനുകളുടെ ഇടപെടലുകളുണ്ടെന്നാണ് ഭരണപക്ഷ അംഗങ്ങളുടെ ആക്ഷേപം.

തെരുവുകച്ചവടക്കാർക്ക് വേണ്ട മറ്റൊരു സംവിധാനം ഒരുക്കി നൽകുമെന്നും എന്നാൽ മഞ്ഞപ്പിത്തം ഉൾപ്പെടെ ജില്ലയിൽ വലിയ തോതി പിടിമുറുക്കുമ്പോൾ തെരുവോരത്ത് ഭക്ഷണം വിൽക്കുന്ന അനധികൃത കടകളെ യാതൊരു കാരണവശാലും തുടരാൻ അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തെരുവോര ഭക്ഷ്യവില്പന ശാലകൾക്കെതിരെ ദിനംപ്രതി നിരവധി പരാതികളാണ് കോർപറേഷനിലെത്തുന്നത്. ഇവർ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വെള്ളം,എണ്ണ, ഭക്ഷ്യസാധനങ്ങൾ എന്നിവയെ കുറിച്ചെല്ലാം പരാതികൾ ഉയരുന്നുണ്ട്. മഴക്കാലം കൂടിയായതോടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം ഭക്ഷ്യശാലകൾ ജനങ്ങളുടെ ജീവന് ഭീഷണിയാണ്. തെരുവോര കച്ചവടം നിയമാനുസൃതമാണെങ്കിലും ഇതിന്റെ പരിധിയിൽ അല്ലാതെ പ്രവർത്തിക്കുന്ന കടകളാണ് ഭീഷണിയുയർത്തുന്നത്.

തെരുവുക്കച്ചവടത്തിനു പിന്നിൽ വലിയൊരു മാഫിയ വിംഗ് പ്രവർത്തിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി വിനു.സി. കുഞ്ഞപ്പനും ചൂണ്ടിക്കാട്ടി. തെരുവുകച്ചവടത്തിന്റെ മറവിൽ നിരവധിയാളുകളെ വച്ച് കട്ടവടം ചെയ്യുന്ന രീതിയാണ് നടക്കുന്നത്. ഇതിന് വാടകയ്ക്ക് മേൽ,മേൽ വാടക ഈടാക്കിയാണ് കടച്ചടം. കണ്ണൂർ താഴെചൊവ്വയിൽ പ്രവർത്തിക്കുന്ന 17 കടകൾക്ക് സ്റ്റേ ഓർഡർ നൽകിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ഈ കടകളെല്ലാം തന്നെ തെരുവോര കച്ചവട പരിധിയിൽ പ്രവർത്തിക്കുന്നവയല്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇവ പ്രവർത്തിക്കുന്നത്. ഇവർ മാസം 50,000 മുതൽ 80,000 രൂപ വരെ വാടക കച്ചവടക്കാരിൽ നിന്നും ഈടാക്കുന്നുണ്ട്. കണ്ണൂർ പയ്യാമ്പലത്തും വ്യാപകമായ അനധികൃത കച്ചവടങ്ങൾ നടക്കുന്നുണ്ട്. ഇവിടെ സ്വകാര്യ വ്യക്തികൾ ബങ്കുകൾ കൊണ്ട് വച്ച് അത് കച്ചവടക്കാർക്ക് നൽകി മണിക്കൂറിന് പണം വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

കണ്ണൂർ മാർക്കറ്റിലെ വഴിയോര കച്ചവട കേന്ദ്രങ്ങൾ ഒഴിപ്പിച്ചു കൊണ്ടായിരുന്നു കോപ്പറേഷൻ നടപടിക്ക് തുടക്കമിട്ടത്. തുടർന്ന് നഗരത്തിലും നടപടി വ്യാപിപ്പിക്കുകയാണ് കോർപ്പറേഷൻ. പയ്യാമ്പലം ബീച്ച് റോഡിൽ ബങ്കുകളിലും തട്ടുകടകളിലുമായി കച്ചവടം നടത്തുന്ന മുപ്പത്തിയഞ്ചിലേറെ പേർക്ക് കോർപ്പറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകുകയുണ്ടായി. സ്വയം ഒഴിഞ്ഞുപോകാനുള്ള നിർദ്ദേശമാണ് നോട്ടീസിലൂടെ നൽകിയത്. കോർപ്പറേഷൻ നടപടിക്കെതിരെ കച്ചവടക്കാർ സംസ്ഥാന വഴിയോര കച്ചവട തർക്കപരിഹാര സെല്ലിനെ സമീപിച്ചു.

തുടർന്ന് റിട്ട. ജഡ്ജി എം.എ നിസാർ ഉൾപ്പെട്ട കമ്മിഷൻ സ്റ്റേ ഉത്തരവ് നൽകിയിരിക്കുകയാണ്. കച്ചവടക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്താനും ഉത്തരവിട്ടു. പയ്യാമ്പലത്തെ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് റോഡ് മുതൽ പള്ളിയാംമൂല വരെയാണ് ബങ്കുകളും തട്ടുകടകളും പെട്ടിക്കടകളും കൂടുതലുള്ളത്. വർഷങ്ങളായി ഇതിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുമുണ്ട്. കോർപറേഷൻ നടപടി നരവധി പേരുടെ വരുമാനത്തെ ബാധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ സ്ഥിരമായി കച്ചവടം ചെയ്യുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ ബദൽ സംവിധാനം ഒരുക്കുമെന്നാണ് കോർപ്പറേഷന്റെ മറുപടി.

മഞ്ഞപ്പിത്തം,ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങൾ പകരുന്ന സാഹചര്യത്തിൽ തട്ടുകടകൾ ഉൾപ്പെയെയുള്ളവ വൃത്തിയുള്ള സാഹചര്യത്തിൽ പ്രവർത്തിക്കണം. മറ്റ് വാഹന യാത്രക്കാരെയും നഗരത്തിലെത്തുന്നവർക്കും മാർഗതടസമുണ്ടാക്കുകയും ചെയ്യരുത്. എന്നാൽ നിയമങ്ങൾ പാലിച്ച് ലൈസൻസോടെയും വൃത്തിയോടെയും കച്ചടവം ജീവനോപാതിയാക്കിയ ആളുകളെ കോർപ്പറേഷൻ സംരക്ഷിക്കേണ്ടതുണ്ട്.

യഥാർത്ഥ കച്ചവടക്കാർ

പെരുവഴിയിലാകരുത്

ഒരു വിഭാഗം നടത്തുന്ന അനധികൃത കച്ചവടം ലൈസൻസുള്ള യഥാർത്ഥ കച്ചവടക്കാരെയും പെരുവഴിയിലാക്കുകയാണ്. ലോണെടുത്തും കടം വാങ്ങിയും കച്ചവടം ചെയ്യുന്നവരാണ് അധികവും. മഴ കനത്തതോടെ കച്ചവടത്തിൽ വലിയ ഇടിവുണ്ട്. ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും കിട്ടുന്ന കച്ചവടം കൊണ്ടാണ് പിടിച്ചുനിൽക്കുന്നത്. ഒഴിപ്പിക്കൽ ഭീഷണി വന്നതോടെ ജീവിതം വഴിമുട്ടുമോയെന്ന ഭയത്തിലാണ് പയ്യാമ്പലം ബീച്ച് റോഡിലെ കച്ചവടക്കാർ.

വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കലാണ് കോർപറേഷൻ ചെയ്യേണ്ടതെന്നാണ് പൊതുവെയുള്ള അഭിപ്രായം. അഥവാ ഒഴിപ്പിക്കുകയാണെങ്കിൽ പകരം സംവിധാനം കണ്ടെത്തി നൽകണമെന്ന സർക്കാർ ഉത്തരവുമുണ്ട്. പയ്യാമ്പലത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ പൊലീസ്,അഗ്നിശമന സേന വാഹനങ്ങൾക്ക് പെട്ടെന്നെത്താനാകുന്നില്ല. അതിന്കാരണമായ ഗതാഗത കുരുക്കുണ്ടാക്കുന്നത് ബങ്കുകളും തട്ടുകടകളുമാണ്. അപകടസമയത്താണ് ഗതാഗതക്കുരുക്ക് ശക്തമാകുന്നത്.

ഇതിന് പരിഹാരം കാണുകയെന്ന ഉദ്ദേശ്യത്തോടെയാണ് നടപടി സ്വീകരിക്കുന്നതെന്നാണ് കോർപ്പറേഷന്റെ വാദം. ഗതാഗത കുരുക്കിന്റെ യഥാർത്ഥ കാരണം വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗാണെന്നാണ് വഴിയോര കച്ചവടക്കാർ പറയുന്നത്. കണ്ണൂരിലെ നിരത്തുകളിൽ അനധികൃത പാർക്കിംഗ് തടയാൻ കോർപറേഷൻ നടപടി സ്വീകരിക്കുന്നില്ല. കച്ചവടങ്ങൾ ഒഴിപ്പക്കുന്നതുമായി ബന്ധപ്പെട്ട് പെട്ടെന്നുള്ള നടപടി കോർപറേഷൻ ഒഴിവാക്കണമെന്നുമാണ് വഴിയോര കച്ചവടക്കാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STREET SHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY